Skip to main content

Posts

Showing posts from August, 2016

നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍...

എന്നുമുരുകിജ്ജവലിക്കുമെന്‍ സ്വപ്‌നമേ, നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍, നിന്നോടു ഞാനിനിയെന്തു ചൊല്ലാന്‍... എന്നും കിനാക്കളില്‍ പൊന്നിന്‍ ചിറകുമായ് കിന്നാരം മൂളി നീ വന്നിടുമ്പോള്‍ നിന്മണിച്ചുണ്ടിലും താരകക്കണ്ണിലും പുഞ്ചിരി പൂവിതള്‍ നീര്‍ത്തിടുമ്പോള്‍... എന്നില്‍ നിറയും പരിഭവമാകെയും നിന്‍ഗൂഢസുസ്മിതം മായ് ചിടുമ്പോള്‍ നീറും മനസ്സില്‍ കുളിര്‍മയേകുന്നതാ- മീണം മൊഴികളിലൂറിടുമ്പോള്‍...

സഹയാത്രിക

വളരെ നീണ്ടതാണീ വഴിത്താര തളരുന്നു പാദങ്ങള്‍ കണ്ണാ കളിവാക്കു ചൊല്ലിയെന്‍ കൂടെ,യീ യാത്രയില്‍ തോളോടു ചേര്‍ന്നു നടക്കൂ. കല്ലുണ്ടു മുള്ളുണ്ടു നോക്കി നടക്കെന്നു ചൊല്ലിത്തിരുത്തി നയിക്കൂ. അതിമദമേറും കുറുമ്പുകള്‍ കാട്ടി മതിമറക്കുമ്പൊഴെന്‍ കണ്ണാ പതിയെ നീയെന്നെപ്പുണര്‍ന്നു നിന്നുള്ളിലെ ഗതിവേഗമെന്നില്‍ നിറയ്ക്കൂ. ഉമ്മകള്‍ നല്കിയെന്‍ ചുണ്ടിലും നീ രാഗ- സമ്മതം മൂളിത്തുടുക്കൂ.   ഇനി മതി,യാകെത്തളര്‍ന്നു ഞാനാ മിഴി- ക്കനിവിലെ കനവുണ്ടു കണ്ണാ പനിമതി മധുനിലാവേകിടുന്നു, പകല്‍ പനി തിങ്ങിയെങ്ങുമുറങ്ങിടുന്നു. വിരിമാറിലഭയം തിരഞ്ഞൊതുങ്ങിയെന്റെ തരിവെട്ടമിന്നും തിളങ്ങിടുന്നു.

എന്നോ

താരകളിനിയാ നീലാകാശെ     നിന്നു ചിരിക്കുവതെന്നോ, ചുരുളുകള്‍ നീര്‍ത്തി വിരിച്ചു നിലാവിന്‍     തല്പമൊരുക്കുവതെന്നോ... പൂവിളിപൊങ്ങും സ്‌നേഹത്തിന്‍ തിരു-     വോണം പുലരുവതെന്നോ, മാവിന്‍ മകരക്കൊമ്പില്‍ കനിവിന്‍     കിളിമകള്‍ പാടുവതെന്നോ... ധൂമത്താലൊരു യവനിക തീര്‍ക്കും     ചിന്തകളഴിയുവതെന്നോ, ദീപ്തികളേറെച്ചൊരിയാനുള്ളില്‍     സൂര്യനുദിക്കുവതെന്നോ...

നീ വരും

നീ വരില്ലെന്നു ബുദ്ധി ചൊല്ലുമ്പൊഴും നീ വരുമെന്നു മോഹം മൊഴിയുന്നു നീ വരില്ലെ, വരില്ലെയെന്നോര്‍ത്തു ഞാന്‍ നീരവം പൊന്‍നിമേഷങ്ങളെണ്ണുന്നു. എന്നെയാകെക്കുരുക്കിടും പാഴ് വല- ക്കെട്ടില്‍ നിന്നെന്റെ ചേതനയിന്നിതാ നിന്റെ കാരുണ്യ പീയൂഷധാരയാല്‍ ബന്ധമോചനം നേടിയെന്നോമലേ. എന്മനസ്സിലെ മോഹമാം പാല്‍ക്കടല്‍ നന്മതിന്മകളപ്പുറമിപ്പുറം രണ്ടു തീരത്തു നിന്നും കടയവെ നല്കിയോമലേ നീ ചിരസ്സാന്ത്വനം.

Sreejith Sreekumar :: വിലക്കപ്പെട്ട സ്വാതന്ത്ര്യം

അവന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അന്ന് ആണ് അവൾ ആദ്യമായി അവന്റെ അരികിൽ വരുന്നത്. കനലെരിയുന്ന നെഞ്ചിലേക്ക് കുളിർകോരിനിറയ്ക്കുന്നതുപോലെയാണ് അവളുടെ സാനിധ്യം അവനനുഭവപ്പെട്ടത്. അവളുടെ കരുതലും ലാളനയും സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു കടന്നുപോയി. പതിയെ അവൻ ദുഖങ്ങളെല്ലാം മറന്നു തുടങ്ങി .. സൗഹൃദത്തിന്റെ തുലാസിൽ അളന്നാൽ മറ്റാർക്കും പൂർണമായും മനസ്സിലാക്കിയെടുക്കാനാവാത്ത സൗഹൃദം. സമൂഹത്തിന്റെ സദാചാരക്കണ്ണിൽ അവരും ക്രൂശിക്കപ്പെട്ടു. ഉറ്റ സുഹൃത്തുക്കൾ പോലും അവരുടെ സൗഹൃദത്തെ പ്രണയമായി കണ്ടു. സദാചാരത്തിന്റെ ചൊറിച്ചിൽ ഒരനുഗ്രഹമാവുകയായിരുന്നു. ജീവിതം കൈവിട്ടുപോകുമ്പോൾ ചേർത്തുപിടിക്കുമെന്നുറപ്പുള്ള കരങ്ങളെ സൗഹൃദത്തിനപ്പുറത്തേക്കു അവർ കൂട്ടികൊണ്ടു പോയി. പ്രണയത്തിന്റെ ഒറ്റത്തുരുത്തിൽ വസന്തകാലത്തു വിരിഞ്ഞ മന്ദാപ്പൂവുകളായി, സ്വപ്നച്ചിറകുള്ള ചിത്രശലഭങ്ങളായി അവർ പാറിനടന്നു. കഴുകൻ കണ്ണുകൾ അവരെ പിന്തുടർന്നു.. കപടസദാചാരക്കാർ കല്ലുമഴ ചൊരിഞ്ഞു.. കൂട്ടുകാരും സമൂഹവും അവരെ പുച്ഛവെയിലിലുണക്കി....

നൂറ്റെട്ടു തേങ്ങ

നൂറ്റെട്ടു തേങ്ങ നൂറ്റെട്ടു തേങ്ങ നടയിലുടച്ചു ഞാന്‍ നോറ്റുന്നു നോമ്പു, നീ നോക്കുകെന്നെ. നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിച്ചുള്ളു- നീററുന്നു പോറ്റി, നിന്നെഴുത്താണി ഞാന്‍. അമ്മയ്ക്കു കാവലായ് നില്ക്കും ഗണപതി അച്ഛനും സംപ്രീതിയേകുന്നു നീ. വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന മന്ത്രം ഗണപതി ക്ഷിപ്രപ്രസാദിയാം ദേവനും നീ. മൂഷികവാഹന നിന്നെസ്സുരാദികള്‍ മൂവലം വച്ചു നമിച്ചിടുന്നു. ഏത്തമിട്ടുണ്ണി ഞാന്‍ തൊഴുതെഴുതുമ്പോള്‍ ഏറുന്നു മോദമെന്നുള്ളിലെന്നും. Read in Amazone Kindle

വരണ്ട

വരണ്ടവാതമായ് കളിചിരികളായ് വരണ്ട, നീയിനി വിളിച്ചു ണ ര്‍ത്തുവാന്‍. ഇരുണ്ട രാത്രിയിലൊളിച്ചിരിക്കവാന്‍ തരണ്ട, കൂരിരുള്‍ ചികുരഭാരവും.

പാടാം

പാടാം ഗാനമിനിക്കുമാറുയിരതില്‍-         ച്ചേരാന്‍ കൊതിക്കുന്ന ഞാന്‍ തേടാം ലോകമതേഴിലും തവഹിതം         കല്യാണസൗഗന്ധികം കോടക്കാറണി കൂന്തലില്‍ തിരുകുവാന്‍         വാടാത്ത പുഷ്പങ്ങളും നേടാം മാമകഹൃത്തടത്തിലെ നറും         പൂവായ് ലസിച്ചീടുവാന്‍.