കുട്ടനിന്നാദ്യമായി പോകുന്നു കാണുവാൻ
വിദ്യ പകരുന്ന സ്നേഹാലയം,
വീട്ടിന്നരികിലെ വിദ്യാലയം..
കുഞ്ഞു കരം പിടിച്ചുൽസാഹമോടെ
കുഞ്ഞേച്ചി കൂടെയുണ്ടല്ലോ,
കുട്ടന്റെ കുഞ്ഞേച്ചി കൂടെയുണ്ടല്ലോ.
അച്ഛനുമമ്മയും പിന്നിലായുണ്ടേ,
ഉൽസവം കാണുവാൻ കൂടെ,
സ്കൂളിലുൽസവം കാണുവാൻ കൂടെ.
അച്ഛൻ കൊടുത്ത പുതുക്കുപ്പായമിട്ടു
കുട്ടനു മുൽസാഹമേറി
അക്ഷര പൂമുറ്റം കാണാൻ..
അക്ഷരവാടിയിൽ പാറിക്കളിക്കുന്ന
കൊച്ചു കിടാങ്ങളുണ്ടേറേ ,
ആയിരം ചിത്ര പതംഗങ്ങൾ ചാരേ..
അക്ഷരത്തോണിയിൽ തത്തിക്കളിക്കുന്ന
കുഞ്ഞു ബലൂണുകളുണ്ടേ,
തെയ്തകം പാടുന്ന വർണ ബലൂണുകളുണ്ടേ..
ടീച്ചർ വന്നെത്തി, മിഠായി നൽകി,
കുശലങ്ങളോരോന്നു ചൊല്ലി ..
കുട്ടികൾ കൊഞ്ചിച്ചിരിച്ചു ...
'അമ്മയെപ്പോലൊരു സുന്ദരി ടീച്ചർ'
കുട്ടൻ മനസ്സിൽ നിനച്ചു,
ജനലിലൂടമ്മയെ നോക്കിച്ചിരിച്ചു..
ഒരു പാട്ടു ടീച്ചർ ഈണത്തിൽ പാടി,
കുട്ടികൾ പാട്ടേറ്റു പാടി,
അവർ താളത്തിൽ കൈകൊട്ടി പാടി..
പുതുമണം പേറുന്ന പുസ്തകം കിട്ടി
കുട്ടികൾ പുഞ്ചിരി തൂകി, അവർ
പുസ്തകത്താളുകൾ നോക്കി.
താളിലെ തത്തയും തവളയും കണ്ടവർ
അത്ഭുതലോകത്തു ചെന്നു,
ആഹ്ലാദ ചിത്തരായി നിന്നു...
ഉല്ലാസമേളം, ഉൽസാഹമേളം ,
ശബ്ദമുഖരിത രംഗം,
ആകെയൊരുത്സവമഞ്ജീരഘോഷം..
--- ആനന്ദക്കുട്ടൻ മുരളീധരൻ നായർ
01/5/2019
01/5/2019
Comments
Post a Comment