Views:
പലവുരു ഞാനതു മനസ്സിലോർത്തെങ്കിലും
ഇതുവരെയാരോടും പറഞ്ഞതില്ല
ഇനിയും പറയുവാൻ വൈകിയെന്നാകിലോ
പിന്നെ പറഞ്ഞതിൽ കാര്യമില്ല
പറയുവാൻ തുനിയുമ്പോൾ ഓർമ്മയിൽ വരുന്നത്
പലനിറമാർന്നുള്ള വദനങ്ങളും
ഓർമ്മവരുന്നാ മുഖങ്ങളെ ഓർക്കുമ്പോൾ
പേടിയോ, നാണമോ, പുച്ഛമോ അറിയില്ല
പേടിതോന്നുന്നോരാ മുഖങ്ങളെന്നെന്നും
ഞാനാരാധിച്ചീടുന്നവയായിരുന്നു
ഗുരുവോ, പിതാവോ, ദൈവമോ ആയിടാം
പേടിപ്പെടുത്തുന്ന ആ മുഖങ്ങൾ
കൂടെക്കളിച്ചവർ അറിയുന്ന നേരത്ത്
നാണവും എന്നിൽ പ്രതിഫലിക്കാം
നല്ലതാണെങ്കിലും, ചീത്തയാണെങ്കിലും
കളിയാക്കലാണവരുടെ അംഗീകാരം
പുച്ഛത്തെയോർക്കുമ്പോളാണല്ലോ കഷ്ടം
എന്നിലും ദേഷ്യം ജ്വലിച്ചിടുന്നു
കാലാകാലങ്ങളായ് കൊണ്ടുനടന്നത്
തട്ടിത്തെറിപ്പിച്ച ദേഷ്യമാവാം
തട്ടിയുടച്ചു വാർക്കുന്ന ഈ സംസ്കാരം
ആരുപകർന്നു കൊടുത്തതാവോ
നൂഡിൽസും വന്നു വെയ്റ്റ് ലെസ്സും വന്നു
വകതിരിവെന്നതു പോയിടുമ്പോൾ
ആശയ്ക്കനുസൃതം ആശയങ്ങൾ മാറി
മാറ്റത്തിൻ തീഷ്ണമാം കാലക്കെടുതിയിൽ
തീപ്പൊരിത്തുമ്പിനാൽ അണയുന്ന പാറ്റപോ-
ലാവുന്നു മാറ്റത്തിൻ ഉച്ചസ്വരങ്ങളും
ഇനിയും പറയുവാനറച്ചു നിന്നെങ്കിലോ
നഷ്ടപ്പെടുന്നതീ ദൈവഭൂമി
ആവില്ല കഴിയില്ല നഷ്ടപ്പെടുത്തുവാൻ
ഞാനാരാധിക്കുന്നയീ സംസ്കൃതിയെ
വാശിവൈരാഗ്യങ്ങൾ വ്യവഹാര കൂടുകളിൽ
പച്ചയാം ജീവിതം നിശ്ചലം വഴിവക്കിൽ
പ്രതികാര ശബ്ദങ്ങൾ മാറ്റൊലികൊള്ളിക്കും
തൂവെള്ള കടലാസിൽ അലയടിക്കും
അലയടിക്കുന്ന ആ ശബ്ദങ്ങളൊന്നിച്ചു
ഭേദിക്കും മനസ്സിന്റെ ചിത്രത്താഴ്
മാറ്റത്തിനായി ഓടി ക്കിതച്ചവർ
ഭാരത സംസ്കൃതി തേടിയെത്തും
---000---