Views:
സ്നേഹഗംഗ (കവിതാസമാഹാരം), പ്രശസ്തകവി ശ്രീ പി നാരായണക്കുറുപ്പ് യുവകവി ജെ എം റഹീമിന് നല്കി പ്രകാശനം ചെയ്യുന്നു. |
പുലിയൂര്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പുസ്തകപ്രകാശനവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു.
ശ്രദ്ധേയനായ കവിയും അദ്ധ്യാപകനുമായ ശ്രീ. രജി ചന്ദശേഖറിന്റെ 'സ്‌നേഹഗംഗ' എന്ന കാവ്യസമാഹാരം പ്രശസ്തകവി ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീ ജെ എം റഹീമിന് നല്‍കി പ്രകാശിപ്പിച്ചു. 'സ്‌നേഹഗംഗ' പല വിതാനങ്ങളിലുള്ള സ്‌നേഹത്തെ വാഴുത്തുന്ന കവിതകളുടെ സഞ്ചയമാണെന്ന് ശ്രീ. പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. പരാശക്തിയോടും അമ്മയോടും പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള ആത്മാര്‍പ്പണത്തിന്റെയും സ്‌നേഹവിശാലതയുടെയും ഉദ്ഗാനങ്ങളാണ് ഇതിലെ കവിതകളിലെല്ലാം നിറഞ്ഞുനില്‍ക്കുന്നതെന്ന് തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു.
ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം സുധാകരന്‍ ചന്തവിള ഉദ്ഘാടനം ചെയ്തു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് കാവ്യസന്ധ്യയും പുസ്തകപ്രകാശനവും സംഘടിപ്പിക്കാന്‍ ക്ഷേത്രക്കമ്മിറ്റിയും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി തീരുമാനിച്ചതിന്റെ ഔചിത്യം അദ്ദേഹം എടുത്തുപറഞ്ഞു. ക്ഷേത്രങ്ങള്‍ നമ്മുടെ കലാപാരമ്പര്യത്തിന്റെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും പ്രതീകങ്ങള്‍ കൂടിയാണ്. എന്നാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് അത്തരമൊരു പാരമ്പര്യം എവിടെയോവച്ച് നഷ്ടപ്പെട്ടു. അതിനെ തിരിച്ചുപിടിക്കാനും കവിതയും സാഹിത്യവും കൈകോര്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാനും ഇത്തരം കാവ്യസന്ധ്യകള്‍ ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചതോടൊപ്പം 'ശിവകാമി', 'കറുത്ത രാഗങ്ങള്‍' എന്നീ സ്വന്തം കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ശ്രീ. പി. നാരായണക്കുറുപ്പ്, ശ്രീമതി. രാജലക്ഷ്മി, ശ്രീ. വെള്ളനാട് കൃഷ്ണന്‍കുട്ടി നായര്‍, ശ്രീ. ദുഷ്യന്തന്‍ കെ. ജി, ശ്രീ. മൈനച്ചല്‍ വീരേന്ദ്രകുമാര്‍, ശ്രീ. മുഹമ്മദ് റഹീം, ശ്രീ മനോജ് വട്ടപ്പാറ, ശ്രീ. അനില്‍ ആര്‍ മധു, കുമാരി അഞ്ജു, ശീ. രജി ചന്ദ്രശേഖര്‍ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.
No comments:
Post a Comment