പാലാഴിത്തിര


പാലാഴിത്തിര നിന്റെ പുഞ്ചിരിച്ചേലൊത്തു
പാടുന്ന ശംഖമാണെന്റെയുള്ളം
ശ്രീലക്ഷ്മി കാരുണ്യധാരയായ് ചാരത്തു-
ചേരും നിന്‍ രൂപമാണെന്റെ ഭാഗ്യം.

നാരദവീണയിലുണരും നിന്‍ നാമങ്ങള്‍
നാരായണാ നിത്യപുണ്യനാദം
നാവിലും കാതിലും കോശാണുതോറുമേ
നാരായണാ തുള്ളിത്തുളുമ്പിടുമ്പോള്‍

പാഴ് മുളം തണ്ടല്ല, നിന്‍ രാഗവിസ്മയ-
രോമാഞ്ചമണിയും മുരളിക ഞാന്‍
കാകോളകാളിയനല്ലല്ല, നിന്‍ പാദ-
മാടുന്നൊരാനന്ദവേദിക ഞാന്‍...

No comments: