നീ പാടുക
B K Sudha, Nedunganoor - ന്റെ പുസ്തകപ്രകാശനം

Views:

ഒരുമ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീമതി. ബി. കെ. സുധ നെടുങ്ങാനൂരിന്റെ  'നീ പാടുക' - കവിതാസമാഹാരം വെഞ്ഞാറമൂട് ഗവ; ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ തിരു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. കെ. മധുവിന് നല്‍കി പ്രകാശിപ്പിക്കുന്നു. ഇടത്തുനിന്ന്: പി. ടി. എ. പ്രസിഡന്റ് അഡ്വ. ഡി. കെ. മുരളി, ഡോ. പി. സേതുനാഥന്‍, ശ്രീ. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം. എല്‍. എ, ശ്രീ. സുധാകരന്‍ ചന്തവിളശ്രീ. രജി ചന്ദ്രശേഖര്‍, പ്രൊ. ആര്‍. രമേശന്‍ നായര്‍, ശ്രീമതി. ബി. കെ. സുധ നെടുങ്ങാനൂര്‍ എന്നിവര്‍ സമീപം

ബി. കെ. സുധ നെടുങ്ങാനൂരിന്റെ 'നീ പാടുക' കവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍, 'നീ' ആര് എന്ന ചോദ്യം മാറ്റിവയ്ക്കപ്പെടുമ്പോള്‍തന്നെ പാടുക എന്ന ക്രിയാപദത്തിന്റെ പിന്നിലുള്ള അര്‍ത്ഥം വായനക്കാര്‍ തിരിച്ചറിയുന്നു. തന്റെ ജീവന്റെ നിലാവായും നിര്‍മ്മലതയായും സ്‌നേഹമായും ഉറവയായും നിറഞ്ഞുനില്‍ക്കുന്ന  കൃഷ്ണനാണ് പാടേണ്ടവന്‍ എന്ന സൂചന ആദ്യ കവിത മുതല്‍ അവസാന കവിത വരെ വായിച്ചുതീര്‍ക്കുന്ന വായനക്കാരന് സ്വയം മനസ്സിലാകുന്നു. അത്തരമൊരു കൃഷ്ണന്റെ പാട്ടിന് അകമ്പടിയാകുന്ന അനുബന്ധകവിതകളും ഈ സമാഹാരത്തിലുണ്ട്. കൃഷ്ണനുള്ള കുറവുകളെക്കാള്‍, കുറ്റങ്ങളെക്കാള്‍ കവി കാണുന്നത് അദ്ദേഹത്തിന്റെ ഊര്‍ജ്ജവും ഉന്മേഷവുമാണ്.
    'നീ പാടുക' പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രമുഖകവി ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്‍ കവിയുടെ കൃഷ്ണപക്ഷത്തിന്റെ പ്രസക്തിയെ തുറന്നുകാട്ടി. ഈ കവിതാസമാഹാരത്തിന് പഠനങ്ങളെഴുതിയ ഡോ. ബി. വി. ശശികുമാറും ഡോ. വിളക്കുടി രാജേന്ദ്രനും ശ്രീ. രജിചന്ദ്രശേഖറുമെല്ലാം എടുത്തുപറയുന്ന പ്രത്യേകതകളിലേക്കല്ല അദ്ദേഹം ശ്രദ്ധക്ഷണിച്ചത്. മറിച്ച് കൃഷ്ണന്‍ എന്ന ബിംബത്തിന്റെ നന്മതിന്മകള്‍ അയവിറക്കിയതോടൊപ്പം കവിയുടെ കാവ്യാവിഷ്‌കാരത്തിന്റെ താളലയങ്ങളെയും പ്രയോഗസാധ്യതകളെയും ചൂണ്ടിക്കാട്ടുകകൂടി ചെയ്തു. നമ്മുടെ കവിതയില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തം ഈ കവി കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഏഴാച്ചേരി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
    സമ്മേളനത്തിന്റെ ഉദ്ഘാടനം സ്ഥലം എം. എല്‍. എ. കൂടിയായ  ശ്രീ. കോലിയക്കോട് കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. താന്‍ പലപ്രാവശ്യം പല പരിപാടികള്‍ക്കും ഈ സ്‌കൂളില്‍ വന്നിട്ടുണ്ടെങ്കിലും ബി. കെ. സുധ നെടുങ്ങാനൂര്‍ കവിയാണെന്നറിഞ്ഞത് ഇപ്പോഴാണെന്നും അവരുടെ കുടുംബവുമായി എനിക്ക് ഏറെ അടുപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ കവിതകള്‍ സമ്പൂര്‍ണ്ണമായി വായിച്ചിട്ടില്ലെങ്കിലും ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത് കൃഷ്ണനാണെന്ന് അനുമാനിക്കുന്നു; ഇതൊരു ഭക്തികാവ്യമാണ്. ഇതിനെക്കാള്‍ വലിയ കൃതികള്‍ എഴുതാന്‍ ഈ കവിക്ക് കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    പുസ്തകം ഏറ്റുവാങ്ങിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി. കെ. മധു 'നീ പാടുക' എന്ന കൃതിയിലെ കവിതകളെയും ഒപ്പം മലയാള കവിതയുടെ പൊതുവായ ശീലങ്ങളെയും കുറിച്ചു പരാമര്‍ശിച്ചു. പുസ്തകാവതരണം നിര്‍വ്വഹിച്ച ഡോ. പി. സേതുനാഥന്‍ നീ പാടുക എന്ന കവിതാസമാഹാരത്തിന്റെ മേന്മകള്‍ എടുത്തുകാട്ടി. ഇന്നത്തെ മലയാള കവിതയുടെ പോക്കു് ഒട്ടും ആശാസ്യമല്ലെന്നും കവിത ഏതാനും നാളുകള്‍ കൂടിക്കഴിഞ്ഞാല്‍ മരിച്ചുപോകുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. അങ്ങനെ നാശോന്മുഖമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ കവിതയെ തിരിച്ചുപിടിക്കാനുള്ള മരുന്നാണ്  'നീ പാടുക' എന്ന കൃതിയെന്നും ഓര്‍മ്മിപ്പിച്ചു.
    പുസ്തപ്രസാധനസംരംഭമായ ഒരുമയുടെ പ്രധാനസാരഥിയും കവിയുമായ  ശ്രീ. സുധാകരന്‍ ചന്തവിള,  'നീ പാടുക' എന്ന കൃതിയുടെയും കവിയുടെയും സവിശേഷതകളെ എടുത്തുകാട്ടി. കവിയായി ജീവിക്കാന്‍ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും കവിയില്‍ പല തരത്തിലുള്ള വ്യക്തിത്വങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായും കാവ്യരചന എളുപ്പമാണെന്നു തോന്നാമെങ്കിലും അത് ഏറെ പ്രയാസമുള്ള ഒരു സര്‍ഗ്ഗാത്മകവൃത്തിയാണെന്നും അദ്ദേഹം നമ്പ്യാരുടെ 'ശിവ ശിവ കവിതാരീതി വൈഷമ്യമത്രേ'എന്ന വരി ഉദ്ധരിച്ച് പറഞ്ഞു. ഈ സ്‌കൂളില്‍ ഇതിനു മുമ്പും പിന്‍പും ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നവരുണ്ടായിട്ടുണ്ട്; ഇനിയും ഉണ്ടാകാം. എന്നാല്‍ ബി. കെ. സുധ നെടുങ്ങാനൂര്‍ എന്ന അദ്ധ്യാപിക വെറും ഇംഗ്ലീഷ് പഠിപ്പിച്ചയാള്‍ മാത്രമല്ലായെന്നും ഇവര്‍ അറിയപ്പെടുന്ന കവിയാണെന്നും വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും നാളെ വിലയിരുത്തുമെന്നും അത്തരത്തിലുള്ള വളര്‍ച്ചയും ഉയര്‍ച്ചയും ഈ കവിയുടെ സര്‍ഗ്ഗാത്മകജീവിതത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിക്കുകയും തുടര്‍ന്ന് നീ പാടുക എന്ന സമാഹാരത്തിലെ പ്രധാന കവിതയായ 'രാധവരില്ലിനി കണ്ണാ' എന്ന കവിത അവതരിപ്പിക്കുകയും ചെയ്തു.
    കവിയും ഗ്രന്ഥകാരനും അദ്ധ്യാപകനും മലയാളമാസികയുടെ ജീവനാഡിയുമായ ശ്രീ രജിചന്ദ്രശേഖര്‍ 'നീ പാടുക' എന്ന കൃതിയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടി ആശംസിച്ചു. മറുപടി പ്രസംഗത്തില്‍ കവി ഈ സ്‌കൂളിന്റെ മുറ്റത്തുവച്ച് ഇങ്ങനെ തന്റെ മൂന്നാമത്തെ പുസ്തകം പ്രകാശനം ചെയ്യാനുണ്ടായ ഭാഗ്യത്തെക്കുറിച്ച് പ്രകീര്‍ത്തിച്ചു. ഒപ്പം മകളേ ശ്രവിക്കുക എന്ന സ്വന്തം കവിത ആലപിക്കുകയും ചെയ്തു.
    പ്രകാശനസമ്മേളനത്തിന് അദ്ധ്യക്ഷപദം അലങ്കരിച്ച സ്‌കൂള്‍ പി. ടി. എ പ്രസിഡന്റ് അഡ്വ. ഡി. കെ. മുരളി ഉപക്രമവും ഉപസംഹാരവും നടത്തിയത് സുധടീച്ചറുടെ കവിതകളിലൂന്നിനിന്നുകൊണ്ടായിരുന്നു. സ്‌കൂളിലെ മലയാള വിഭാഗം അദ്ധ്യാപകനും സംഘാടകനുമായ ഡോ. നജീബ് സ്വാഗതവും സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ. കെ. പി. കര്‍ണ്ണന്‍ കൃതജ്ഞതയും പറഞ്ഞ സമ്മേളനം വെഞ്ഞാറമൂട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് എന്നെന്നും ഓര്‍ക്കാനും ഓമനിക്കാനും ഒരുദിനം സമ്മാനിച്ചതിലുള്ള ചാരിതാര്‍ത്ഥ്യം പങ്കുവച്ചാണ് സന്ധ്യയോടെ ഏവരും പിരിഞ്ഞുപോയത്.

പ്രസാധനം:

ഒരുമ പബ്ലിക്കേഷന്‍സ്,
തിരുവനന്തപുരം-84
ഫോണ്‍. 9496259473
വില. 80/ രൂപ




No comments: