Views:
മൂകശോകച്ഛവി മുഖതാരില്‍ വീഴ്ത്തിയ,
സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ,
പൗരസ്ത്യ വാനത്തില്‍ മൊട്ടിട്ട മാരിവില്‍,
കരികുസുമദലമായുതിര്‍ന്നീടവേ,
ഏതോ മുരളിക ചുരന്നൊരു നിര്‍ഝരി,
നിറനിലാഗീതി പോല്‍ കാതണയേ,
സായന്തനപ്പൂക്കള്‍ കൊഴിയുന്ന മാനത്തു
താരകാസൂനങ്ങളിതള്‍ വിടര്‍ത്തേ,
ശ്യാമനിശീഥത്തിന്‍ മൃദുപാദനിസ്വനം
നൂപുരധ്വനിയായി ഹൃത്തണയേ,
സാഗരത്തിരകള്‍ പോല്‍ ആമുഗ്ദ്ധമാര്‍ക്കുന്ന
സ്മരണാശ്രു കണിക നിന്‍ കപോലം പൂകെ,
ഒരു മൗനരാഗം പോല്‍ വേപഥു നിന്‍ ദീപ്ത
മിഴികളിലാകെയിന്നാടി മാസം.
ശ്രീകുമാര്‍ ചേര്‍ത്തല