ഇരവിൻ നിശബ്ദതയിലറിയാതെ തേങ്ങുമീ-
മലിന സംസ്കാരത്തിനരികിൽ
വ്യഥയോടെ വന്നുനിന്നരുതുകളെരിക്കുവാൻ
മണിവീണ മീട്ടി നീ നിന്നൂ
അലിവോടെ അവനിയെ പ്രണയിക്കുവാനായ്
അറിവിൻ പ്രകാശം പകർന്നു തന്നൂ
അക്ഷരമരികയിൽ ജീവിതത്തിൻ നീറു-
മുപ്പുചാലിച്ചൊരാ കാവ്യസൂര്യൻ
ലോലഗാനങ്ങൾ തന്നിഴകളിൽ കോമള -
ത്തൂലികത്തുമ്പാൽ നിറം പിടിപ്പിച്ചവൻ
ആവണിപ്പാടത്തു കാഴ്ചകളോരോന്നു -
മാവോളം തന്നു മനം നിറച്ചോൻ
പാടാൻ മറന്ന കിളിയുടെ രോദന -
മീണത്തിൽ കാതിൽ നിറച്ചു തന്നോൻ
ആസന്നമരണയായ് കേഴുന്ന ഭൂമിക്ക്
മൃതിശാന്തിഗീതം കുറിച്ചു വച്ചോൻ
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി
ജന്തുതമാത്രം ജയിക്കുന്ന ഭൂമിയിൽ
ഉണ്ണിക്കഥകൾ കേൾപ്പിച്ചു കുഞ്ഞേടത്തി
പെങ്ങളായ് അമ്മയായ് കാവ്യരേണുക്കൾ
വെൺതിങ്കളായ് കാവ്യനഭസ്ഥലത്തിൽ
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടത്തിലീ
ദുന്ദുഭി മംഗളഘോഷമായ് വന്നതും
നിൻ ഗാനകല്ലോലമിളകുമീ പൊയ്കയിൽ
നീന്തിത്തുടിക്കട്ടെ ഗന്ധർവഗായകാ
ഇനിയും വിടർത്തുവാനൊരുപാടു സൂനങ്ങൾ
ഇവിടെ വച്ചിട്ടു നീ യാത്രയായി
പെയ്യുവാൻ മേഘങ്ങളൊരുപാടു ബാക്കി വ-
ച്ചെവിടേക്കെവിടേക്കു യാത്രയായി
വേറെയേതു ലോകത്തിന്റെ സൂര്യനായി!
മനോജ് പുളിമാത്ത്
മനോജ്, പുളിമാത്ത് |
Comments
Post a Comment