ശൈത്യ പുലരി പറഞ്ഞത്

Views:

ഒരു ചെറുകിളിയുടെ നേര്‍ത്ത പാട്ടിലൂടൊ-
ഴുകിയെത്തുന്നു ഒരു ചെറുസുഗന്ധം.
ഋതുക്കള്‍ക്കുമപ്പുറം ഒരു കാണാക്കാഴ്ച്ച പോല്‍
ഒരു മുകുളം മിഴി തുറക്കും സുഗന്ധം.
വര്‍ണാഭമാണാ വസന്തകാലം എന്ന്
ആ ഗാനശകലങ്ങള്‍ കൊതിപ്പിക്കുന്നു
കൊതിയോടെ കാത്തിരിക്കും സര്‍വ്വവും 
വസന്തത്തെ വരവേല്‍ക്കാന്‍ പാര്‍ത്തിരിക്കും
യൗവ്വന പടിവാതിലെത്തി നില്‍ക്കുന്നൊരു
നിറകുടമാണത്രേ വസന്തകാലം.
ചിരിക്കുന്ന പൂക്കള്‍ക്കു ചുറ്റിലും പാറുന്നു
വര്‍ണ്ണശലഭങ്ങള്‍ തേന്‍കിളികള്‍
സുഗന്ധം പരത്തി പറന്നു നീങ്ങും
ചെറുതെന്നലും തെന്നലിന്‍ മൂളിപ്പാട്ടും
കൊക്കോടു കൊക്കുരുമ്മിക്കൊണ്ട്സഖിയോട്
സൗഹൃദം പകരുന്ന നാളിന്റെ സ്മരണയും
വയലും വഴികളും നിറയ്ക്കും പൂപ്പുഞ്ചിരി
ഏറ്റുവാങ്ങീടുന്ന പൈതലിന്‍ വദനവും
ആര്‍പ്പുവിളികളും താളമേളങ്ങളും
ബാലാര്‍ക്കനേകുന്ന പൊന്‍കിരണങ്ങളും
കരള്‍ കുളിര്‍പ്പിക്കുന്ന ഓര്‍മ്മയിലെ നഷ്ടങ്ങള്‍ 
ഒഴുകിയെത്തുന്നു ആ പാട്ടിലൂടെ.
കെട്ടുകഥ പോലെ തോന്നാമെനിക്കവ
കേള്‍ക്കാന്‍ കൊതിക്കുന്ന കെട്ടുകഥ.
ഞാനും വരുന്നുണ്ട് ആദികാലം തൊട്ട്
ഞാനിവയെങ്ങുമേ കണ്ടതില്ല.
കൊഴിയുന്ന ഇലകള്‍ ചപ്പായി കിടക്കുന്നു
നഗ്നരാം വൃക്ഷങ്ങള്‍ വിറപൂണ്ടു നില്‍ക്കുന്നു
മങ്ങിയ ചായത്താല്‍ ആരോ വരച്ചൊരു
ചിത്രം പോല്‍ ഭൂമിയെ കാണ്മതു ഞാന്‍
പൂക്കളെ കണ്ടില്ല വര്‍ണ്ണങ്ങള്‍ കണ്ടില്ല
പാറുന്ന ശലഭവും കിളികളും വന്നില്ല
ആര്‍ത്തു വിളിച്ചു രസിക്കുന്ന പൈതങ്ങള്‍
ആരെയും ഞാനെങ്ങും കണ്ടതില്ല.
ഉദയം പോലും മടിപൂണ്ടൊരു തുണ്ട്
മേഘപ്പുതപ്പ് കടം കൊള്ളുന്നു.
മുരള്‍ച്ചയോടെന്തിനോ ഇടക്കിടക്കെത്തുന്ന
മാരുതന്‍ പ്രാകി കടന്നിടുന്നു
ശോകാര്‍ദ്രഗീതങ്ങള്‍ മാത്രം മുഴക്കുന്നു
കിളികുലം പുലര്‍കാലമോര്‍ത്തിടാതെ
മൃതിഗൃഹം പൂകിയ പോലുള്ള ഓര്‍മ്മകള്‍
മാത്രമാണെന്റെ കഴിഞ്ഞ കാലം.
ഏതോ കിളിപാടുമീഗാനമിന്നു ഞാന്‍
കേള്‍ക്കാനിടയായതില്ലയെങ്കില്‍
ചിന്തിക്കയില്ല ഞാന്‍ ഇവ്വണ്ണമാണെന്റെ
ജന്മം നിരര്‍ത്ഥകം എന്നുപോലും.
ഏവരും കൊതിയോടെ കാത്തിരിക്കുന്നൊരാ
ഋതുകന്യകയെ ഒരു നോക്കുകാണുവാന്‍
ആരും കാമിക്കും അഴകാര്‍ന്ന താരുടല്‍ 
വടിവൊന്നൊരു മാത്ര കണ്ടീടുവാന്‍
ആശിച്ചുപോയാലതിശയമില്ലെന്നു
മനസ്സു മന്ത്രിക്കുന്നു മെല്ലെ മെല്ലെ.
വാസന്ത കന്യയെ ഒരു നോക്കു കാണുവാന്‍
കൊതിക്കുന്നു ഈ ശൈത്യ പുലര്‍കാലമെന്നു നീ
അറിയിക്കുമോ എന്‍ കിളിപൈതലേ അവളെ
നീ പാടും മധുര ഗാനത്തിലൂടെ.