തണുക്കട്ടെ ശാന്തമായ് :: രജി ചന്രശേഖര്‍

Views:

നെഞ്ചകം വിങ്ങിക്കലമ്പുന്നു ചതിയുടെ
നഞ്ചുകേറ്റുന്നെന്റെ  സിരകളില്‍ സൗഹൃദം
പുഞ്ചിരിത്തേന്‍വാക്കിലാശ്ലേഷമെന്തിലും
വഞ്ചന കൂര്‍മുള്ളു മുതുകിലങ്ങാഴ്ത്തുന്നു.

സിന്ധുവും ഗംഗയും ദിവ്യപ്രഭാതങ്ങള്‍
സന്ധിച്ചു പുണ്യം പകുക്കുന്ന സ്വാര്‍ത്ഥങ്ങള്‍
ബന്ധുക്കളര്‍ച്ചനാമന്ത്രങ്ങളിന്ദ്രനും
വന്ധ്യമെന്‍ കാഴ്ച കശക്കുന്ന ശോഭകള്‍

പൊന്മക്കളെന്നെണ്ണി ശിഷ്യരെപ്പോറ്റിയും
നന്മതന്‍ സൂര്യനായൂര്‍ജ്ജം വിളമ്പിയും
ജന്മം നിതാന്തമാം ഹര്‍ഷമായ് മാറ്റുന്നൊ-
രെന്മനസ്സില്‍ കനല്‍ക്കോളിന്റെ ഗീതകം

അമ്മേ, കരള്‍ക്കാമ്പു കത്തുന്നു, നെഞ്ചത്തൊ-
രമ്മിക്കനം, കാലവേതാളനര്‍ത്തനം.
നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പി-
ലമ്മഹാതാളം തണുക്കട്ടെ ശാന്തമായ്.