പണ്ട് പണ്ട്......

Views:

അഡ്വ മുരളി, അടാട്ട്

പണ്ട് പണ്ട്......

അങ്ങനെയാണ് കഥകള്‍ തുടങ്ങേണ്ടത്. അത്ര കഥയല്ലാത്തത് കൊണ്ട് ഇങ്ങനെയാവട്ടെ, ഒരു അര നൂറ്റാണ്ടിനും മുമ്പ്......

അമ്മയുടെ വിരലില്‍ തൂങ്ങിയാണ് കയറി ചെല്ലുന്നത്. ഇറയത്തു കയറാനുള്ള ചാണം മെഴുകിയ ചവിട്ടുപടിയില്‍ കാല്‍ വെള്ളകള്‍ ഉരുമ്മിയപ്പോള്‍ ഇക്കിളിയായി. നിറയെ പല വലിപ്പത്തിലുള്ള കവടികള്‍ കമഴ്ത്തി പതിച്ചിരിക്കുന്നു. അത്രയൊന്നും ഭൂമിയെ ചവിട്ടിക്കൂട്ടിയിട്ടില്ലാത്ത കുഞ്ഞു പാദങ്ങൾക്ക് ഇക്കിളിയാവാന്‍ അതെത്ര ധാരാളം.

ഉമ്മറത്ത് ചുമരും ചാരി നെടു നീളനെ ഒരാള്‍. കുഞ്ചിയമ്മടെ ആളാണ്. നാരേണന്‍. ഒക്കെ അമ്മ പറഞ്ഞു തരുന്നതാ ട്ടോ . ചെറിയ അകായിലേക്ക് കടന്നാല്‍ വെളുക്കെ ചിരിച്ചു ഏതോ വലിയ വീട്ടിലെ നിറയെ വെട്ടും കുരിശുമിട്ട വമ്പാരന്‍ ക്ലോക്കിന്റെ ആടിത്തിമർക്കുന്ന പെന്റുലത്തിനെ ഓർമ്മിപ്പിക്കുന്ന നീളന്‍ അമ്മിഞ്ഞകള്‍ ആട്ടി അതെ താളത്തില്‍ ഒരു ചോദ്യം...

ന്റെ മോന്‍ ഈ അമ്മെ കാണാന്‍ വന്നതാ.?”

.. കവിളത്തു ഒരു ഉമ്മയും കൂടിയാവുമ്പോള്‍ അന്നും ആദ്യം തോന്നിയ സംശയം; ഈ അമ്മിഞ്ഞയും ഞാന്‍ കുടിച്ചിട്ട് ണ്ടാവും. അല്ലാണ്ട് എങ്ങന്യാ ന്റെ അമ്മയാവാ?

ഞാന്‍ കയറി ചെല്ലുന്ന എല്ലാ ദിവസങ്ങളും ധനു മാസത്തിലെ ഉത്രം നാളായിരുന്നുവെന്നു പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത്. കുഞ്ചിയമ്മയെ അങ്ങനെ കാണുന്ന ഓരോ തവണയിലും അമ്മ എന്റെ കയ്യില്‍ ഒരു ഒറ്റ ഉറുപ്പിക തരാറുണ്ട്. കുഞ്ചിയമ്മയ്ക്ക് കൊടുത്ത്

മുറുക്കാന്‍ വാങ്ങിക്കൊളൂട്ടോന്ന്‍ പറയാന്‍.

അടുത്ത ഗ്രാമത്തിലെ വേല. രാത്രി എഴുന്നള്ളിപ്പിന് വെടി പൊട്ടി അധികം നേരായില്ലാത്രേ. എല്ലാരും വേല കാണാന്‍ പോയിട്ടുണ്ടാവണം എനിക്ക് പുറത്ത് വരാന്‍ അനാഥത്വത്തിന്റെ ആ സുമൂഹൂര്ത്തമാണ് കണ്ടു വെച്ചിരുന്നതെന്ന് തോന്നുന്നു.


നിറ വയറുകളോട് കരുണയുള്ളവളാണ് പതിച്ചി കുഞ്ചി. ഞങ്ങടെ ഗ്രാമത്തിലെ വയറ്റാട്ടി, മിഡ് വൈഫ്, അല്ലെങ്കില്‍ ഗൈനക്കോളജിസ്റ്റ്......

ഓരോ വയറിന്റെയും കൊതപ്പു അറിയുന്നവളായതാവാം ആ രാത്രി അവര്‍ കൂട്ടിരിക്കാന്‍ വന്നത്. പാതിരയുടെ മറ പറ്റി കുതിക്കുമ്പോള്‍ അമ്മയുടെ കരച്ചിലും വേവലാതിയും ഞാന്‍ കേട്ടില്ല.


കുഞ്ചിയമ്മയുടെ ശയ്യാസമാനമായ കയ്യിലേക്ക് നൂർന്നിറങ്ങി വാവിടുമ്പോള്‍

പേടിക്കണ്ട ന്പ്രാളെ, മിടുക്കനാ, ഒരു ദോശോം വരുത്തില്ല””. ആ ഉറപ്പിലാണ് ഞാന്‍ ഇവിടെ വരെയും എത്തിയിരിക്കുക.


മോന്‍ അമ്മയെ മറന്നാലും കുഞ്ചിയെ മറക്കാന്‍ പാടില്ല. ആവുന്ന എല്ലാ പിറന്നാളിനും ചെന്ന് കണ്ട അനുഗ്രഹം വാങ്ങണം. പറ്റണതെത്രേം കൊടുക്കേം വേണം. ഒന്നും കൊടുത്തിട്ടില്ല മോനെ അവര് താങ്ങിയത്. അവരും നിനക്ക് അമ്മ തന്നെയാണ്.”

അമ്മ ഊട്ടി വളർത്തിയെടുത്ത ആ മാതൃത്വം തേടിയാണ് ഞാന്‍ കവടിത്തിണ്ടില്‍ കിക്കിളി കൊള്ളുന്ന കാലുകള്‍ ചെർത്തുരച്ച് 'തബാകൊന്‍ ഗ്രാണ്ട് സ്പാ' നല്കുന്ന കൊസ്ടാരിക്കന്‍ സുഖം അനുഭവിച്ച് കയറി ചെന്നിരുന്നത്, അമ്മിഞ്ഞകളുടെ ആട്ടം കണ്ടു ഉള്ളിന്റെയുള്ളില്‍ ആരുമറിയാതെ അമ്മ എന്ന് പറഞ്ഞിരുന്നത്.


ഇന്ന് രണ്ട് അമ്മമാരും ഓർമ മാത്രമായപ്പോള്‍,

അല്ലെങ്കില്‍ തനിക്കായി ഒരു ഓർമച്ചെപ്പുണ്ടാക്കി മക്കളെ ഏല്പിച്ചാലോ എന്ന് വിചാരിക്കുമ്പോളാണ്

കുഞ്ചിയമ്മ....

എന്റെ കുഞ്ചിയമ്മ എന്നെ നോക്കി ചിരിച്ചത്.

ന്റെ മോന്‍ വല്യേ കുട്ട്യായീ ട്ടോ”! —
---000---



No comments: