Jagan :: പൊറാട്ടു നാടകം

Views:

പ്രതിദിനചിന്തകൾ
പൊറാട്ടു നാടകം

അടിച്ചമർത്തപ്പെട്ടവരുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അധസ്ഥിതരുടെയും ഉന്നമനത്തിനായി ഐതിഹാസികമായ സമര പോരാട്ടങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനം. ആയിരക്കണക്കിന് രക്തസാക്ഷികളുടെ രക്തം കൊണ്ട് ശക്തി പ്രാപിച്ച പ്രസ്ഥാനം. ജനലക്ഷങ്ങളുടെ ആശയും ആവേശവും ആയ പ്രസ്ഥാനം. ദീർഘവീക്ഷണമുള്ള, പരിണതപ്രജ്ഞരായ, മഹാരഥന്മാർ പട്ടിണി കിടന്നും, ഒളിവിൽ കഴിഞ്ഞും നിസ്വാർത്ഥമായ  സേവനത്തിലൂടെ നയിച്ച പ്രസ്ഥാനം. ഇതൊക്കെ ആയിരുന്നു പണ്ടുകാലത്ത ഈ പ്രസ്ഥാനം.
 

ഇന്നോ ? 
അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന പ്രസ്ഥാനം. അധികാരവും, ഭരണവും കോർപറേറ്റുകളുടെ ഉന്നമനത്തിനും, നേതാക്കന്മാരുടെ  ഉദരപൂർണ്ണത്തിനും, സ്വജന പക്ഷപാതത്തിനും,  വൈരനിര്യാതനത്തിനും, ധനസമാഹരണത്തിനും മാത്രം. 

പ്രസ്ഥാനത്തിന്റെ മഹത്വവും, ഉദ്ദേശലക്ഷ്യങ്ങളും, ആവേശോജ്വലമായ ചരിത്രവും ആഭാസന്മാരായ സ്വന്തം മക്കളെ പോലും പഠിപ്പിക്കാനോ, ചുരുങ്ങിയപക്ഷം നേർവഴിക്കു നയിക്കാനോ  കഴിവില്ലാത്ത നേതാവ് ലക്ഷക്കണക്കിന് അണികളെ "നയിക്കുന്നു". മക്കൾ കാട്ടിക്കൂട്ടുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും, ഹവാല ഇടപാടുകളും ഒക്കെ മൂടിവയ്ക്കാനും അവരെ തള്ളിപ്പറയാനും നേതാവിനെ ഉപദേശിക്കുന്ന ഉന്നത നേതൃത്വം.. ! അതിനനുസരിച്ച്‌ പൊറാട്ടു നാടകം കളിക്കുന്ന അച്ഛൻനേതാവും, സഹാനേതാക്കന്മാരും, കുഴലൂത്തുകാരും..... !!
എല്ലാ വിഴുപ്പു ഭാണ്ഡവും മനസ്സില്ലാ മനസ്സോടെ ചുമക്കാൻ വിധിക്കപ്പെട്ട അണികൾ.....!!!
ഇതൊക്കെയാണ് ഇന്ന് ഈ പ്രസ്ഥാനം. സർവത്ര മൂല്യച്ച്യുതി, തകർച്ച.


വിരുദ്ധ ചിന്താഗതിക്കാർ പ്രസ്ഥാനത്തിൽ ഇല്ലെന്നല്ല. പക്ഷെ, അവർക്ക് നിസ്സഹായരായി, നിശബ്ദം  ഈ തകർച്ച നോക്കി നില്ക്കാൻ അല്ലാതെ ഒന്നിനും കഴിയുന്നില്ല.

ചെറുപ്പകാലത്ത് ഈ പ്രസ്ഥാനത്തിന് വേണ്ടി വൃഥാ  വിയർപ്പൊഴുക്കിയ നാളുകളെ ഓർത്ത് ഈയുള്ളവൻ ഖേദിക്കുന്നു.