Views:
കൂട്ടരെ, വാദ്ധ്യാരു വേഷങ്ങൾ കെട്ടുന്ന കൂട്ടരെ,വിദ്യയതേറ്റങ്ങു വാങ്ങുന്ന മക്കളെ,
നിങ്ങളോർക്കുന്നുവോ
നമ്മിലൊരുവന്റെ നഷ്ട 'സൗഭാഗ്യത്തെ' !
പാഠം നിരത്തുവാൻ എന്തെളുപ്പം,
പാഠം പകരുവാനെന്തുപാട് !
എത്രയോ നൊമ്പരം കാറ്റിൽ പറന്നുവോ !
എത്രയോ തേങ്ങലും ഉള്ളിൽ നീറുന്നുവോ
എത്രയോ കണ്ണുനീർ കവിൾ തലോടുന്നുവോ !
പാഠം പഠിക്കുവാൻ,പാഠം നിരത്തുവാൻ,
ശീലം പഠിക്കുവാൻ
ശീലക്കേടുകൾ മാറ്റുവാൻ
വിദ്യതൻ 'ചെപ്പടി വിദ്യകൾ' കാട്ടുവാൻ
നാം പ്രയോഗിക്കുമാ ചൂരൽ കഷായങ്ങൾ
ആവോളം കുട്ടികളേറ്റുവാങ്ങീടുമ്പോൾ
നമ്മളോർക്കുന്നുവോ,
ശുഷ്കമാം ചില പിഞ്ചു ബാല്യങ്ങളെ....!
പെറ്റുവീണപ്പൊഴെ 'അമ്മിഞ്ഞ' കിട്ടാതെഅമ്മയെ കാണാൻ വിധിക്കാതെ വന്നവർ
അമ്മയുണ്ടായിട്ടും, അമ്മിഞ്ഞ കിട്ടാതെ
'ടിൻഫുഡ്' മാത്രം നുകരാൻ വിധിച്ചവർ
ശൈശവ, ബാല്യങ്ങൾ പിന്നിടുമ്പോഴേയ്ക്കും
അമ്മയെ സ്വപ്നത്തിൽ കാണാൻ വിധിച്ചവർ
അമ്മതൻ ശല്യമൊഴിച്ചങ്ങു വിട്ടിട്ടു
മറ്റൊരു കൂടു മെനഞ്ഞു ചേക്കേറുവോർ
ഒരു വേള പത്തിന്റെ ഭാഷാ ക്ലാസ്സിൽ" മാതൃ സ്നേഹത്തിന്റെ ഈരടികൾ "
ഭാവം പകർന്നു ഞാൻ ചൊല്ലീടവേ
കണ്ടു ഞാനൊരു ശിഷ്യതൻ മിഴികളിൽ
നൊമ്പരത്തിൻ ബഹിർസ്ഫുരണം
അശ്രുബിന്ദുക്കളാലാമിഴി നിറയവേ......
കൈകളാലവൾ മുഖം പൊത്തീടവേ..........
തേങ്ങിയെൻ മനം അവൾതൻ പൊന്നമ്മയെയോർത്ത്
തുടർദിനങ്ങളിൽ ഞാൻ പകർന്നൊരാ സ്നേഹം
അവൾ നുകർന്നൊരാ സ്നേഹം
വർഷാന്ത്യ വേളയിൽ, വരകളായ് വരികളായ്
അക്ഷരവിതകളായെൻ ഡയറിയിൽ
മണിമുത്തമായെൻ കവിളലവൾ കോറിയപ്പോൾ......
മാതാവിൻ വായ്പോടെ, തിരികെയുമവൾക്കേകി
വിദ്യയിൽ ചാലിച്ചൊരാ സ്നേഹത്തിൻ മണിമുത്തം
അക്ഷര മുറ്റത്തിലെ ആ അക്ഷരമുത്തം.
(വിദ്യാലയാനുഭവങ്ങളിൽ
നിന്ന്)
സെലീന