പണ്ടിരുന്നിട്ടുണ്ടു നാം പകലിരവ്
തമ്മിലത്രമേലടുപ്പമുണ്ടാകയാൽ
മുള്ളുമൂർച്ചകൾ കനൽക്കല്ലുകളന്നു
നമ്മൾക്കു പൂവിരിപ്പായപ്പോൾ
ചന്തമേകാന്തമക്കോണിൽ നിൽക്കുന്ന
പൊന്ത നമ്മെയൊളിപ്പിച്ചു പച്ചയിൽ
ഗാഢമെന്തോ ചിന്തിച്ചു നിൽക്കയാ-
മാഴമായിക്കൊതിപ്പിച്ച ജലാശയം.
വയ്യ, വനശബ്ദതാരാവലി മൂളും
ചില്ലുജാലകമോർക്കാതിരിക്കുവാൻ
ഘനമിരുണ്ടുറച്ച പർവ്വതശിഖിര-
മന്നു മറ്റൊലിക്കൊണ്ടു നമ്മളെ.
ഇടറി വീഴുമാ മിഴിനീരരുവിയിൽ
ഇടയിലെപ്പോഴോ നീയിറങ്ങി നിന്നതും
മോദമന്ദസ്മിതമോതി നിന്നൊരാ
മധുരപുഷ്പം നിനക്കായ് പറിച്ചതും,
പിന്നെയേതോ കിനാവിൽ പിരിഞ്ഞു
നാമൊട്ടു കണ്ടാലുമന്യരായ് തീർന്നതും
അഗ്നിശൈലം പഴുത്തൊഴുകി കാലം
ഹൃദ്കുടീരങ്ങളെപ്പൊതിഞ്ഞിരിക്കവേ,
വിജനവീഥിയിൽ മാമരക്കൊമ്പുകൾ
ശിഥില സ്വപ്നമായ് കരിഞ്ഞുണങ്ങവേ
അന്തിമേഘം കലങ്ങിയ വിണ്ണിൽ
തൊട്ടു ഞാനെൻ മിഴി തുടയ്ക്കട്ടെ...
ശിവപ്രസാദ് പാലോട്
Comments
Post a Comment