Skip to main content

രാമനും റഹുമാനും :: അന്‍സാരി

(ഹൃദയസ്പർശിയായ ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള കവിതയാണ് ഇത്. കടലുണ്ടിയിൽ, പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ പെട്ടുപോയ ബധിരനായ, രാമൻ എന്ന സാധാരണനെ രക്ഷിയ്ക്കാനായ് പാളത്തിലേയ്ക്ക് എടുത്തുചാടിപിടഞ്ഞുവീണ് പൊലിഞ്ഞുപോയ ഒരു അബ്ദുൽറഹുമാൻ ഉണ്ട്.ഒരു മുസൽമാൻ എങ്ങനെയായിരിക്കണം എന്ന എൻെറ സങ്കൽപത്തിൻെറ പൂർണതയാണ് ആമനുഷ്യൻ! അദ്ദേഹത്തിൻെറ ഓർമ്മകൾക്കു മുന്നിൽ ഈ കവിത സമർപ്പിക്കുന്നു.)

രാമനും റഹുമാനും

ഇരുദിക്കിൽനിന്നെത്തി, ഒരു റെയിൽചക്രത്തി-
നിടയിൽവച്ചിറുകെ പുണർന്നുടഞ്ഞോർ,
അടരും മനുഷ്യത്വമലർവാടികൾക്കുമേൽ
വിടരുന്നു രാമനും റഹുമാനുമായ്!

കുതറിക്കിതയ്ക്കും മതേതരത്വത്തിൻെറ
അടരിലേയ്ക്കടരുന്നൊരഭിമാനമായ്
ഒരുജന്മമപരൻെറ ആത്മാവുരുമ്മിയൊരു
യുഗപുണ്യമായ് തീർന്ന പ്രതിഭാസമായ്!

അലിവോലുമാത്മാവുമിടനെഞ്ചുമിന്ത്യൻെറ
അടിവാരശിലയെന്നൊരവബോധമായ്!
ചിതലുകൾ ചികയുന്ന ചിന്താഞരമ്പുകൾ
ചിതയിൽവെച്ചെരിയിച്ച ചിരസാന്ത്വനം !

മഞ്ഞിൻ പുതപ്പിട്ട പുലരിയുടെ അരയിലൊരു
മന്ത്രച്ചരടെന്നപോലെ റെയിൽ പാത
ജന്മംതഴുതിട്ടടച്ചകർണ്ണങ്ങൾക്ക്
ജന്മിയാം രാമനാ പാളംമെതിയ്ക്കവേ

മൂളിക്കുതിച്ചുകൊണ്ടുലയുമൊരുതീവണ്ടി
മൂടൽമഞ്ഞുംതുരന്നവിടേയ്ക്കു വരികയായ്!
സുബഹി നിസ്കാരം കഴിഞ്ഞള്ളാഹുവിൻെറ 
സൂക്തങ്ങളുരുവിട്ടു റഹുമാൻ നടക്കവേ,

പാവമൊരുവൃദ്ധൻെറ ബധിരജന്മത്തിൻെറ
പാളങ്ങളിൽ പായുമാപത്ത് കാൺകയായ്
രാമൻെറ ജീവൻെറയുൾവിളിയിലൂളിയി-
ട്ടാമനുഷ്യത്വം പിടച്ചുചാടി,

പൂക്കുലത്തണ്ടങ്ങുലഞ്ഞപോൽ ജീവൻെറ
പൂർണ്ണകുംഭങ്ങൾ ചിതറിത്തെറിയ്ക്കവേ
ആരുടേതാണെന്നറിയാതെയുടലുകൾ
നാരുനാരായി പുണർന്നിരുന്നു

ഓരോമാംസതന്മാത്രയും തങ്ങളിൽ
പേരറിയിക്കാതെ പിണഞ്ഞിരുന്നു
ഒരു സ്ഫോടനംകൊണ്ട് നരജീവസ്വപ്നങ്ങൾ
ചിതറിച്ചു ചാവേറുകൾ ചത്ത ഭൂമിയിൽ

സഹജൻെറ ജീവനൊന്നുതകാൻ സ്വയംചെന്നു
ചിതറിത്തെറിക്കുന്ന പുതിയ ചാവേറിവൻ
നാളെയാ സ്വർഗ്ഗം കവാടം തുറക്കുന്ന
വേളയിൽ അള്ളാഹു കൈപിടിയ്ക്കുന്നവൻ

രക്തസാക്ഷിത്വമാം രത്നപ്രതാപത്തിൻ
ഉത്തുംഗവേദിയിൽ ഉപവിഷ്ടനാണവൻ!
പ്രാണനെ പ്രാണനാൽ ത്രാണനം ചെയ്യുന്നൊ-
രാണത്തമേയിന്ന് നീയെൻെറ നായകൻ!

വേരുകൾചികയാതെ വേദനയിലൊഴുകുന്ന
കാരുണ്യമേയിന്നു നീതന്നെയെൻ മതം !
ഇസ്ലാമിന്നീറ്റില്ലം ഈന്തപ്പനപ്പന്തൽ
ഇഴയിട്ടഭൂമികയിലായിരിക്കാം

ആ ദർശനത്തിൻെറ അസ്ഥികൾ അറേബ്യയുടെ
ആദർശ മണ്ണിൽമെനഞ്ഞതാകാം
ഇരുമിഴിച്ചിരാതുകൾ ഇറാഖിലാകാം
ഇതളിട്ടകയ്യുകൾ ഇറാനിലാകാം

തീരാത്തകഥചൊല്ലിയൊഴുകുന്ന നൈലിൻെറ
തീരത്ത് കാൽകൾ നനയ്ക്കയാകാം
വിശ്വാസനാളം നിവർന്നു നീണ്ടങ്ങനെ
വിശ്വത്തിലാകെ പടർന്നിരിയ്ക്കാം

എങ്കിലും ഇസ്ലാമിന്നിടനെഞ്ചെന്നിന്ത്യയുടെ
ഈറൻതടങ്ങളിലുണർന്നിരിപ്പൂ

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan