ഗജരാജന്‍ ചാമപ്പുഴ കൈലാസ്

Views:



ആനയും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എത്ര വര്‍ഷം എന്നത് ഓര്‍ത്തെടുക്കുക ദുഷ്കരം. ആധുനിക കാലത്തില്‍ ആ ബന്ധം ഒന്നുകൂടി ദൃഢമാക്കപ്പെട്ടതുമാണ്. വര്‍ദ്ധിച്ചുവരുന്ന സോഷ്യല്‍ മീഡിയയുടെ പ്രചാരവും അതിനു സഹായകമായി. അങ്ങനെ പറയാന്‍ ഒരു പ്രധാന കാരണം കൂടിയാണ് മാതംഗകേസരികളുടെ ഇത്തവണത്തെ കഥാപാത്രം. നിര്‍ഭാഗ്യവശാല്‍ ഒരുകാലത്ത് കടുത്ത അവഗണനകള്‍ അനുഭവിക്കേണ്ടിവന്ന, എന്നാല്‍ ഇന്നത്തെ ഉത്സവപ്പറമ്പുകളില്‍ തീപാറുന്ന പ്രകടനങ്ങള്‍ക്ക് അമരക്കാരനാവാന്‍ പോന്ന ഒരു ഉത്തമ ഗജവീരന്‍... അതാണ്‌.....
ഗജരാജന്‍ ചാമപ്പുഴ കൈലാസ്

ആനപ്രേമികള്‍ എന്ന ഒരു കൂട്ടത്തെ ചിലര്‍ വിമര്‍ശിക്കുന്നതായി കണ്ടിട്ടുണ്ട്. കൈലാസിന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ തീര്‍ച്ചയായും മനുഷ്യരാല്‍ നല്‍കപ്പെട്ടതാണ്‌. എന്നാല്‍ ആനപ്രേമികളായ ചിലരുണ്ടായതുകൊണ്ടു മാത്രമാണ്, അവന്‍ ഇന്നും പൂര്‍ണ ആരോഗ്യവാനായി ജീവിക്കുന്നത് .

ആദ്യകാലങ്ങളിലെല്ലാം വളരെയധികം പ്രശസ്തനായിരുന്ന ചാമപ്പുഴ കൈലാസ് 2008 കാലയളവ്‌ മുതലാണ്‌ ക്ഷീണിതനാവുന്നത്. ആന വളര്‍ത്തുന്നതില്‍ പ്രസിദ്ധരായ ഉടമസ്ഥന്മാരായ ചിറക്കല്‍, എടക്കുനി, ഗുരുജി, നാഗേരിമന, വട്ടംകുഴിയില്‍ എന്നീ തറവാടുകളിലെയും അംഗമായിട്ടുള്ള ആളാണ്‌ കൈലാസ്. നാഗേരിമന അയ്യപ്പന്‍, ഗുരുജി ചന്ദ്രശേഖരന്‍, എടക്കുനി രാജേന്ദ്രന്‍ എന്നീ പേരുകളാകും കൂടുതല്‍ ആനപ്രേമികളും ഒരുപക്ഷേ ആരാധിച്ചിട്ടുണ്ടാവുക. ഇക്കാലയളവിലെല്ലാം ഗജസുന്ദരനായിരുന്ന ഇവന് പിന്നീട് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു.

തീര്‍ത്തും അവശനായി, മരണത്തെ മുഖാമുഖം കണ്ട നാളുകളായിരുന്നു അത്. ദേഹമാസകലം വ്രണങ്ങളായി ആരോഗ്യം ക്ഷയിച്ച അവസ്ഥ. ആ നാളുകളിലാണ് ഇവന്‍ വട്ടംകുഴിയില്‍ ജോയ്സ് എന്നയാളുടെ അടുത്തെത്തി വട്ടംകുഴിയില്‍ പൃഥ്വിരാജായി മാറിയത്. അതവന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി. ആനപ്രേമം എന്നത് ആലങ്കാരികമല്ലാതാവുന്നത് യഥാര്‍ത്ഥത്തില്‍ ഇവിടെ നിന്നുള്ള കഥയിലാണ്. എഷ്യാനെറ്റ് ന്യൂസിന്റെ 'കണ്ണാടി' പ്രോഗ്രാം ഇതിനെ ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിച്ചിരുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചികിത്സകളിലൂടെ ചെലവിടേണ്ടി വന്നത് ആനയുടെ വിലയേക്കാള്‍ വരും എന്ന് വട്ടംകുഴിയില്‍ ജോയ്സ് അഭിപ്രായപ്പെടുന്നു. ഡോ. ഗിരിദാസിന്റെ നേതൃത്വത്തിലുള്ള ചികിത്സയ്ക്ക് സഹായികളായത് വട്ടംകുഴിയില്‍ ജോയ്സും കുടുംബവും കൂടെ അന്നത്തെ പാപ്പാന്‍ ഷിബുവും. ചോറും ശര്‍ക്കരയും അവിലും മരുന്നുകളും പിന്നെ സ്നേഹവും ചേര്‍ന്നപ്പോള്‍ വീണ്ടും ഉഷാറായി. എങ്കിലും ചെവിയുടെ സൗന്ദര്യം അവനു നഷ്ടമായിരുന്നു.

വട്ടംകുഴിയില്‍ പൃഥ്വിരാജ് എന്ന നാമത്തില്‍ നിന്നും ഇന്ന് ചെറിയൊരു ചുവടുമാറ്റം സംഭവിച്ചിരിക്കുന്നു - ഗജരാജന്‍ ചാമപ്പുഴ കൈലാസ്. ഒരു മത്സരത്തിനുള്ള ആരോഗ്യവും ആത്മബലവും ആര്‍ജ്ജിച്ച കൈലാസ് ഇന്ന് കൊല്ലത്തുകാരുടെതാണ്. കൊല്ലത്തുള്ള സോനു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവന്റെ പരിചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പെരുമ്പാവൂര്‍കാരന്‍ അഖില്‍ വിജയ്‌ ആണ്. പെരുമ്പാവൂരാണ് കൈലാസിന്റെ ഇപ്പോഴത്തെ ജീവിതവും. സോനു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുട്ടിക്കൊമ്പനാണ് ചാമപ്പുഴ ഉണ്ണികൃഷ്ണന്‍. ആരോഗ്യത്തിന്റെ ലക്ഷണമായി കരുതുന്ന മദപ്പാട് (നീരുകാലം) കഴിഞ്ഞാല്‍ ബാക്കി സദാസമയവും ശാന്തശീലനാണ്.

 കൈലാസിന്‍റെ ഇപ്പോഴത്തെ മാനേജര്‍ സജിത്ത് പി. ഡേവിസ് എന്ന തൃശ്ശൂര്‍കാരനാണ്. 305 cm ഉയരത്തോടുകൂടിയ ഇവന്‍ ഉത്സവപ്പറമ്പുകളില്‍ നിറസാന്നിധ്യമാകും എന്നു പ്രതീക്ഷിക്കാം. ഒരു കൂട്ടം ആനപ്രേമികളുടെ സംരക്ഷണയിലാണ് അവനിന്ന്.

സൂര്യരശ്മികളെ വെല്ലുന്ന കുഴിമിന്നുകള്‍ ആകാശത്ത് പ്രകാശഗോപുരങ്ങള്‍ തീര്‍ക്കുമ്പോള്‍ മീനവെയിലിന്റെ ചൂടിനെ വെല്ലുന്ന ഉത്സവനഗരികളില്‍ ഒരു പുത്തന്‍ താരോദയം കൂടി. ഉത്സവങ്ങള്‍ രോമാഞ്ചം കൊള്ളിച്ച തൃശ്ശിവപേരൂരിന്റെയും വള്ളുവനാടിന്റെയും മണ്ണിലേക്ക്, ആനയെ ജീവനോളം സ്നേഹിക്കുന്ന ആനപ്രേമികളുടെ മുന്നിലേക്ക് ഒരു അമ്പരപ്പോടെ, ഉറച്ച ചുവടുവയ്പ്പുകളുമായി നിറസാന്നിധ്യമാവാന്‍...
ഗജരാജന്‍ ചാമപ്പുഴ കൈലാസ്
ഉത്സവങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് സ്നേഹിക്കുന്ന തൃശ്ശിവപേരൂരിന്‍റെ മണ്ണില്‍നിന്നും കൈലാസിന്‍റെ ജീവിതത്തിലേക്ക് മറക്കാനാവാത്ത ചില നിമിഷങ്ങള്‍ കൂടി. വേദനപ്പെടുത്തിയ ആദ്യദിനങ്ങള്‍ക്കു പകരം ഇനി വരുന്നത് സ്നേഹത്തിന്‍റെയും, സന്തോഷത്തിന്റെയും, അംഗീകാരത്തിന്റെയും നാളുകള്‍. തൃശൂര്‍ അന്തിക്കാട് അമ്പലത്തില്‍വച്ചു ഈ വരുന്ന നവംബര്‍ 22 നു ഗജരാജസാമ്രാട്ട് പട്ടം നല്‍കുന്നു. E4 elephant എന്ന പരിപാടിയിലൂടെ ആനപ്രേമികളുടെ മനസ്സില്‍ ആരാധനാ പാത്രമായ പ്രിയനടന്‍ ശ്രീ. മാടമ്പ് കുഞ്ഞുകുട്ടന്‍ സര്‍ ആണ് പട്ടം സമര്‍പ്പിക്കുന്നത്. ഈ ധന്യ മുഹൂര്‍ത്തത്തെ അവിസ്മരണീയമാക്കാന്‍ സത്യന്‍ അന്തിക്കാട്‌ അവര്‍കള്‍ എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നു.

ഇടവേളകള്‍ക്കു ശേഷം ആനപ്രേമികള്‍ക്കു മുന്നിലെത്തുന്ന കൈലാസിന് എല്ലാവിധ ഭാവുകങ്ങളും ഈശ്വരാനുഗ്രഹവും ആവോളം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി ആനപ്രേമികള്‍ക്കൊപ്പം ഞങ്ങളും ചേരുന്നു, മലയാളമാസികയിലൂടെ മാതംഗകേസരികള്‍.



ചാമപ്പുഴ കൈലാസ് പെരുമ്പാവൂരില്‍  
അഖില്‍ വിഷ്ണു വിനും ചട്ടക്കാരന്‍ നിഖില്‍ നുമൊപ്പം.

കൈലാസ് തന്‍റെ മാനേജര്‍ സജിത്ത് പി ഡേവിസ് നൊപ്പം 


ചാമപ്പുഴ ഉണ്ണികൃഷ്ണന്‍ സോനു ഗ്രൂപ്പിലെ മറ്റൊരു ആനച്ചന്തം

 
എഴുന്നള്ളിപ്പുകള്‍ ഒന്നില്‍ കൈലാസ്


പെരുമ്പാവൂര്‍ അഖില്‍ അജയ് യുടെ വീട്ടില്‍



നവംബര്‍ 22നു മാടമ്പ് കുഞ്ഞുകുട്ടന്‍ സാറില്‍ നിന്നും ഗജരാജസാമ്രാട്ട് പട്ടം വാങ്ങി ഗജരാജസാമ്രാട്ട് ച്ചാമപ്പുഴ കൈലാസ് ആയിമാറുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും പ്രിയ കൈലാസിനു ഉയര്‍ച്ചയുടെ നല്ല നാളുകള്‍ ആശംസിക്കാനും എല്ലാ നല്ല ആനപ്രേമികളും ഒത്തുചേരുമെന്ന പ്രതീക്ഷകളോടെ.....
മാതംഗകേസരികള്‍ ..


ചാമപ്പുഴ കൈലാസിനായി നിങ്ങള്‍ ബന്ധപ്പെടെണ്ടത് 
സജിത്ത് പി ഡേവിസ് 
9746363443

അഖില്‍ അജയ് 
9847255447
---000---



No comments: