Skip to main content

എന്റെ കൊച്ചുഗ്രാമം



ഞെട്ടലോടെയാണ് ഞാൻ കേട്ടതാ വാർത്ത, എന്റെ
കൊച്ചുഗ്രാമവും കെട്ട വഴിയിൽ  ചരിക്കുന്നു.

മദ്യവിമുക്തമൊരു  നാടിനായ് സ്വപ്നം കണ്ട്
ധീരമാം  പരിശ്രമം രാപകൽ തുടരുമ്പോൾ,

മറ്റൊരു വൻ വിപത്ത് വായ്പിളർന്നടുക്കുന്നു
സത്യമാവരുതെന്ന്  മോഹമുണ്ടെങ്കിൽ പോലും.
 
മയക്കു മരുന്നിന്റെ  ദുരിതം പേറി  എന്റെ
മക്കളും ? നെഞ്ചിടിപ്പിൻ വേഗമതേറീടുന്നു.

 
ഒട്ടു നാളായി ശങ്ക തോന്നിയ വിഷയമാ-
ണെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലിന്നേ വരെ.
അനഘയാണ് സത്യം വിശദമായിച്ചൊന്ന -
തെന്നത്‌ തന്നെ വിശ്വാസത്തിനു മാറ്റേറ്റുന്നു

അന്യയല്ലനഘ,യെൻ മകളാണവൾ, എന്റെ
മാതൃസങ്കല്പ്പത്തിനു പൂർണ്ണത നല്കിയവൾ

പ്രാണനായിരുന്ന തൻ  ഭാവി വരനെപ്പോലും
നീതിപീഠത്തിൻ മുന്നിൽ  നിർത്തി, ധീരയായവൾ
കണ്ണുമൂടിയ നീതിദേവത നിസ്സഹായ,
ദുർബലം വ്യവസ്ഥകൾ കുറ്റവാളിതൻ പക്ഷം...

.
ദുർവഴികളിലൂടെ  നേടിയ  കോടികളാൽ
രക്ഷപ്പെട്ടീടുമവർ പ്രതികാരേച്ഛയുമായ്

കൂട്ടമായ്‌ ചെന്ന് ക്രൂരം കൊന്നൊടുക്കീടാം, കെണി
വെച്ചിടാം, ചതിച്ചിടാം മാർഗ്ഗമൊട്ടേറെ  മുന്നിൽ 

തൊട്ടു മുന്നിൽ ചോരയിൽ ഒരുവൻ പിടഞ്ഞാലും
എത്തി നോക്കുകില്ലാരും എന്തിനീ വയ്യാവേലി...?

അത്രമേൽ പ്രതികരിച്ചീടുവാൻ കഴിയാതെ
കഷ്ടമെങ്ങിനെ ദയ അറ്റവരായി നമ്മൾ..?!!

ഞാനെന്ന ഭാവം പേറി  ചുരുങ്ങിച്ചുരുങ്ങി  നാം
കൂപമണ്ഡൂപങ്ങളായ് മയങ്ങിക്കിടപ്പവർ ....

സത്യധർമ്മങ്ങൾ കാറ്റിൽപ്പറത്തി ആർക്കോ വേണ്ടി
അച്ഛനെപ്പോലും കൊല്ലാൻ മടിക്കാത്തവർ ചുറ്റും

മുന്നിലായ്ത്തെളിയുന്ന ദുർവിധികളെൻ നെഞ്ചിൽ
പടഹധ്വനി മുഴക്കങ്ങൾ സൃഷ്ടിച്ചീടുമ്പോൾ 

 ആപത്തു വരും വഴിയോർക്കാതെ പ്രതികരി-
ച്ചെന്തിനീ ഭോഷത്തരം? എന്ന് ഞാൻ ചോദിച്ചു പോയ്.

പാവമീ മാതാവിന്റെ വ്യാകുല ചിന്തകളിൽ
മകൾ തൻ സുരക്ഷയ്ക്കാണുന്നതസ്ഥാനം നിത്യം...!
.
എങ്കിലും അവളുടെവാക്കുകൾ  കേൾക്കേ  മുഖം
നമ്രമായ്, മൊഴിമുട്ടി നിന്നു ഞാൻ ഖിന്നയായി.
"അമ്മ,യെന്നമ്മമാത്രം, എന്നേപ്പോൽ നൂറായിരം
മക്കൾതൻ അമ്മയാണെൻ ഭാരത മാതാവവൾ,

നല്ലമക്കളെപ്പെറ്റ വയറിൻ തണുപ്പവൾക്കേകുവാൻ
ഞാനും മുന്നിട്ടിറങ്ങാൻ കൊതിക്കുന്നു.

കേൾപ്പതില്ലേ, ദുരന്തവാർത്തകൾ നിത്യം, നാടിൻ
സംസ്കാരത്തകർച്ചകൾ, പീഡനത്തുടർക്കഥ 

മദ്യവും ലഹരിയും  മയക്കുമരുന്നുമി-
ന്നെത്രയൊ മനസ്സിന്റെ സ്ഥിരത തെറ്റിക്കുന്നു.?
എന്തിനാണെൻ സോദരർ മക്കളെ, ബന്ധുക്കളെ
മന്ദബുദ്ധികളാക്കാൻ സൗകര്യമൊരുക്കുന്നു?

നഷ്ടമാക്കുന്നു ഉറ്റ ബന്ധങ്ങൾ, സൗഹൃദങ്ങൾ
നിത്യവും നടക്കുന്നു തെരുവിൽ കലഹങ്ങൾ...!

സ്വന്തം എന്നൊരു ബോധം നമ്മളിൽ വളർന്നീടിൽ
തിന്മകൾ ഉണ്ടാകുമോ? ദുഷ്ടത  പെരുകുമോ?

പട്ടിണി, ഒടുങ്ങാത്ത കഷ്ടത, നൈരാശ്യങ്ങൾ,
കഞ്ഞിയല്ലെന്നും കണ്ണീർ കുടിപ്പിക്കുന്നു വിധി...!

എത്രയോ പീഡനങ്ങൾ ഏറ്റു വാങ്ങുന്നീ നാട്ടിൽ
പെണ്ണിനും സ്വന്തം മാനം കാക്കുവാൻ കഴിയേണ്ടേ..?
അമ്മതൻ തലമുറയ്ക്കന്യമാണിന്നിൻ സർവ- 
തിന്മയും അതുണ്ടാക്കും വിപത്തിൻ വലിപ്പവും
കുടുംബത്തിന്റെ നാശം മാത്രമല്ലത് പുതു-
തലമുറയെ മന്ദബുദ്ധികളാക്കും മൊത്തം.

ഇതിനു മാറ്റം വേണം ശക്തമാം തലമുറ
നാടിന്റെ രക്ഷയ്ക്കായിട്ടിവിടെ വളരണം.

അതിനായ് മടിക്കാതെ ഒരു കാൽ മുന്നോട്ടു ഞാൻ
വെയ്ക്കയാണത് വൻ മുന്നേറ്റമായ് വളരുവാൻ .

കൊച്ചിയല്ലിതെൻ കൊച്ചു സ്വർഗ്ഗമാണിവിടെ വേ-
ണ്ടിത്തരം തോന്ന്യാസങ്ങൾ, ഒത്തെതിർക്കണം നമ്മൾ.''

നിന്നുപോയ് നിശ്ശബ്ദയായ്, അവൾ തൻ വാക്കിൻ മുന്നിൽ
ഒന്നുമല്ല ഞാനെന്ന  ചിന്തയാൽ ഒരു മാത്ര.
 
കത്തി നില്ക്കുമൊരഗ്നിനാളമവളിൽ കാണ്‍കെ
എന്മനം അഭിമാനപൂരിതമായീടുന്നു.

വന്നിടും വിപത്തുകൾ എന്തുമാകട്ടെ ധീരം
പൊരുതൂ ...നാടിൻ  നന്മ ലക്ഷ്യമായ് കരുതൂ  നീ....

ഒന്ന് ഞാൻ പുണരട്ടെ മകളെ, നിന്നെപ്പെറ്റ-
തെൻ മഹാഭാഗ്യം, നിനക്കെന്നുമെന്നാശീർവ്വാദം...!!!




Leela M Chandran

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan