തെറ്റില്ല,യില്ല ശരി, ബന്ധമിതെന്തു ചിത്രം
ചെറ്റല്ല ദാഹമലിയാനലിവായി തമ്മില്‍.
മുറ്റുന്ന മോഹമധു ദുര്‍വിഷമാകിലെന്തേ
പറ്റേ പകര്‍ന്നതു നുകര്‍ന്നു തിമിര്‍ക്കുവാനും.
പ്രാണന്‍ പിടയ്ക്കുമധരം മധു തേടിയെത്തെ
നാണം നടിച്ചു ധരപോലെ ചുളുങ്ങി ചൂളി
കാണാത്ത മേടുകളിലേയ്‌ക്കൊഴിയാന്‍ തുടങ്ങും
വീണാരവം മതിയെനിക്കിനിയെന്തു വേണം.
സ്വത്വം മദിക്കുമളവുമ്മ കളേബരത്തില്‍
നൃത്തം ചവിട്ടി രതി രോമലതാവലിക്കും
കത്തും വികാരലയലാസ്യമണച്ചിടുമ്പോള്‍
നിത്യം നിലാക്കുളിരു നിന്മിഴിയാലെയേകൂ.
Comments
Post a Comment