Skip to main content

എന്റെ കണ്ണാ....:: Vipanchika Karthikeyan

മെസ്സേജ് വന്ന ശബ്ദം കേട്ട് കണ്ണൻ തന്റെ വാട്സപ്പ് ഓപ്പൺ ചെയ്തു മുഖത്തൊരു ചിരി വന്നു. അവളാവും ആ പൊട്ടി പെണ്ണ്.. പരാതിപ്പെട്ടി.
കുറച്ചു ദിവസമായി അവളോട്‌ മിണ്ടിയിട്ട്.. നെറ്റ് ഓൺ ആക്കിയതേ ഉള്ളൂ.. ഇന്ന് പരിഭവത്തിന്റെ മഴയാവും...
മെസ്സേജ് നോക്കിയ അവനോർത്തു എഴുത്തു നിർത്തിയെന്നു പറഞ്ഞിട്ട് വീണ്ടും തുടങ്ങിയോ ഈ പെണ്ണ്.. ചിരിയോടെ അവനാ മെസ്സേജ് വായിച്ചു തുടങ്ങി...
പ്രണയം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞ നാൾ മുതൽ ഞാനും  പ്രണയിച്ചിരുന്നു കണ്ണാ...
ഒരുപാട് ഒരുപാട് ഞാനയാളെ സ്നേഹിച്ചു അയാളെന്നെയും...
എന്റെ സന്തോഷങ്ങളും സങ്കടങ്ങളിലും അയാളെനിക്ക് താങ്ങും തണലുമായി.. പലപ്പോഴും ഞങ്ങൾ വഴക്കിടുമായിരുന്നു..
എങ്കിലും ഒരു നിമിഷം പോലും പിരിഞ്ഞിക്കാൻ വയ്യായിരുന്നു ഞങ്ങൾക്ക്.. അത്രമേൽ പ്രണയ മായിരുന്നു ഞങ്ങൾക്ക്...
എന്റെ കുറുമ്പുകളെ നെഞ്ചോട്‌ ചേർക്കുന്ന.. എന്റെ പരാതികളെയും പരിഭവങ്ങളെയും പുഞ്ചിരിയോടെ നോക്കുന്ന അയാളെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു...
എന്റെ ജീവിത്തിലേക്ക് വന്ന ഓരോരുത്തരിലൂടെയും ഞാനയാൾക്ക് ജീവൻ കൊടുക്കാൻ ശ്രമിച്ചു.. ഇല്ല അയാളെപ്പോലെ ആരും വന്നില്ല.. എല്ലാവരും സ്വാർത്ഥരായിരുന്നു അവരുടെ ആവശ്യങ്ങൾ വേറെ ആയിരുന്നു..
ഞാനെന്റെ കാത്തിരിപ്പ് തുടർന്നു.. എന്റെ കഴുത്തിലെ താലിയുടെ ഉടമയിലും അയാളുണ്ടായിരുന്നില്ല കണ്ണാ...
നിന്നിലും ഞാനയാളെ തിരഞ്ഞു...
എനിക്ക് കണ്ടുകിട്ടിയില്ല...
കേൾക്കുന്നവർ ഒരുപക്ഷെ എന്നെ കല്ലെറിയുമായിരിക്കും.. ഞാനിപ്പോഴും പേരില്ലാത്ത മുഖമില്ലാത്ത ജീവൻപോലും ഇല്ലാത്ത അയാളെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ.. എനിക്ക് ഭ്രാന്താണെന്ന് നീയും ചിന്തിക്കുകയാവും. സാങ്കല്പിക പുരുഷനെ ഇത്രമേൽ പ്രണയിക്കുന്നവൾ എന്ന് പുച്ഛം തോന്നുന്നുണ്ടാവും..
അയാളെന്റെ ആത്മാവാണ്..
എന്നിലെ സ്ത്രീയെ അറിഞ്ഞവനാണ്..
ഒരു പക്ഷെ അതെന്റെ മരണമാവാം..
നീ എന്നോട് ക്ഷമിക്കൂ കണ്ണാ..
എന്റെ ആത്മാവിൽ തൊടാൻ നിനക്കായില്ല..
എന്റെ ആത്മാവ് സ്വന്തമാക്കുന്നവന് മാത്രമേ എന്റെ ശരീരത്തിലും അവകാശമുള്ളൂ...
എന്റെ കാത്തിരിപ്പ് ഞാൻ അവസാനിപ്പിക്കുകയാണ്.. അങ്ങനെ ഒരാൾ ഇനി  കടന്നു വരില്ല.
ഞാൻ ആ സത്യം തിരിച്ചറിയുന്നു... ഇത്രയും കാലം ഞാൻ പ്രണയിച്ചതും കാത്തിരുന്നതും ഒരു പക്ഷേ എന്റെ മരണത്തിനെയാവുമോ, അവനായിരിക്കുമോ  എന്റെ പ്രണയം. ഞാനെന്നെ അവനു സമർപ്പിക്കുകയാണ്...
പെണ്ണെന്നാൽ ഒരു ശരീരം മാത്രമല്ല അതിനുള്ളിൽ ഒരു കുഞ്ഞു ഹൃദയമുണ്ട്...
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഹൃദയം..
ഈ മെസ്സേജ് നീ വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തിൽ നിന്ന് പോയിട്ടുണ്ടാവും..
നിനക്ക് നൽകിയ വാക്കുകളൊന്നും പാലിക്കാൻ എനിക്കാവില്ല കണ്ണാ..
എന്നെ നിനക്ക് നൽകാൻ എനിക്കാവില്ല...
നീ എന്നോട് ക്ഷമിക്കണം..
ഒരു നിമിഷം കണ്ണിൽ ഇരുട്ടുകേറുന്നപോലെ അവൻ മെസ്സേജ് വന്ന തീയതിയും സമയവും നോക്കി..
ഈശ്വരാ ഇന്നലെ രാത്രിയാണല്ലോ ഇനി എന്ത് ചെയ്യും...എങ്ങനെ അറിയും..
അവന്റെ മനസ്സിലേക്ക് അവളുടെ കണ്ണീരിൽ കുതിർന്ന മുഖം തെളിഞ്ഞു വന്നു..
അവളെ പരിചയപ്പെട്ടത് മുതൽ ഉള്ള കാര്യങ്ങൾ അവന്റെ ഓർമ്മയിലേക്ക് വരുകയായിരുന്നു..
തമാശക്കായിരുന്നു അവളോട്‌ സംസാരിച്ചു തുടങ്ങിയത് അവളെ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടില്ല...
ഫേസ്ബുക് വഴി പരിചയപ്പെട്ടു..  പിന്നെ അത് ചാറ്റിങ്ങിലേക്ക് വഴിമാറി...
എപ്പോഴോ ഒരിഷ്ടം തോന്നിത്തുടങ്ങി..
അവൾക്കെപ്പോഴും  തമാശയായിരുന്നു...
എങ്കിലും തന്നെ കണ്ടില്ലെങ്കിൽ അവൾക്കു സങ്കടമായിരുന്നു... അവളാണ് തനിക്ക് കണ്ണനെന്ന വിളിപ്പേര് നൽകിയത്...
കൊച്ചു കുട്ടികളുടെ സ്വഭാവമായിരുന്നു പെണ്ണിന്..
തന്നെക്കാളും പ്രായക്കൂടുതൽ ഉണ്ടെന്നറിയാമായിരുന്നിയിട്ടും താനവളെ എടി പോടീ എന്നൊക്കെയാണ് വിളിച്ചിരുന്നത്...
ഒരു തൊട്ടാവാടി പെണ്ണ്..  ഈ ബന്ധം  ഈശ്വരനല്ലാതെ വേറെ ഒരാൾ അറിയരുതെന്ന് പറഞ്ഞതും അവളായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞവൾ...
താനവളെ സ്നേഹിച്ചിരുന്നില്ലേ..  ഉവ്വ് സ്നേഹിച്ചിരുന്നു... എന്നിട്ടും എന്തിനാണവൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. . 
തനിക്ക് അവളുടെ ശരീരം മാത്രമാണ് ആവശ്യം  എന്ന് താൻ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണോ
അവളെ വേദനിപ്പിച്ചത്.
എഴുതാപ്പുറം വായിക്കുന്നത് പെണ്ണിന്റെ ഹോബി ആണ്.. അതും പറഞ്ഞു എപ്പോഴും തല്ലു കൂടുമായിരുന്നു.. നീ എഴുതുന്നത് കൊണ്ടാണ് ഇങ്ങനെയെന്നു പറയുമ്പോൾ പെണ്ണിന് ദേഷ്യം വരുമായിരുന്നു..
അവൾ ആഗ്രഹിക്കുമ്പോഴൊക്കെ
ഓൺലൈൻ ചെല്ലണം ഇല്ലെങ്കിൽ പിന്നെ പരാതിയായിരുന്നു..
എത്ര പറഞ്ഞിട്ടും കാര്യമില്ല...
അവളുടെ സ്നേഹക്കൂടുതലാണ് ഇതിനു കാരണം എന്നറിയാവുന്നതുകൊണ്ട് താൻ എല്ലാം  ആസ്വദിക്കുകയായിരുന്നു...
എന്നിട്ടും എന്താണവൾക്ക് ഇങ്ങനെ തോന്നാൻ...
ആരോട് ചോദിക്കും...
വിളിക്കാനും പറ്റില്ലല്ലോ..
പെട്ടെന്ന് അവനു തോന്നി അവരുടെ രണ്ടുപേരുടെയും ഒരു ഫ്രണ്ട് ഉണ്ട് അവനെ വിളിക്കാം..
എവിടെ ആണെന്ന് ചോദിക്കാം.. ചിലപ്പോൾ അറിയാൻ കഴിഞ്ഞേക്കും..
ഓരോ സെക്കൻഡും അവനു മണിക്കൂറുകളായാണ് അനുഭവപ്പെട്ടത്..
ആദ്യം വിളിച്ചിട്ട് ഫോൺ എടുത്തില്ല.
രണ്ടാം വട്ടം ഫോൺ എടുത്ത സുഹൃത്ത് പറഞ്ഞു
എടാ ഞാൻ ഒരു മരണ വീട്ടിലാ വന്നിട്ട് വിളിക്കാം...
ആരാ മരിച്ചത് - വിറയാർന്ന സ്വരത്തിൽ അവൻ ചോദിച്ചു..
നീ അറിയും ചേച്ചിയെ...
പിന്നീട് പറഞ്ഞതൊന്നും അവൻ കേട്ടില്ല...
അവനു തന്റെ ശ്വാസം നിലയ്ക്കുന്നപ്പോലെ തോന്നി.. എല്ലാം അവസാനിച്ചിരിക്കുന്നു..
തന്റെ ചെറിയ വാശി അവളുടെ ജീവൻ കളഞ്ഞിരിക്കുന്നു...
ഭൂമി കീഴ്മേൽ മറിയുന്നതായി അവനു തോന്നി...
ചുറ്റും ഇരുട്ട് മാത്രം..
പിന്നെ, അവളുടെ കണ്ണാ എന്ന  തേങ്ങലും.

By വിപഞ്ചിക  കാർത്തികേയൻ


Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan