സൂക്ഷിക്കുക! കപടമതേതര മൃഗസ്നേഹികളെ...

Views:


              ഈ അടുത്തയിടെ കേരളത്തില്‍ പകരം വയ്ക്കാനില്ലാത്ത  ഒരു പൂരം നടന്നു. ത്രിശ്ശിവപേരൂരിന്റെ മണ്ണില്‍ കാലാകാലങ്ങളായി നടത്തപ്പെടുന്ന ഈ ഉത്സവം ലോക ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഈ ഉത്സവത്തെ കുറിച്ചു കേരളത്തിന്റെ സ്വന്തം വ്യവസായ വാണിജ്യ ദ്വൈവാരികയായ ധനം 2015  ജാന്‍ 31 നു പുറത്തിറക്കിയ പതിപ്പില്‍ വര്‍ണ്ണനകള്‍ ഇപ്രകാരം 
             ലോകത്തിനുമുന്നില്‍ പൂരം കൊണ്ട് അടയാളമിട്ടവരാണ് തൃശൂർ ജനത. അഴകളകൊത്ത കരിവീരന്മാരും ആകാശത്തു വസന്തം വിരിയിക്കുന്ന കരിമരുന്നു പ്രയോഗവും ജനസാഗരത്തിന്റെ കൈയ്കൾ വായുവിൽ നൃത്തം ചെയ്യിക്കുന്ന മേളപ്പെരുക്കങ്ങളും പോക്കുവെയിലിൽ മഴവില്ല് തീർക്കുന്ന കുടമാറ്റവുമെല്ലാം തൃശൂർകാരന് വർഷത്തിൽ ഒരിക്കൽ വിരുന്നെത്തുന്ന പൂര കാഴ്ചകൾ മാത്രമല്ല, ഒരു പൂരം മുതൽ അടുത്തത്‌ വരെയുള്ള കാലദൂരത്തിൽ അവൻ മനസ്സിലും ചിന്തയിലും കൊണ്ട് നടക്കുന്നത് കൂടിയാണ്.
      ഈ വരികൾ മാത്രം മതിയാകും ആ ഉത്സവത്തിന്റെ വിസ്മയങ്ങളെ നിറകൂട്ടുകൾ ഏതും മങ്ങാതെ ഒരിക്കൽ കണ്ടവർക്ക് എന്നെന്നും ഓർത്തെടുക്കാൻ. എന്നാൽ ഉത്സവത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ നോക്കുമ്പോൾ കോടതി വിധികളും, അപ്പീലുകളും, എതിർപ്പുകളുമെല്ലാം നിറയുന്ന ഒരവസ്ഥ കാണാം. തൃശൂർ പൂരം ഒരിക്കൽ കൂടി കാണാത്ത ചില സമൂഹ മാന്യന്മാരെന്നു പറയപ്പെടുന്നവർ പത്മശ്രീക്കോ അതിനെക്കാൾ വലിയതെന്തിനൊ വേണ്ടി മത്സരിക്കുന്നതാണ് , കാരണം - മൃഗ സംരക്ഷണം.
         ഏതാനും ചിലർ മൃഗസ്നേഹികൾ എന്നും പറഞ്ഞു കരഘോഷം പാടിനടക്കുന്ന മൃഗസ്നേഹത്തെ നമുക്കൊന്ന് പിരിച്ചു വായിച്ചു നോക്കാം. മൃഗ സ്നേഹികൾ എന്നും നമുക്കിടയിൽ ആവശ്യമാണ്‌. കാരണം ആനകളെ സംരക്ഷിക്കാൻ നമുക്ക് ഏറ്റവും ആവശ്യമായി വരുന്നത് അവരുടെ സഹായ ഹസ്തങ്ങൾ ആയേക്കാം. അതിനിടയിലും ഒരു ഗ്രൂപ്പ്‌ കൂടി ഉണ്ട്  - ആനയെ മാത്രം സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നവർ.
       അവര്‍ പറയുന്നത്‌ ആനകൾ പീഡിപ്പിക്കപ്പെടുന്നു എന്നാണ് . അത് ശരിയാണ്. ആനകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് . അതിൽ ഒന്നുകൂടെ ശരിയായത് ആനകളിൽ പീഡിപ്പിക്കപ്പെടുന്നവയും ഉണ്ട് എന്നല്ലേ?. ആയതിനെ ആനസ്നേഹികൾ എന്നു ഞങ്ങളും ആനപ്രാന്തർ എന്ന് സമൂഹവും വിളിക്കുന്ന ഞങ്ങൾ എന്നും എതിർത്തിട്ടെ ഉള്ളു. ഇനിയും വ്യക്തമായി എതിർക്കുകതന്നെ ചെയ്യും. എങ്കിലും ആനപീഡനം തടയാൻ ഉത്സവങ്ങൾ നിര്‍ത്തിവയ്ക്കുകയാണത്രെ ചെയ്യേണ്ടത്. അതാണ്‌ ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒരു പ്രധാന ഭാഗം. റോഡ്‌ അപകടങ്ങൾ തടയാൻ വാഹനങ്ങൾ വേണ്ടെന്നുവയ്ക്കുകയാണോ ചെയ്യാറ്. എന്റെ ഒരു സുഹൃത്തിന്റെ വാചകങ്ങൾ കടംകൊള്ളുകയാണെങ്കിൽ ഭർത്തൃപീഡനം തടയാൻ വിവാഹം വേണ്ടെന്നു വക്കാമൊ അതോ അവനവനു വേണ്ടാത്തത് നിർത്തലാക്കണം എന്നാണോ ഉദ്ദേശിക്കുന്നത്.
         മൃഗസ്നേഹികൾ എന്ന വേഷമിട്ടു, പൂരങ്ങൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്നവർ ഒന്ന് ആലോചിച്ചു നോക്കൂ, ഒരു കോഴിയെ വളര്‍ത്തിയെടുത്തു അതിന്റെ ആസനത്തിൽ കമ്പി തിരുകി ഉപ്പും പുളിയും ചേര്‍ത്തു തീയ്യിൽ വേവിക്കുന്നത്‌ അംഗീകരിക്കാൻ കഴിയുന്നതാണോ?  അതോ പച്ചപ്പുല്ല് തിന്നു നറും പാല് ദാനമായി തരുന്ന പശുവിനെ ചരക്കു ലോറിയിൽ കുത്തിത്തിരുകി പച്ചമുളക് കണ്ണിൽ തേച്ചു തോലുരിച്ച് കഴുത്തറത്ത് തലകീഴായി തൂക്കി വരട്ടി തിന്നുന്നതാണോ മൃഗസ്നേഹം. 
അല്ല, സാറെ ! കൊന്ന പാപം തിന്നാൽ തീരുമോ ? ....... തീരുമായിരിക്കും അല്ലെ?
ഇതിനെല്ലാം പുറമേ മനുഷ്യന്റെ പ്രതികാരം തീർക്കലിനും ഈ പാവം മൃഗം തന്നെ വേണം. 
കേരളത്തിൽ അങ്ങോളമിങ്ങോളം നടമാടിയ ബീഫ് ഫെസ്റ്റ് മഹാമഹം ഒന്ന് ചിന്തിച്ചു നോക്കു. ഒരു മൃഗത്തെ കൊന്നു പ്രതികാരം തീർക്കാം പക്ഷെ ആനയെ എഴുന്നള്ളിക്കാൻ പാടില്ല അവിടെ മൃഗപീഡനമാവും. ബീഫ് ഫെസ്റ്റിന്റെ പേരില് കൊന്നു തള്ളിയതു മൃഗത്തെയല്ലേ ?.... അതും നാൽക്കാലിയല്ലേ?... എന്താ മൃഗസ്നേഹം !!!!! പ്രിയ സുഹൃത്തുക്കളെ ഇതിൽ രാഷ്ട്രീയം കലർത്തരുത്, ഇതിലും നല്ല ഒരു ഉദാഹരണം കണ്മുന്നില്‍ കണ്ടില്ല, അതുകൊണ്ട് പറഞ്ഞു പോയതാ .....

            ഐ ബി എന്നറിയപ്പെടുന്ന ഇന്റലിജൻസ് ബ്യുറോ പറഞ്ഞു, കേരളത്തിൽ വെട്ടി പരിക്കാവാത്ത നായക്കൾ കുറവാണ് . ആയത് നല്ലതിനല്ല എന്ന് . റോഡ്‌ അരികിൽ വെട്ടുകിട്ടി തലയും ചെവിയും വാരിയെല്ലും പുഴുത്തരിച്ച് നടക്കുന്ന നായയെ കണ്ടാൽ ഈ പച്ചപരിഷ്ക്കാരികൾ കല്ലെടുക്കും. കാരണം അവരുടെ ചിത്തത്തിൽ ആനയല്ലാതെ വേറെ ഒരു മൃഗമില്ല. ചിലപ്പോൾ ഒന്നാം ക്ലാസ്സിൽ ആ - ആന എന്ന് പഠിപ്പിച്ചപ്പോൾ ന - നായ എന്ന് പഠിപ്പിക്കാത്തതിനാലാവം ഈ വേർതിരിവ്.
          ഈ ഭൂലോകമാന്യന്മാരിൽ ചിലരെങ്കിലും മൃഗസ്നേഹത്തിന്റെ കളറുള്ള കുപ്പായമിട്ട് ഒന്ന് വിശ്രമിക്കാൻ ആൽ മരത്തണലിലോ പാർക്കിലോ ചെന്നിരിക്കുമ്പോൾ ഒരു കാക്ക അതേ മരത്തണലിൽ തലക്കുമുകളിൽ വിശ്രമിക്കനിരുന്നാൽ അപ്പോൾ പറയും ശു - കാക്കേ എന്ന് . എന്താ കാക്കയ്ക്ക് വിശ്രമിക്കാൻ പാടില്ലേ? അതോ മൃഗസ്നേഹ കുപ്പായത്തിനു മുകളിൽ കാക്ക തൂവെള്ളക്കുറി ചാർത്തിയാലോ എന്ന പേടിയിലാണോ? - എന്താ മൃഗസ്നേഹിക്ക് ഒന്ന് മാറി ഇരുന്നാൽ
             രാജ്യത്ത്  അങ്ങോളമിങ്ങൊളമുള്ള മൃഗശാലകളിൽ മൃഗങ്ങളെയും, പക്ഷികളെയും പാമ്പുകളെയും പൂട്ടിയിട്ടു പട്ടിണിപ്പേക്കോലങ്ങളാക്കി ടിക്കറ്റ്‌ പിരിച്ചു കാഴ്ചക്കു നിർത്താം, അത് കാണാനും കാണും മൃഗസ്നേഹ കുപ്പായ്യമിട്ടവർ, പക്ഷെ,ആന നെറ്റിപ്പട്ടം കെട്ടിയാൽ അവരുടെ മൃഗസ്നേഹം ചൊടിക്കും - പ്രതികരിക്കും -  
    ആനയെ സംരക്ഷിക്കണം  - സംരക്ഷിക്കരുതെന്നു ഒരു ആനപ്രേമിപോലും പറയില്ല. കാരണം അത് ആനപ്രേമികളുടെ ആവശ്യമാണ്‌ . പക്ഷെ അതിനു ഉത്സവ എഴുന്നള്ളിപ്പുകൾ നിര്‍ത്തുകയല്ല അല്ലാതെ തന്നെ അനവധി നിരവധി വഴികളുണ്ട്


- ടീം മാതംഗകെസരികൾ
ഹരീഷ് ഹരി
അർജുൻ കുളങ്ങര
അഭിഷേക് നായർ