വീരവ്രതന്മാര്‍ നാം

Views:




അമ്മയ്ക്കാരതിയേകാനാദര്‍ശത്തി-
ന്നജയ്യ പതാകയുമായ്
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.
   
പ്രതിബന്ധങ്ങളൊരായിരമെണ്ണം
പ്രതിദിനമെത്തി വിളിക്കട്ടെ
പ്രപാതമായവ തട്ടിനിരത്തി
പ്രയാണമെങ്ങള്‍ തുടര്‍ന്നീടും
പ്രദേശഭാഷാ ഭേദമകറ്റും
പ്രഭാതഭേരി മുഴക്കീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം

വിശാല നീലാകാശംപോലെ
വിശുദ്ധിയാകെ നിറച്ചീടും
വിഷാന്ധകാരം വഴിയില്‍ വിതയ്ക്കും
വിഷാദഭാവന നീക്കീടും
വിഭാഗചിന്തകള്‍ വൈരുദ്ധ്യങ്ങള്‍
വിരോധമൊക്കെ മറന്നീടും
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.

വിദൂര കാനനഗുഹകള്‍ക്കുള്ളില്‍
ജ്വലിച്ചൊരാര്‍ഷപ്രഭവങ്ങള്‍
വിളിച്ചുണര്‍ത്തിയ കൈനിലതോറും
വിളങ്ങിടും തിരിനാളങ്ങള്‍
വിനമ്രഗാഥകളിതിഹാസത്തിന്‍
വിഭാതശോഭാകിരണങ്ങള്‍
ധ്യേയത്തില്‍ സ്വയമര്‍പ്പണമേകിയ
വീരവ്രതന്മാര്‍ നാം.