മരുഭൂമി :: ഷീലാ ലാല്‍

Views:
ഷീലാ ലാല്‍

സ്വപ്നങ്ങള്‍
കണ്ണീര്‍വറ്റിയ വിധവയായി
അകത്തളത്തില്‍ ചുരുണ്ടുകൂടുന്നു.

നഗ്നമായ കഴുത്തും
കൈത്തണ്ടകളും
വെള്ള ചേലയില്‍
പൊതിഞ്ഞു കിടക്കുന്നു

മരുഭൂമിക്കു മുകളില്‍
ഉഷ്ണക്കാറ്റായി
അതു ചുറ്റിപ്പടരുന്നു.

പറന്നുപോയ സിന്ദൂരം
അസ്തമയത്തിനു ചുവപ്പേറ്റുന്നു
മാനത്തൊരു മഴവില്ലായ്
സ്മൃതിപഥത്തില്‍ 
ശേഷിപ്പു തീര്‍ക്കുന്നു.

സ്വപ്നത്തിനും
സത്യത്തിനുമിടയില്‍
ഒരു ഹാരം
ശൂന്യതയിലാടുന്നു,
സിന്ദൂരം തൊട്ടെടുക്കാന്‍
സീമന്തരേഖ
വിരല്‍തുമ്പിലേയ്ക്കോടുന്നു.

മലര്‍ക്കെത്തുറന്നൊരു മണിയറ
മഞ്ചമില്ലാതെ കിടക്കുന്നു.
തറയിലിഴയുന്ന സര്‍പ്പങ്ങൾ,
മുദ്രമോതിരത്തിനായ്‌
മുറവിളികൂട്ടുന്ന അണിവിരലില്‍
അളയിട്ടു കിടക്കുന്നു.

---000---