യുവമോർച്ച സേവാസെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുണയേകി ടി.പി.സെൻകുമാർ ; നിരാലംബയായ പെൺകുട്ടിക്ക് വീട് നിർമ്മിച്ചു നൽകുന്നു.

Views:


തിരുവനന്തപുരം: യുവമോർച്ച സേവാ സെൽ നിർമ്മിച്ച് നൽകുന്ന തിരുവനന്തപുരം ജില്ലയിലെ രണ്ടു വീടുകളിൽ ഒന്നിന് താങ്ങായി മുൻ ഡി.ജി.പി ടി.പി.സെൻകുമാർ രംഗത്തെത്തി. 

തിരുവന പുരം  വെൺപാലവട്ടം ഈറോഡ് ലക്ഷം വീട് കോളനിയിലെ   റ്റി.സി 14/39 ൽ കെ.രാജൻ - മിനി ദമ്പതികളുടെ മകൾ എം. സ്നേഹ രാജ് (18) നാണ് വീട് നിർമ്മിച്ചു നൽകുന്നത്.

പട്ടം സെൻറ് മേരീസ് ഗേൾസ് സ്കൂളിൽ നിന്നും പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയ സ്നേഹ രാജ് നിർദ്ദന ഹരിജൻ കുടുംബത്തിലെ അംഗമാണ്. ചോർന്നൊലിക്കുന്ന ഷെഡിൽ നിന്നും, കഷ്ടപാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന്  പഠിച്ചാണ്  സ്നേഹ രാജ് പ്ലസ് ടു പരീക്ഷയിൽ ഉന്നത മാർക്ക് നേടിയത്. സ്നേഹയുടെ തുടർ പഠന ചെലവുകൾ സേവാഭാരതി ഏറ്റെടുത്തു.

ടി.ബി രോഗിയായ അച്ഛനും ഹൃദ്‌രോഗിയായ അമ്മയും അനുജനും അമ്മൂമ്മയും അടങ്ങുന്ന സ്നേഹയുടെ കുടുംബം അന്തിയുറങ്ങുന്നത് അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡിലാണ്. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് യുവമോർച്ച സംസ്ഥാന സേവാ സെൽ സ്നേഹയ്ക്കൊരു വീട് വെച്ച് നൽകാൻ തീരുമാനിച്ചു. ഇതറിഞ്ഞ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ വീട് നിർമ്മാണത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.

ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ടി.പി.സെൻകുമാർ, ബി.ജെ.പി തിരുവനന്തപുരം ജില്ല അദ്ധ്യക്ഷൻ അഡ്വ.സുരേഷ്, വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാർ, യുവമോർച്ച സംസ്ഥാന  സേവ സെൽ കൺവീനർ ബാബു, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്ത്, ഏരിയ പ്രസിഡന്റ് സുബാഷ് എന്നിവരുടെ സാന്നിധ്യത്തിൽ വീടിന്റെ കോൺക്രീറ്റ് വർക്കുകൾ പൂർത്തിയാക്കി. 

യുവമോർച്ച സംസ്ഥാന സേവാ സെല്ലിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരും, നിരാലംബരുമായവർക്കായി തിരുവനന്തപുരം ജില്ലയിൽ ഒരുക്കുന്ന രണ്ടാമത്തെ വീടാണിത്. 

ആദ്യ വീട് നെടുമങ്ങാട് മണ്ഡലത്തിൽ കരകുളം പഞ്ചായത്തിൽ ആറാംകല്ലിൽ നിർദ്ധന കുടുംബം ശിവൻ - അഖില ദമ്പതികൾക്കുള്ളതാണ്. അതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

യുവമോർച്ച സംസ്ഥാന സെക്രട്ടറിയും, ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിക്കാനായി ഉന്നത സുരക്ഷാവലയം മറികടന്ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കടന്ന രാഖേന്ദു ഉൾപ്പടെയുള്ള യുവമോർച്ച പ്രവർത്തകരാണ്  ഈ രണ്ട് വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്