Skip to main content

Posts

Showing posts from April, 2018

അപൂര്‍ണ്ണമൊരു മുരളീഗാനം

അന്തി ദീപത്തിന്നൊളി മങ്ങീടവേ, നിരത്തിലൂടെ ഞാന്‍ പകച്ചു പായവേ, കടുത്തൊരൊച്ചകള്‍ പ്രസവിക്കും ശര- ശസ്ത്ര മാരിപോല്‍ ശകടങ്ങള്‍ നീങ്ങെ, ക്ഷണിക ഭാവി പോല്‍ അനിശ്ചിതത്വത്തിന്‍ പ്രതീകഭംഗി പോല്‍ നിരത്തു നീളവേ, കിടമാത്സര്യവും മുള്ളു വീഴുന്ന ഭയപ്പേമാരിയും വികടഭാവിയും മനസ്സിലാര്‍ത്തുവന്നലക്കും സാഗര- ത്തിരകളെപ്പോലെ വിഷാദചിന്തകള്‍. ഒരു വേള,വേട്ടമൃഗത്തെ മാതിരി ആകുലതയാല്‍ തിരക്കിട്ടോടവേ, ശാന്തസൗവര്‍ണ്ണം പകരുമര്‍ക്കനോ, വഴിയോരത്തെഴും ചിരിക്കും പൂക്കളോ, ഹൃദയജാലകം തുറന്നിടാന്‍ മൃദു- സുഖദതെന്നലായകമൊന്നു പൂകാന്‍, വഴി കാണാതെയിരന്നു നില്ക്കവേ, വ്യഥിതചിത്തമങ്ങശാന്തി മൂടവേ, ഒരു നിലാച്ചിന്തായ്, കുളിര്‍ മാലേയത്തിന്‍  തളിര്‍ തലോടലായ്, തരള മാരിയായ്, ഒരു മുളന്തണ്ടിന്‍ മൃദുലഗീതികള്‍ അണി നിലാവുപോല്‍ എന്നെച്ചൂഴുന്നോ.? ചുറ്റും നോക്കവേ, പാത തന്നോരം മുരളി വില്ക്കുന്നൂ, ഒരു ചെറു ബാലന്‍. കനത്ത വെയ്ലിന്‍റെ കരിവാളിപ്പുകള്‍ വര്‍ത്തമാനത്തിന്‍ ഭയ ചരിതങ്ങള്‍. ശ്യാമസാന്ദ്രമാം വദനത്തില്‍ പൂത്ത നിലാവൊളി പോലെ സ്മേരവിസ്മയം. ഒരു വേള പിന്നെപ്പുനര്‍ജനിച്ചുവോ യദുവംശത്തിന്‍റെ തിലകിത നാളം.? ചൊടിമലര്‍ ...

ഉറക്കു പാട്ട്

        അലയും മുകിലോലും കാരുണ്യ വര്‍ഷം നീ- യുലയാത്ത സാന്ത്വന സ്വപ്നേന്ദു കിരണം നീ... പൊലിയാ നിലാവിന്‍റെ കുളിര്‍ ചിന്തു മധുരം നീ, കലികയായ്, അജ്ഞാത സമസ്യാദ്രി കണിക നീ.... ഇടറുമ്പോള്‍ തണുവേകുും തണലിന്‍റെ ചിമിഴു നീ, തൊടിയിലെ തുമ്പ തന്‍ നൈര്‍മല്യ തൂമ നീ, മടുമലര്‍ മകരന്ദം, നിറയന്തി നാളം നീ, തൊടുകുറിക്കുളിരു നീ,യൊരു നിശാഗന്ധി നീ, തരളം, തഴുകുന്ന തെന്നലിന്‍ ശീതം നീ, ഹരിതമാവനികയില്‍ കുയില്‍ തേടുമീണം നീ, ഒരു ശരത് സന്ധ്യ നീ, പുലരിത്തുടുപ്പു നീ, യരിയ മാഗന്ധ മൃദുസൂനസ്പര്‍ശം നീ.... നിറശ്യാമ മിഴികളെപ്പുണരുവാനായുമാ- മുറ തേടും നിദ്രയെ, വരവേല്പു നിന്നിലെ, മറയില്ലാ പ്രണയത്തിന്‍ പൊരുള്‍ തേടി നിസ്വനാ- യുറക്കുപാട്ടിന്നീരടികളുമായി ഞാന്‍...... (കേരള ഭൂഷണം വാരാന്തം) ശ്രീകുമാർ ചേർത്തല

Raji Chandrasekhar
ഇന്ന് കൊയ്തുത്സവം

-- Raji Chandrasekhar

ആഷാഢം

മൂകശോകച്ഛവി മുഖതാരില്‍ വീഴ്ത്തിയ, സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ, പൗരസ്ത്യ വാനത്തില്‍ മൊട്ടിട്ട മാരിവില്‍, കരികുസുമദലമായുതിര്‍ന്നീടവേ, ഏതോ മുരളിക ചുരന്നൊരു നിര്‍ഝരി, നിറനിലാഗീതി പോല്‍ കാതണയേ, സായന്തനപ്പൂക്കള്‍ കൊഴിയുന്ന മാനത്തു താരകാസൂനങ്ങളിതള്‍ വിടര്‍ത്തേ, ശ്യാമനിശീഥത്തിന്‍ മൃദുപാദനിസ്വനം നൂപുരധ്വനിയായി ഹൃത്തണയേ, സാഗരത്തിരകള്‍ പോല്‍ ആമുഗ്ദ്ധമാര്‍ക്കുന്ന സ്മരണാശ്രു കണിക നിന്‍ കപോലം പൂകെ, ഒരു മൗനരാഗം പോല്‍ വേപഥു നിന്‍ ദീപ്ത  മിഴികളിലാകെയിന്നാടി മാസം. ശ്രീകുമാര്‍ ചേര്‍ത്തല

ഒരു രാത്രിയുടെ ഓര്‍മ്മ

രാവേറെയായവസാന വണ്ടിയിറങ്ങി ഞാന്‍, ഉറങ്ങും നിരത്തിന്‍റെയരികില്‍. ഇരുള്‍ വഴിയില്‍ വീടിന്‍റെ സാന്ത്വനം തേടി ഞാന്‍ ധൃതിയില്‍ കിതച്ചു നടക്കേ, വിജനമാലസ്യത്തിലേക്കാണ്ടൊരു സ്റ്റാന്‍റിലെ  ബാഷ്പദീപങ്ങള്‍ അണഞ്ഞു. നിശ്വസിച്ചാര്‍ത്തങ്ങു വീശുന്ന കാറ്റു- മൊരല്പനേരത്തേക്കങ്ങു നിന്നു. തമസ്സിന്‍റെ കാണാക്കയങ്ങളില്‍ പെട്ടൊരാ അവനിയുമാകാശവുമൊന്നു പോലെ. ഇടക്കിടെ വീശുന്ന മിന്നലൊളികള്‍ തന്‍റെ വെള്ളിയില്‍ കാണുന്നു പാത. മക്കളൊറ്റക്കാക്കി നിര്‍ത്തിയ മാതാവു പോലങ്ങു വഴിയിലൊരു ജീര്‍ണ്ണിച്ച കൂര, ഒരു പിഞ്ചുകുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്നു, പടിയില്‍, നിന്നാക്കെട്ടിടത്തിന്‍. ആകാംക്ഷയാല്‍ പതിയെ ചെന്നെത്തി നോക്കുമ്പോള്‍ കീറിയ ചേലയിലൊരു യുവതാരുണ്യം. കുഞ്ഞിനെക്കൈകളിലേന്തിക്കൊണ്ടു മുല കൊടുത്തവള്‍ നില്പൂ നിലാവായ്. ''ഇങ്ങരികത്തല്പ നേരമിരിക്കുക,  ഈ രാത്രി നമുക്കാസ്വദിക്കാം.'' ഇടയില്‍ തുളിക്കുന്ന മിന്നലിന്‍ വെട്ടത്തി- ലൊരു ലാവണ്യത്തിന്‍റെ നോവ്. ഉടുതുണിക്കുമുദരത്തിനും തന്‍റെ കുഞ്ഞിനും അന്നത്തിനായവള്‍ കൈ നീട്ടുന്നു നീറ്റല്‍. കീശയില്‍ കയ്യിട്ടു കിട്ടിയ നോട്ടുകള്‍  പേലവ കരങ്ങളില്‍ വ...