Views:
ആത്മശാന്തിയുടെ സ്വച്ഛന്ദപ്രവാഹത്തിലൂടെ ജീവിതനൗക തുഴഞ്ഞുപോകുവാന്‍, വിശ്വാസത്തിന്റെ പങ്കായം നമ്മെ തെല്ലൊ ന്നുമല്ല തുണയ്ക്കുന്നത്. പാപങ്ങളുടെയും അധര്‍മ്മത്തിന്റെയും പടുചുഴികളില്‍ പെട്ടുപോകാതെ നമ്മെ മുന്നോട്ടു നയിക്കുന്നത് പ്രപഞ്ചമാതാവിന്റെ കരുത്തുറ്റ കരങ്ങള്‍ തന്നെയാണ്. ഭക്തിയുടെ വിരലുകള്‍ നീട്ടിയേ നമുക്ക് - സാധാരണ സംസാരികള്‍ക്ക് - ആ ദിവ്യപ്രഭാവവുമായി ഇണങ്ങിനില്‍ക്കാന്‍ സാധിക്കൂ. ജ്ഞാന- കര്‍മ്മ-ഭക്തി എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും പ്രയത്‌നം അധികം ആവശ്യമില്ലാത്തതുമായ മാര്‍ഗ്ഗം ഭക്തിയാണ്. അകളങ്കമായ ഭക്തിയില്‍ പ്രസാദിക്കാത്ത ചൈതന്യമില്ല.
നമ്മുടെ ഉള്ളിലെ ശക്തിരഹസ്യം തേടി മറ്റെങ്ങും പോകേണ്ടതില്ലായെന്ന് പൂര്‍വ്വസൂരികള്‍ പറഞ്ഞുതന്നിട്ടുണ്ട്. പാടുന്ന ഓരോ വരിയിലും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടിലും അമ്മ ഒപ്പമുണ്ടെന്നും ഉള്ളിലുണ്ടെന്നും തിരിച്ചറിയുന്നതും അനു ഭവിക്കുന്നതുമാണ് മനസ്സിനെ തലോടുന്ന ശാന്തിയും നിറവും.
അമ്മയ്ക്ക് കാണിക്കയായി സമര്‍പ്പിക്കേണ്ടത് സ്വന്തം അഹന്തയുടെ ശിരസ്സുതന്നെയാണ്. അഹന്തയകന്ന് നിര്‍മ്മലമാ കുന്ന മനസ്സിലാണല്ലോ ജ്ഞാനം പ്രകാശിക്കുന്നത്.
ജീവിതവൃക്ഷത്തിലെ രാഗമോഹങ്ങളാകുന്ന ഇലകള്‍ കൊഴിഞ്ഞ് സംസാരസാഗരത്തിലെ അലകളായൊഴുകി അമ്മ യുടെ കാല്‍ത്താരുകള്‍ കഴുകീടണം എന്നും, അമ്മയുടെ ഭാവലീല കള്‍ താളബദ്ധമായി ആടുവാന്‍ ചോടുകള്‍ക്ക് കാലവിളംബം ഉണ്ടാകരുതേ എന്നുമുള്ള പ്രാര്‍ത്ഥന, ആത്മസമര്‍പ്പണം തന്നെ യാണ്.
ധര്‍മ്മദേവനു മുന്നിലെത്തിയ നചികേതസ്സിനെപ്പോലെ, മഹാമായയുടെ മുന്നില്‍ നരേന്ദ്രനെപ്പോലെ, ആദ്യന്തവിഹീനവും അവിരാമവും അവിച്ഛിന്നവുമായ ആ ചൈതന്യത്തിനുമുന്നില്‍ നമുക്കും അഞ്ജലീബദ്ധരാകാം.
''തമ്മിലന്തരം പാടേയൊഴിഞ്ഞ്, നീ തന്നെ ഞാനെന്ന ബോധമുദിക്കണം.'' (സ്‌നേഹഗംഗ) വൃഷ്ടിയുടെ ഒരു കുമ്പിള്‍ ജലം സമഷ്ടിയുടെ മഹാജലനിധിയിലേക്ക്....., അനുഭവം കേവല ഭൗതികതലം വിട്ട്, ഗോളാന്തരങ്ങളെ കോര്‍ത്തിണക്കുന്ന ദിവ്യ ബോധമണ്ഡലത്തിലേക്ക്......
വെയില്‍ച്ചിറകുമായി പാറിക്കളിക്കുന്ന തുമ്പിയും തൂമന്ദഹാസത്തിന്റെ ധവളാഭ ചൂടിനില്ക്കുന്ന തുമ്പക്കുരുന്നും എന്നുമുണ്ടായിരിക്കണം, പ്രാപഞ്ചികപ്രാണപ്രഭവകേന്ദ്രമായ സൂര്യതേജസ്സില്‍ ഏറ്റവും സൗമ്യഭാവമാര്‍ന്ന ബാലസൂര്യന്റെ കാന്തിയായ് മാറണം, മുള്ളുകോര്‍ക്കുന്ന വാക്കിലും നോക്കിലും ഉള്ളുകാന്തക്കരുത്തായി തുടിക്കണം. നമ്മുടെയുള്ളിലെയൂര്‍ജത്തുടിപ്പുകളായി, ദൃഢവി ശ്വാസത്തിന്റെ അകത്തളത്തില്‍നിന്ന് തിരുമുറ്റത്തേക്ക് സ്‌നേഹഗംഗ ശാന്തമൊഴുകുന്നു.
സ്വന്തം പരിസരത്ത് അടിയുറപ്പോടെ നിലകൊള്ളാനും വളര്‍ന്നു വികസിക്കാനും കരുത്തുപകരുന്ന സ്‌നേഹഗംഗയിലെ കവിതകള്‍, ആവര്‍ത്തിച്ചു ചൊല്ലുമ്പോള്‍, തുച്ഛരെന്നു സ്വയം തരം താഴ്ത്തുന്ന അവിവേകത്തിന്റെ മായാബന്ധനത്തില്‍ നിന്നു നാം മുക്തരാകുന്നു.
ഞാന്‍ ഒറ്റയ്ക്കല്ല; അമ്മയെപ്പോഴും കൂടെയുണ്ട്
ഒരു നാളും തനിച്ചല്ലെന്ന ബോദ്ധ്യമാണ് ഏറ്റവും ശക്തമായ ശക്തി. ഇന്നലെയെയോര്‍ത്തു കരയാനോ, നാളെയെക്കുറിച്ചു ഭീതിപ്പെടാനോ ഉള്ളതല്ല ഹ്രസ്വമായ ഈ ജീവിതം. പരദ്രോഹമെന്ന പാപമേല്ക്കാതെ, പവിത്രമായ ഒരാഘോഷമാക്കണം ജനനമരണങ്ങളതിരിടുന്ന ഇടവേള.
വേദനിക്കുന്ന മനസ്സിലേക്ക് സമാശ്വാസത്തിന്റെ തീര്‍ത്ഥക ണമിറ്റിക്കണം. അതിനുപകരം സന്മനസ്സുകളെ, സാത്വികരെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിക്കാനാണ് ചിലരെങ്കിലും ശ്രമിച്ചു കാണുന്നത്. അത് പരപീഡനമാണ്. പരപീഡനം പാപമാണെന്ന് വ്യാസമഹര്‍ഷി. അതുള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, പരപീഡനരതിയില്‍ അഭിരമിക്കുന്നവരും അതില്‍ ആനന്ദം കണ്ടെ ത്തുന്നവരും നമുക്ക് ചുറ്റും ഉണ്ടല്ലോ! ഭക്തിയുടെ കവചം നമ്മെ സംരക്ഷിക്കും. ശാന്തരും പ്രാപ്തരുമാക്കും അതിന് സ്‌നേഹഗംഗാതീര്‍ത്ഥം സേവിക്കുന്നത് - സ്‌നേഹഗംഗയിലെ കവിതകള്‍ നിത്യവും ചൊല്ലുന്നത് - ഉത്തമം തന്നെ.
നമ്മളും പരംപൊരുളായ അമ്മയും ഒന്നാണെന്ന അനുഭവത്തെളിമ, തേടിയലഞ്ഞത് നേടി എന്ന സാഫല്യാവസ്ഥ, ജന്മജന്മാന്തരങ്ങളായി നിന്നോടൊപ്പം ഞാന്‍ തുണയായി ഉണ്ടായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍, ഇതെല്ലാമാണ് സ്‌നേഹഗംഗ നമ്മുടെ നെറ്റിയില്‍ ചാര്‍ത്തുന്ന കൈവല്യക്കുങ്കുമം.
ഇനി ഒരു ചതിക്കും നമ്മെ നശിപ്പിക്കാനാവില്ല, കാരണം നമ്മോടൊപ്പം കൈപിടിച്ചുനടക്കുന്നത് ശക്തിസ്വരൂപിണിയായ അമ്മ തന്നെയാണ്. ഈ ശുദ്ധബോദ്ധ്യത്തിന്റെ പാറമേല്‍ നമുക്കു വിശ്വാസത്തിന്റെ മഹാസൗധം പണിയാം.
കൈതവമേശാത്ത ശിശുവിനെപ്പോലെ കളിച്ചുല്ലസിക്കാം. ജീവകാമനയുടെ ആനന്ദക്കൊടുമുടിയേറാം. ഭൂമിയുടെ ധമനികളായ പുഴകളെപ്പോലെ പതഞ്ഞുപൊന്തിയും കുതിച്ചു ചാടിയും ആഘോ ഷത്തിന് ആക്കം കൂട്ടാം. നിഗൂഢമായ ആദിചോദനയുടെ രഹ സ്യങ്ങള്‍ തേടി ഉള്‍ക്കാട്ടിലേറാം. ഭീതിയുടെ കൈവിലങ്ങില്ലാതെ വാഴ്‌വിന്റെ വീണാതന്ത്രികള്‍ മീട്ടാം.
സമര്‍ത്ഥമായി വിന്യസിക്കപ്പെട്ട ഒരു ബോധവലയിലെ കണ്ണികളാണ് നാം. ഓരോ ജീവിക്കും വേണ്ടത് ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. അന്നമായും അഭയമായും ഇണയായും തുണയായും ഈ ജന്മത്തിന് വേണ്ടുന്നതൊക്കെയും അമ്മയേകുന്നു. മക്കള്‍ക്ക് കരുത്തും കാവലുമാണമ്മ.
ഈ തിരുനടയിലെത്തണമെന്നാണ് എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നത്. അത് പരാതിയോ പരിഭവമോ പറയുവാനല്ല. കൃതജ്ഞതയുടെ ഹൃദയസൂനങ്ങള്‍ അര്‍പ്പിക്കുവാനാണ്.
എന്തിനുമേതിനും വെറുതെ പരാതി പറഞ്ഞ് ഒച്ചവച്ച് കാലം കഴിക്കാതെ ധന്യമായ മനസ്സോടെ നമുക്ക് ഇനിയും ഉറക്കെയുറക്കെ പാടാം.......
''കരുതലായ് കാവലായ് കല്പാന്തമോളവും
കരുണതന്‍ കാന്തിയായമ്മയുണ്ട്.
മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പോഴും
മധുരമായ് നിറയുന്നൊരമ്മയുണ്ട്.''
അക്ഷരപ്പൊങ്കാല
ഹൃദയവ്യഥകള്‍ പങ്കുവയ്ക്കാന്‍ ഒരാളുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ യാതനയാണ്, ജീവിതത്തിന്റെ കാരാഗൃഹമാണ്. ഭീകരമായ അഴലിന്റെ നടുവില്‍, വേദനയുടെ കൂര്‍മുനകള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ അഭയമായി ഒരു പുണ്യസ്ഥലി ഉണ്ടാവുകയെന്നത് ആശ്വാസമാണ്, ഭാഗ്യമാണ്.
ഉറ്റബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒഴിഞ്ഞുമാറുമ്പോള്‍ എല്ലാവാതിലും നമുക്കുനേരെ അടയുമ്പോള്‍, ശരണമായി അമ്മയുണ്ട് എന്ന അടിയുറച്ച വിശ്വാസം, ജീവാമൃതം പകരുന്നു. കദനവാരിയിലെ അലകളില്‍ ആടിയുലഞ്ഞ് അസ്തമിച്ചുപോകാതെ കാത്തുപോരുന്ന പരാശക്തി ആറ്റുകാലമ്മ തന്നെയെന്ന് സ്‌നേഹഗംഗയിലെ കവിതകള്‍ ഓര്‍മ്മിപ്പിക്കുന്നു.
''ആറ്റുകാലമ്മയല്ലാതെയില്ലാരുമെന്‍
നോവും മനസ്സിന്നുശാന്തിയേകാന്‍'' (ശാന്തി)
വിപത്തുകളുടെ വിഷനാഗങ്ങള്‍ പത്തിനീര്‍ത്തുമ്പോള്‍ കരുണയോടെ നമ്മെ ചേര്‍ത്തുപിടിക്കുന്നത് അമ്മയുടെ തൂമന്ദഹാസമെന്ന രക്ഷാകവചമാണ്. ഇന്നലെയോളം ദുഃഖച്ചുഴികളില്‍ പെട്ടുലഞ്ഞ മനസ്സുകള്‍ക്ക് മന്ത്രധ്വനികളാല്‍ മുഖരിതമായ അമ്മയുടെ തിരുസന്നിധി ഉള്‍ക്കരുത്തേകുന്നു. ഇവിടെയാണവസാനമഭയ മെന്ന തിരിച്ചറിവേകുന്നു.
ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി, വിരിയുന്ന പൂവിന്‍ സുഗന്ധമായ് ചിരിതൂകി നില്ക്കുന്നൊരമ്മ.
വരികെന്നു മാടിവിളിച്ച്, അരികത്തണചചാഞ്ഞുപുല്കി, ദുഃഖങ്ങളുമ്മവച്ചാറ്റുന്നൊരമ്മ.
പൊന്‍താലി പൊട്ടാതെ കാത്ത്, മാംഗല്യദോഷങ്ങള്‍ മാറ്റി, സന്താനഭാഗ്യങ്ങളേകി, സന്താപം തീര്‍ക്കുന്നൊരമ്മ.
പൊങ്കാല, നേദ്യമായേല്ക്കുന്നൊരമ്മ.
പൊങ്കാല-മണ്‍കലത്തിലെ പെണ്‍പൊങ്കാല-അമ്മയ്ക്ക് ഏറെ പ്രിയമാണ്. പഞ്ചഭൂതാത്മകമായ ദേഹമാണ് മണ്‍കലം. നീറുന്ന സങ്കടത്തീച്ചൂളയിലാണ് പൊങ്കാല തിളയ്ക്കുന്നത്. മര്‍ത്യജന്മത്തിന്റെ സകല സാത്വികാംശങ്ങളും മണ്‍കലത്തിനുള്ളില്‍ സ്വാംശീകരിക്കപ്പെടുന്നു.
വിരാട് പുരുഷന്റെ മിഴിയിണയിലൊന്നായ തങ്കക്കതിരവനും പൊങ്കാലയിടുന്ന ദിവ്യാന്തരീക്ഷത്തില്‍ ഭവ്യമൊരു പൊങ്കാലയാകന്നു സ്‌നേഹഗംഗ - കവിയും കവിതയും സ്‌നേഹവും.
''നിന്‍ കാല്ക്കലീജന്മമാകെ - എന്റെ
പൊങ്കാലയാറ്റുകാലമ്മേ''
എന്നു പറഞ്ഞു മതിവരാതെ,
''സങ്കടച്ചോറു തിളച്ചു തൂവുന്നൊരു
മണ്‍കലമാണെന്റെ ജന്മമമ്മേ''
(ശാന്തി)
എന്ന് ഇനിയൊന്നും ബാക്കിവച്ചേക്കാനില്ലാത്ത സമ്പൂര്‍ണ്ണ സര്‍വ്വസ്വസമര്‍പ്പണമാണ് പൊങ്കാല.
പൊങ്കാല നേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് ശാന്തിക്കാരെത്തി തീര്‍ത്ഥം തളിക്കണം. ഇവിടെ തീര്‍ത്ഥവുമായി മാരുതനുമെത്തുകയാണ്. തീര്‍ത്ഥമോ, അമ്മയുടെ - ദിവ്യമന്ത്രധ്വനികള്‍, മിഴികളിലെ സ്‌നേഹം വഴിയുന്ന തൂമന്ദഹാസം, പുഞ്ചിരിത്തേന്‍ നിലാത്തുള്ളികള്‍.
''എപ്പൊഴും നിന്മന്ദഹാസമുണ്ടെന്നുള്ളില്‍
എന്നുമെനിക്കെന്റെ രക്ഷയായി''
എന്ന് കരള്‍ക്കാമ്പിലൂറി നിറയുന്ന വിശ്വാസം, എങ്ങും സുഗന്ധമായ് പൂത്തുലയുമ്പോള്‍ സ്‌നേഹഗംഗ - അനുപമഭക്തി യുടെ അക്ഷരപ്പൊങ്കാലയായി സ്വീകരിക്കപ്പെടുന്നു.
No comments:
Post a Comment