Views:
ബിസ്മില്ലാഹി റഹുമാനിറഹീം
എത്ര തന്നെ പുകഴ്ത്തിയാലും മതിയാകാത്തവണ്ണം ശ്രേഷ്ഠമായ മാസമാണ് റംസാൻ. റംസാൻ മാസം ആഗതമായപ്പോൾ നബി(സ.) അരുളിച്ചെയ്തു."ജനങ്ങളെ, വളരെയധികം അനുഗൃഹീതമായ റംസാൻ മാസം ആഗതമായിരിക്കുന്നു. ഈ മാസത്തിൽ അള്ളാഹു തന്റെ സവിശേഷമായ അനുഗ്രഹത്തോടെയും ഔദാര്യത്തോടെയും നിങ്ങളുടെ നേരെ തിരിയും. അവൻ തന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ വർഷിക്കും. നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരും. നിങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കും. നിങ്ങൾ നന്മയുടെയും അനുസരണത്തിന്റെയും കാര്യത്തിൽ താല്പര്യമെടുക്കുന്നതു കണ്ടു സന്തോഷപൂർവ്വം മലക്കുകൾക്കതു കാണിച്ചു കൊടുക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ നിങ്ങൾ നന്മകൾ മാത്രം ചെയ്തു കാണിക്കുക. കാരുണ്യത്തിന്റേതായ ഈ മാസത്തിൽ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെടുന്ന മനുഷ്യൻ അങ്ങേയറ്റം നിർഭാഗ്യവാനാകുന്നു"
വിശുദ്ധ ഖുർആൻ അവതീർണമായ ഈ മാസത്തിൽ റബ്ബിന്റെ മുമ്പിൽ സകല ചരാചരങ്ങളും തല കുമ്പിടുകയാണ്. പരിശുദ്ധ റംസാനെ എതിരേൽക്കുവാൻ സ്വർഗ്ഗത്തിൽ വർഷാരംഭം മുതൽ അവസാനം വരെ സുഗന്ധവസ്തുക്കൾ പുകയ്ക്കപ്പെടുകയും സ്വർഗ്ഗം അലങ്കരിക്കപ്പെടുകയും ചെയ്യുന്നതാണ്.
റംസാനിലെ ആദ്യത്തെ രാത്രിയിൽ തന്നെ അവിടെ ഒരു കാറ്റ് വീശും. വളരെ പ്രത്യേകതകളുള്ള ആ കാറ്റിൽ സ്വർഗ്ഗത്തിലെ വൃക്ഷങ്ങളുടെ ഇലകളും മറ്റും ഉരസി കർണ്ണാനന്ദകരമായ ഒരു ഗാനം ശ്രവിക്കാവുന്നതാണ്. ആ രാത്രി സ്വർഗ്ഗ വാതിലുകളെല്ലാം മലർക്കെ തുറക്കപ്പെടും.. എല്ലാ രാത്രികളിലും മനുഷ്യരുടെ ചേഷ്ടകൾ വീക്ഷിക്കാൻ മലക്കുകൾ ഭൂമിയിലേയ്ക്കിറങ്ങും. നന്മ ചെയ്യുന്നവർക്കും തെറ്റുകുറ്റങ്ങളിൽ നീന്നു പശ്ചാത്തപിച്ചു മടങ്ങുന്നവർക്കും (തൗബ) സ്വർഗ്ഗം നിർബന്ധമാക്കപ്പെടും.
പുണ്യങ്ങളുടെ കൊയ്ത്തു കാലമായ റംസാനിൽ തെറ്റുകുറ്റങ്ങളുടെ കള പറിച്ചെറിഞ്ഞു നന്മയുടെയും ശുദ്ധിയുടെയും വിളകൾ കൊയ്തെടുക്കാൻ എല്ലാവർക്കും സ്രഷ്ടാവായ അള്ളാഹുവിന്റെ കടാക്ഷമുണ്ടാവട്ടെ.
ഓരോ മുസ്ലിമിന്റെയും ആത്യന്തികമായ ലക്ഷ്യം പരലോകവിജയം തന്നെയാണ്. ഇഹലോക ജീവിതത്തിലെ ചിട്ടകളും പെരുമാറ്റങ്ങളുമാണ് അതിനു വഴിയൊരുക്കുന്നത്, എന്ന് ഖുർആൻ വെളിപ്പെടുത്തുന്നു.
ആയിരം മാസങ്ങളേക്കൾ പുണ്യമുള്ള റംസാനിൽ അതിലുമെത്രയോ പുണ്യമുള്ള ലൈലത്തുൽ ഖദിർ എന്ന മഹനീയ രാവുണ്ട്. അതിന്റെ നന്മ നഷ്ടപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ സകല അനുഗ്രഹങ്ങളും നഷ്ടമാകുന്നു.
പരസ്പരസ്നേഹവും സാമുദായിക ഐക്യവും മതമൈത്രിയും കാത്തു സൂക്ഷിക്കുവാൻ ഈ റംസാൻ ഏവർക്കും സഹായകമാവട്ടെ എന്ന് അല്ലാഹുവിന്റെ നാമത്തിൽ ആശംസിക്കുന്നു..ആമീൻ.
No comments:
Post a Comment