Views:
”മുലക്കരവുമായി ബന്ധപ്പെട്ടിരുന്ന പ്രശ്‌നം സാമ്പത്തികമായിരുന്നു. ദാരിദ്ര്യമായിരുന്നു. മുലക്കരം കൊടുക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ട് മുല അരിഞ്ഞു കൊടുത്തു എന്നും അങ്ങനെ ചെയ്തവരുടെ പേര് നങ്ങേലി എന്നായിരുന്നുവെന്നുമുള്ള മിത്തുകള്‍ പ്രചരിച്ചു തുടങ്ങിയ കാലവും കൂടിയാണിപ്പോള്‍”
ഡോ. ടി. കെ. ആനന്ദി
ജനപഥം, ജനുവരി 2019
പതിനെട്ടാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്ഥിതി ജാതീയമായ തട്ടുകളില്‍ അധിഷ്ഠിതമായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. ചെറുകിട /നാട്ടുരാജാക്കന്‍ന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ നാടുവാഴികളും ഇടപ്രഭുക്കന്മാരും ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്നതിന് പരസ്പരം മത്സരിക്കുന്ന അവസ്ഥ പലേടത്തും പ്രകടവുമായിരുന്നു. എന്നാല്‍ ഈ കൂരിരുട്ടിലും സ്ഫുടതാരകള്‍ തെളിഞ്ഞുനിന്നിരുന്നുവെന്നതും നാം മറന്നുകൂടാ. നിര്‍ഭാഗ്യവശാല്‍, ഭൂതകാലത്തിലെ അത്തരം ശോഭായമാനമാര്‍ന്ന ചിത്രങ്ങള്‍ നമ്മുടെ ചരിത്രപ്പകര്‍പ്പുകളില്‍ അധികമാരും കോറിയിട്ടിട്ടില്ല.
ജനങ്ങളുടെമേല്‍ അമിതഭാരമായി അടിച്ചേല്‍പ്പിക്കപ്പെട്ട പലവിധ നികുതികള്‍, കൂലികൊടുക്കാതെ സര്‍ക്കാര്‍ ആവശ്യത്തിലേക്കായി അടിമജനതയെ നിഷ്ഠുരമായി പണിയെടുപ്പിക്കുന്ന 'ഊഴിയവേല' തുടങ്ങിയവ ഇത്തരം ചൂഷണങ്ങളില്‍പ്പെടുന്നു. തലക്കരം, മുലക്കരം എന്നൊക്ക ഇന്നറിയപ്പെടുന്ന നികുതി സമ്പ്രദായങ്ങള്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.
എന്നാല്‍, ഏറെപ്പേരും ഇന്നു കരുതുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതുപോലെ, ഏതെങ്കിലും ശരീരാവയവങ്ങളുടെ വളര്‍ച്ചയോ, വലുപ്പമോ അനുസരിച്ച് ഒടുക്കേണ്ട നികുതിയായിരുന്നില്ല, ഇവ.
തലക്കരത്തിലെ 'തല' എന്നത് പുരുഷ തൊഴിലാളിയെയും, മുലക്കരത്തിലെ 'മുല' എന്നത് സ്ത്രീ തൊഴിലാളിയെയും കുറിക്കുന്ന സംജ്ഞാപദങ്ങളായിരുന്നു, പണ്ട്. എന്നാല്‍, മാറിയ സാമൂഹിക സാഹചര്യങ്ങള്‍ക്കുളളില്‍ നിന്നുകൊണ്ട് ഭൂതകാലത്തെ അകാരണമായി ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍, യുക്തിയും നേരും ചരിത്രവും വസ്തുതകളും മറന്ന് തലക്കരവും മുലക്കരവും അവയവങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തപ്പെട്ട നികുതിപ്പണമാണെന്നാരോപിച്ച് ജനതയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നതാണു വാസ്തവം.
ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയെന്നറിയപ്പെടുന്ന സ്ഥലം, പഴയ നാട്ടുവ്യവഹാരങ്ങളില്‍ 'മുലച്ചിപ്പറമ്പ്' എന്നാണ് അറിയപ്പട്ടിരുന്നത്. അതേപ്പറ്റി ഏതാനും വര്‍ഷങ്ങളായി ചില ഐതിഹ്യങ്ങളും പ്രചരിച്ചുവരുന്നു. 'പ്രചരിക്കുക' എന്നതിലുപരി, 'പ്രചരിപ്പിക്കുക' എന്നുപറഞ്ഞാല്‍ കൂടുതല്‍ ശരിയാവും.
ചില കേന്ദ്രങ്ങള്‍ക്ക് തീരെ രുചിക്കാത്തതും അഹിതകരവുമായ, ദേശീയ തലത്തിലുളള രാഷ്ടീയ മാറ്റങ്ങളും, അതിനനുകൂലമായി കേരളത്തിലുണ്ടായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ടീയാനുഭാവവും ഇത്തരം കഥാ പ്രചാരണത്തിന് അടിയൊഴുക്കായിത്തീര്‍ന്നിട്ടുണ്ടെന്ന് അനുബന്ധ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാനാവും.തെരുവു നാടകങ്ങള്‍, പാട്ടുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം കൃത്യമായി സംഘടിപ്പിച്ച്, ഒരു നുണയെ നൂറ്റൊന്നാവര്‍ത്തിച്ച്, ആവര്‍ത്തനങ്ങളുടെ അടരുകള്‍ കൊരുത്ത് ജനവിജ്ഞാനീയത്തില്‍ വിഷലിപ്തമായ ഓര്‍മ്മകള്‍ നിക്ഷേപിക്കാന്‍ അണിയറക്കാര്‍ ശ്രദ്ധിച്ചു. അതിലവര്‍ ഏറെ നേടുകയും ചെയ്തു.
വേലുത്തമ്പി ദളവയായിരുന്ന കാലത്താണ് മുലച്ചിപ്പറമ്പിലെ 'ദാരുണ'സംഭവം നടന്നതെന്നാണ് നവാഐതിഹ്യവാദികള്‍ അവകാശപ്പെടുന്നത്. അവരുടെ കഥനമനുസരിച്ച് വേലുത്തമ്പി ദളവയുടെ ആജ്ഞാനുവര്‍ത്തികള്‍, അഥവാ രാജഭടന്മാരും ഉദ്യോഗസ്ഥരും, നികുതി പിരിക്കാന്‍ വരുന്നു. വീട്ടുകാരിയുടെ അധികം വളര്‍ന്ന മുലയുടെ കരം പിരിക്കാനാണത്രേ, അവരുടെവരവ്. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ട നാട്ടില്‍, നികുതി അടക്കാന്‍ ഒട്ടുമേ നിര്‍വ്വാഹമില്ലാതിരുന്ന വീട്ടമ്മ പ്രതിഷേധസൂചകമായി വീട്ടിനകത്തേക്ക് കയറിപ്പോവുകയും ഒരു വാഴയിലയില്‍ തന്‍റെ കുചകുംഭങ്ങള്‍ അറുത്തെടുത്ത് ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ കൊണ്ടുവെച്ച്, 'ദാ ഇതെടുത്തോളൂ' എന്നു പറഞ്ഞ് കുഴഞ്ഞു വീണു മരണം വരിച്ചെന്നുമാണ് കഥ. മാത്രമല്ല, അവരുടെ ചിതയില്‍ച്ചാടി ഭര്‍ത്താവ് സഹമരണം വരിച്ചുവെന്നാണ് കഥയുടെ അനുബന്ധം. അങ്ങനെ മുലമുറിച്ചു കാണിക്കവെച്ച സത്രീയുടെ നിത്യസ്മരണയില്‍ നിന്നാണ് പ്രസ്തുത പറമ്പിന് മുലച്ചിപ്പറമ്പ് എന്ന പേരു വന്നത്രേ.!
തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളെയും കുടുംബശ്രീ കൂട്ടായ്മയെയും വൈകാരികമായി കീഴടക്കാനും അവര്‍ക്കിടയില്‍ രാഷ്ടീയ സ്വാധീനമുറപ്പിക്കാനും ഈ കഥ പലരൂപത്തില്‍ ഇതിനിടയില്‍ ആവര്‍ത്തിക്കപ്പെട്ടു. മുലച്ചിപ്പറമ്പിനുമേല്‍ വളര്‍ന്നുവരുന്ന ഇത്തരം കപോലകല്പിത മിഥ്യാവത്ക്കരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ ഏകതയെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണെന്ന് നിസ്തര്‍ക്കമാണ്. അതാണ് അതിന്‍റെ രാഷ്ടീയവും.കഥയുടെ വേരുചികഞ്ഞു പോയാല്‍, ഏകദേശം കാല്‍നൂറ്റാണ്ടിനിപ്പുറം മാത്രം പഴക്കമേ പ്രസ്തുത ഐതിഹ്യത്തിനുളളൂവെന്നതാണ് വാസ്തവം. എന്നാല്‍, 2013 ല്‍ കണ്ണൂര്‍ സ്വദേശിയായ ടി. മുരളി എന്ന ചിത്രകാരന്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ മുലച്ചിപ്പറമ്പിലെ നായികയായ സ്ത്രീയുടെ മിത്തിനെ (മിഥ്യയെ) ആസ്പദമാക്കി ഒരു ചിത്രപരമ്പര തയ്യാറാക്കി. 'അമണ' എന്നപേരില്‍ അവയുടെ പ്രദര്‍ശനവും കെങ്കേമമായി നടത്തി. ഇതിനകം നമ്മുടെ നവാഐതിഹ്യകഥയിലെ നായികക്ക് നാമകരണവും നടന്നുകഴിഞ്ഞിരുന്നു. 'നങ്ങേലി'യായി അവള്‍ നാവുകളില്‍ വളര്‍ന്നു പന്തലിച്ചു. ചേര്‍ത്തലയിലെ ആ പറമ്പില്‍ അവസാനമായി താമസിച്ചത് ഒരു ഈഴവ കുടുബമായിരുന്നതുകൊണ്ട്, നങ്ങേലി അവരുടെ ബന്ധുവായ ഈഴവ സ്ത്രീയായി കൊണ്ടാടപ്പെട്ടു. നങ്ങേലിയുടെ ഭര്‍ത്താവിനും പേരുകിട്ടി. ചിരുകണ്ടന്‍ അഥവാ കണ്ടപ്പന്‍. അവര്‍ക്കിരുവര്‍ക്കും, ദാമ്പത്യത്തില്‍ മക്കളില്ലായിരുന്നുവെന്ന് കഥക്ക് വിപുലീകരണം വരുന്നുത് ഈ ഘട്ടത്തിലാണ്. പറമ്പിലെ ഇപ്പോഴത്തെ താമസക്കാരെ നങ്ങേലിയുടെ പിന്‍ഗാമികളാക്കി പത്രങ്ങള്‍ സ്റ്റോറികള്‍ ചെയ്തു രംഗം കൊഴുപ്പിച്ചു.
കഥയെന്ന നിലയില്‍ യുക്തിഭദ്രമെന്നു തോന്നുന്ന ഈ ഐതിഹ്യ കഥനത്തില്‍ പറ്റിയ പരമാബദ്ധം, നായികയ്ക്കു നല്‍കപ്പെട്ട നങ്ങേലി എന്ന പേരുതന്നെയാണ്. ജാതി വ്യവസ്ഥക്കെതിരെയും ചൂഷണത്തിനെതിരെയും ഒരു 'ഐക്കണ്‍' എന്ന നിലയില്‍ വികസിച്ചു വരുന്ന ഈ കഥയില്‍, പക്ഷേ, ഒരു ഈഴവ സ്ത്രീയ്ക്ക് 'നങ്ങേലി'യെന്ന പേര് അക്കാലത്ത് എങ്ങനെ ഉണ്ടായിവന്നുവെന്നത് കഥയുടെ യുക്തിയെ, അതിനകത്തുനിന്നുതന്നെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം, തികഞ്ഞ യാഥാത്ഥിതികത കൊടികുത്തിയിരുന്ന അക്കാലത്തെ സാമൂഹികാന്തരീക്ഷത്തില്‍, ബ്രാഹ്മണപ്പെണ്‍കുട്ടികള്‍ക്കു മാത്രമേ നങ്ങേലി എന്ന പേര് നല്‍കപ്പെട്ടിരുന്നുളളൂ. നമ്മുടെ കഥയില്‍ നായിക നമ്പൂതിരിപ്പെണ്ണല്ല, ഈഴവ സ്ത്രീയാണെന്നുറപ്പുമുണ്ട്.! നങ്ങലിക്കും കണ്ടപ്പനും മക്കള്‍ ഇല്ലായിരുന്നുവെന്ന അനുബന്ധ വിശദീകരണത്തോടെ, അവരുടെ പിന്‍തലമുറയെപ്പറ്റിയുളള, പില്‍ക്കാല അന്വേഷണത്തെ വിദഗ്ദ്ധമായി തടയുന്നതിനു പുറമേയാണിത്. ഭാര്യയുടെ 'ചിതയില്‍ച്ചാടി' ഭര്‍ത്താവ് സഹമരണം വരിച്ചതും കഥയില്‍ ചോദ്യത്തിന്‍റെ സാദ്ധ്യതയെ ഇല്ലാതാക്കി.
സതിയെന്ന ദുരാചാരം കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യവും നുണക്കഥാ പ്രചാരകര്‍ വിസ്മരിക്കന്നുണ്ട്. എങ്കിലും, കഥാനായികയനുഭവിക്കുന്ന 'കടുത്ത ദാരിദ്ര്യം' നങ്ങേലിയോടുളള അനുതാപം വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍, ദേശീയ വിരുദ്ധമായി ഒരു മിത്തിനെ സമൃദ്ധമായി ഉപയോഗിക്കാനുളള പശ്ചാത്തലത്തില്‍, കഥയെ സമത്ഥമായി വളര്‍ത്തി വിടര്‍ത്തി.
'അമണ'യുടെ പ്രദര്‍ശന വിജയത്തെക്കുറിച്ചുളള വാര്‍ത്തകളിലൂടെ തിരുവിതാംകൂറില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അത്യാചാരമെന്നനിലയില്‍ മുലക്കരം വലിയ ചര്‍ച്ചയായി. നങ്ങേലിക്കഥ ദേശാതിര്‍ത്തികളും ഭേദിച്ച് ബി. ബി. സിയുടെ കാതിലുമെത്തി. ബി. ബി. സിയുടെ ഹിന്ദി ചാനലില്‍ മുലക്കരത്തെക്കുറിച്ചും നങ്ങേലിയെക്കുറിച്ചും വിവരണങ്ങളുള്‍പ്പെടുത്തി വലിയപ്രാധാന്യം നല്‍കി പരിപാടികള്‍ താമസംവിനാ സംപ്രേഷണം ചെയ്തു. എന്നാല്‍ ഇവിടെവരെ ആരും നങ്ങേലിയെന്ന മിഥ്യാകഥനത്തിലെ അയുക്തിയെക്കുറിച്ചും അവാസ്ഥവത്തെക്കുറിച്ചും ചോദ്യം ചെയ്തു കണ്ടില്ല.
ചിത്രകാരന്‍ മുരളിക്ക് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു ബുളളറ്റിനില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കവിയൂര്‍ ബ്രാഞ്ചിലെ എം. എ വിജയന്‍ എഴുതിയ കുറിപ്പില്‍ നിന്നാണ്, നികുതിക്കെതിരെ മുലമുറിച്ചു നല്‍കിയ നങ്ങേലിയുടെ കഥ കിട്ടിയതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
എന്നാല്‍ 1937 ല്‍ പ്രസിദ്ധീകരിച്ച പ്രമുഖ ഗവേഷകന്‍ കെ. എല്‍. അനന്തകൃഷ്ണ അയ്യരുടെ 'ദി ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് ക്സ്റ്റ്സ്' എന്ന പുസ്തകത്തിലാണ്
ആദ്യമായി ഒരു സ്ത്രീ മുലയറുത്തു നല്‍കിയതിനെപ്പറ്റി പ്രതിപാദിച്ചിട്ടുളളത്. ആ വിവരണമാകട്ടെ, ഒരു മലയരയ സ്ത്രീയെക്കുറിച്ചുമാണ്.
മാത്രമല്ല, മലയരയ വിഭാഗത്തില്‍ത്തന്നെയുളള ഒരു പുരുഷന്‍ തലയറുത്തു നല്‍കിയതിനെപ്പറ്റിയും അതേ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
തൊടുപുഴക്കടുത്തു പരിസരങ്ങളിലുമുളള മലയരയരുടെ ഇടയില്‍ നിലനിന്നതും പ്രചരിച്ചിരുന്നതുമായ ഒരു മിത്തായിരുന്നു ഇതെന്നും പുസ്തകം പറയുന്നു. ഇതേ പുസ്തകത്തില്‍ത്തന്നെയാണ് ആദ്യമായി തലക്കരം, മുലക്കരം എന്നിവയെക്കുറിച്ച് പ്രതിപാദിക്കപ്പെടുന്നതും.
തലക്കരവും മുലക്കരവും തൊഴില്‍ നികുതിയാണെന്നും ആണ്‍തൊഴിലാളികള്‍ ഒടുക്കേണ്ട നികുതിയാണ് തലക്കരമെന്നും പെണ്ണാളുടെ തൊഴില്‍നികുതിയാണ് മുലക്കരമെന്നും അനന്തകൃഷ്ണഅയ്യര്‍ വിശദീകരിക്കുന്നുണ്ട്.രണ്ടണയായിരുന്നു അക്കാലത്ത് നല്‍കേണ്ട നികുതിയെന്നും 'ട്രാവന്‍കൂര്‍ ട്രൈബ്സ് ആന്‍റ് കാസ്റ്റ്' രേഖപ്പെടുത്തുന്നു. ഈ കഥയുടെ ത്രെഡ് ഈഴവ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചാണ് പുതിയ കഥാപരിസരം സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. ഒരുതരം കാരക്ടര്‍ മോര്‍ഫിംഗ് എന്നും വേണമെങ്കില്‍ ചിന്തിക്കാം.
പക്ഷേ, ഈ മിത്തുകളില്‍ നിന്നല്ല, മുലച്ചിപ്പറമ്പിന് ആ പേരു വന്നതെന്നതാണ് വസ്തുത. ചിലര്‍ കരുതും പോലെ, കേവലം ഇരുനൂറുവര്‍ഷത്തെ പാരമ്പര്യമല്ല, ആ പേരിനുളളത്. കേരളത്തിലെങ്ങും നിറഞ്ഞുനിന്ന
'അമ്മദേവതാരാധന'യുടെ ബാക്കിപത്രമെന്നോണം സമൂഹത്തില്‍ വേരുറച്ചുപോയ ഒരു പറമ്പു പേരായി മുലച്ചിപ്പറമ്പിനെ വിലയിരുത്തുന്നതില്‍ കൂടുതല്‍ യുക്തിയുണ്ട്.
'ഒറ്റമുലച്ചി' എന്നത് കണ്ണകി ആരാധനയുടെ മറ്റൊരു രൂപമാണ്. ചേര്‍ത്തലയിലെ ഇന്നത്തെ മനോരമക്കവലയില്‍ കാടും ചെടിപ്പടര്‍പ്പും പന്തല്‍ നാട്ടിയിരുന്ന പഴയകാലത്ത്, ചില നാട്ടോര്‍മ്മകളില്‍ ഒരു ദേവ്യാരാധനയുടെ അവശിഷ്ടങ്ങള്‍ ജീവിക്കുന്നുണ്ട്. അവിടെ, തലയുയര്‍ത്തിനിന്ന പനമരങ്ങളും ഏതാനും കല്ലുകളും പോയ നൂറ്റാണ്ടിന്‍റെ ഒടുവിലും ഉണ്ടായിരുന്നുവെന്ന അറിവനുഭവം തലമുറകളായി പങ്കുവെക്കപ്പെട്ടതിന്‍റെ ഓര്‍മ്മകള്‍ പേറുന്നവര്‍ ഇന്നും അവിടങ്ങളില്‍ പാര്‍ക്കുന്നുണ്ട്.
ഒരുപക്ഷേ, കാളിയുടെ, കണ്ണകിയുടെ, അമ്മദേവതയുടെ ആരാധനാകേന്ദ്രമായിരുന്നു ചരിത്രത്തിനു കണ്ണെത്താത്ത ഒരുകാലത്ത് അവിടം എന്ന സൂചനയാണതു നല്‍കുന്നത്. പില്‍ക്കാലത്ത്, വ്രതമെടുത്ത പെണ്‍ വിശ്വാസക്കോമരങ്ങള്‍ ഉറഞ്ഞുതുളളിയ പറമ്പിന്‍റെ തൊട്ടടുത്തുതന്നെ
ഒരു മഹാക്ഷേത്രം ഉയര്‍ന്നു വരികയും, തദ്ദേശവാസികളുടെ ആരാധനാമൂര്‍ത്തിയായ ചേര്‍ത്തല കാര്‍ത്ത്യായനിയായി അത് വളരുകയും ചെയ്യുന്നതിനു മുമ്പുളള ആദ്യത്തെ ആരാധനാ സങ്കേതവും ആയിരിക്കാനിടയുണ്ട്, ആ പറമ്പ്. ആ നിലക്ക് ബലിയും മറ്റും നിഷിദ്ധമല്ലാതിരുന്ന അവൈദികാരാധനാ കേന്ദ്രമായിരുന്നിരിക്കണം ഒരുകാലത്ത് ഇന്നത്തെ മുലച്ചിപ്പറമ്പ്.
വ്രതം നോറ്റ്, മുടിയഴിച്ചുറഞ്ഞുതുളളി ആരവമിട്ടാര്‍ത്തുവരുന്ന ഒറ്റമുലച്ചികള്‍, വാളുകൊണ്ടു നെറ്റിയില്‍ സ്വയം വെട്ടിയും മുറിവേല്‍പ്പിച്ചും നിണം വാര്‍ത്തു കാവുതീണ്ടി തളര്‍ന്നു വീഴുന്ന വഴക്കങ്ങളും പാരമ്പര്യവും നാടുനീങ്ങിയിട്ടും അവയെപ്പറ്റിയുളള ഓര്‍മ്മകള്‍ പറമ്പുപേരില്‍ ഉറഞ്ഞു നിന്നു. ഒറ്റമുലച്ചിയായി കണ്ണകിയെ അവിടെ ആരാധിച്ചതിന്‍റെ അത്തരം നാട്ടോര്‍മ്മകളില്‍ നിന്നാവാം മുലച്ചിപ്പറമ്പ് എന്ന പറമ്പുപേര് പിന്നീട് നിത്യവ്യവഹാരത്തിലേക്കു വരുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം, ഏതാണ്ട് പുതിയ കാലത്ത്, അത് പുതിയ വ്യാഖ്യാനങ്ങളിലേക്ക് വികസിക്കുകയും, മുലച്ചിപ്പറമ്പിലെ 'മുല' അവയവം മാത്രമായിത്തീരുകയും ചെയ്തു.
ഹിന്ദുവിരുദ്ധ ഐക്കണ്‍ എന്ന നിലയില്‍ ലിബറലുകളെന്നവകാശപ്പെടുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ടൂള്‍ ആയി അത് മാറുകയും ചെയ്തു.മുലച്ചിപ്പറമ്പിന്‍റെ നിലവില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഐതിഹ്യത്തില്‍ / നാട്ടുവ്യവഹാരത്തില്‍ കണ്ണകിയുടെ പേര് പ്രത്യക്ഷത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല. പ്രാചീന കാലത്ത് ഒറ്റമുലച്ചിയെ ആരാധന നടത്തുകയും, പില്‍ക്കാലത്ത് അവിടം അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ നാട്ടുവ്യവഹാരത്തില്‍ ആ പറമ്പ് മുലച്ചിപ്പറമ്പാവുന്നത് സ്വാഭാവികമാണ്. ടോപ്പോണിമിയുടെ രീതിശാസ്ത്രയുക്തിക്ക് എളുപ്പത്തില്‍ അത് വിശദീകരിക്കാനാവും. പണ്ട്, കരിങ്കാളിയെ ആരാധിച്ചിരുന്ന പറമ്പ് പില്‍ക്കാലത്ത് കരിങ്കാളിയത്ത്, കരിങ്കാളയ്യത്ത് എന്നൊക്കെ ആയിത്തീരുന്നതുപോലെയാണിതും. മൂര്‍ത്തിയയ്യത്തും പതിയാന്‍റയ്യത്തും കൊല്ലമ്പറമ്പിലും കണിയാന്‍പറമ്പിലുമൊക്കെ ഇത്തരം ചില അധിവാസങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍, കാണാം.
കോഴിക്കോട് മിഠായിത്തെരുവിന് (Sweet Meet Street) ആ പേരുവന്നതിനെപ്പറ്റി നാട്ടുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. അതേപ്പറ്റി നിലവിലെ പുരാവൃത്തം വിദേശികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ തെരുവിലെത്തിയ ഏതോ സായിപ്പിന്‍റെ കണ്ണില്‍ തെരുവില്‍ കച്ചവടക്കാര്‍ ഹല്‍വ മുറിക്കുന്നത് പെട്ടുവത്രേ. ഹല്‍വ മുറിക്കുന്നത് മാംസം മുറിക്കുന്നതുപോലെ അദ്ദേഹത്തിനു തോന്നിപോലും. അങ്ങനെയാണ് അയാള്‍ മിഠായിത്തെരുവിനെ 'സ്വീറ്റ് മീറ്റ് സ്ട്രീറ്റ്' എന്ന് വിളിക്കാനിടയായതത്രേ.
എന്നാല്‍, വാസ്തവമെന്താണ്.? Sweet meet എന്ന ഇംഗ്ലീഷ് വാക്കിന് മധുര പലഹാരം, മിഠായി എന്നുതന്നെയാണ് എല്ലാ ഇംഗ്ലീഷ് നിഘണ്ടുക്കളിലുമുളള അര്‍ത്ഥം. പക്ഷേ, കഥ മെനയാനുളള നമ്മുടെ സ്വാഭാവിക കൗതുകം sweet meet നെ ഇറച്ചിയാക്കി പരിവര്‍ത്തിപ്പിച്ചു. അതിന്മേല്‍ ഭാവനയുടെ അടവിരിയിച്ചു. മുലച്ചിപ്പറമ്പ് അത്തരം ഭാവനാവിലാസത്തിന്‍റെ ഉത്തമോദാഹരണമാണ്.
200 വര്‍ഷം അധികം ദൂരമല്ല, ചരിത്രത്തില്‍. ലോകവിജ്ഞാനീയത്തില്‍ പതിനായിരക്കണക്കിന് വര്‍ഷത്തെ ചരിത്രം നാം ശേഖരിച്ചിട്ടുണ്ട്. അപ്പോള്‍, മുലമുറിച്ചു കാഴ്ചവെച്ച നങ്ങേലി സംഭവം യഥാര്‍ത്ഥത്തില്‍ ചേര്‍ത്തലയില്‍ത്തന്നെ നടന്നിരുന്നുവെങ്കില്‍, എഴുത്തും അച്ചടിയും സജീവമായ കാലത്ത്, ഹിന്ദു മതത്തിലെ ന്യൂനതകള്‍ തേടിപ്പിടിച്ച് മതം വില്‍ക്കുന്നവര്‍ സജീവമായിരുന്ന കാലത്ത്, അത്തരം ഒരു സംഭവം തീര്‍ച്ചയായും രേഖപ്പെടുമായിരുന്നു.
ഹിന്ദു മതത്തിനുമേല്‍ കപോലകല്പിതകഥകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് മത സാമ്രാജ്യത്തം ഭാരതീയ സമൂഹത്തിലേക്ക് വേരുകളാഴ്ത്തിത്തുടങ്ങിയത്. പാമ്പിനെയും പഴുതാരയെയും കുരങ്ങനെയും ആരാധിക്കുന്ന കാടന്മാരായിരുന്നു പാശ്ചാത്യര്‍ക്ക്, പലപ്പോഴും, നാം. അതുകൊണ്ടാണ് പുതുവിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍, വീട്ടുവളപ്പിലെ കാവുകളെ വെട്ടിവെളുപ്പിക്കുന്നതും കുളങ്ങള്‍ നികത്തുന്നതും തറവാടുകള്‍ പൊളിക്കുന്നതും പുത്തന്‍ സംസ്കാരവും പരിഷ്കാരവുമായി നാം തെറ്റിദ്ധരിച്ചത്. ഇപ്പറഞ്ഞതിനര്‍ത്ഥം, ഭൂതകാല ചര്യകളില്‍ നമ്മുടെ പൂര്‍വ്വികര്‍ ശരികളുടെ പൂര്‍ണ്ണതയില്‍ വര്‍ത്തിച്ചുവെന്നല്ല. തീര്‍ച്ചയായും അവരുടെ പ്രവൃത്തികള്‍ നെറികേടുകളുടെ സീമകളെ അതിലംഘിക്കുകതന്നെ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ ചെയ്തതിനേക്കാള്‍ വലിയ കുറ്റം ആ സമൂഹത്തിന്‍റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെന്നതും വാസ്തവമാണ്.
കേരള ചരിത്ര സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങളിലോ, വിദേശികളുടെ സഞ്ചാരക്കുറിപ്പുകളിലോ, മിഷനറി രേഖകളിലോ ഇതുവരെ പ്രത്യക്ഷപ്പെടാത്ത മുലച്ചിപ്പറമ്പിന്‍റെ പേരില്‍ പ്രചരിച്ചുകൊണ്ടിരുന്ന മിഥ്യകളുടെ നീര്‍ക്കുമിളകളെയാണ് ഇപ്പോള്‍ ജനപഥത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രിയുടെ ജന്‍റര്‍ ഉപദേഷ്ടാവായ ഡോ. ടി. കെ. ആനന്ദി ഉടച്ചുകളയുന്നത്. തീര്‍ച്ചയായും അത് സംവാദം ആവശ്യപ്പെടുന്നുണ്ട്.
No comments:
Post a Comment