വളരെ നീണ്ടതാണീ വഴിത്താര
തളരുന്നു പാദങ്ങള്‍ കണ്ണാ
കളിവാക്കു ചൊല്ലിയെന്‍ കൂടെ,യീ യാത്രയില്‍
തോളോടു ചേര്‍ന്നു നടക്കൂ.
കല്ലുണ്ടു മുള്ളുണ്ടു നോക്കി നടക്കെന്നു
ചൊല്ലിത്തിരുത്തി നയിക്കൂ.
അതിമദമേറും കുറുമ്പുകള്‍ കാട്ടി
മതിമറക്കുമ്പൊഴെന്‍ കണ്ണാ
പതിയെ നീയെന്നെപ്പുണര്‍ന്നു നിന്നുള്ളിലെ
ഗതിവേഗമെന്നില്‍ നിറയ്ക്കൂ.
ഉമ്മകള്‍ നല്കിയെന്‍ ചുണ്ടിലും നീ രാഗ-
സമ്മതം മൂളിത്തുടുക്കൂ.
ഇനി മതി,യാകെത്തളര്‍ന്നു ഞാനാ മിഴി-
ക്കനിവിലെ കനവുണ്ടു കണ്ണാ
പനിമതി മധുനിലാവേകിടുന്നു, പകല്‍
പനി തിങ്ങിയെങ്ങുമുറങ്ങിടുന്നു.
വിരിമാറിലഭയം തിരഞ്ഞൊതുങ്ങിയെന്റെ
തരിവെട്ടമിന്നും തിളങ്ങിടുന്നു.
Comments
Post a Comment