പ്രതിദിനചിന്തകൾ
ബഹുമാനപ്പെട്ട സ്പീക്കറുടെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ...
യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിന്റെ പേരിൽ ബഹുമാനപ്പെട്ട സ്പീക്കറുടെ ആത്മരോദനം കേരളം കേട്ടു. മലയാള ഭാഷാ സാഹിത്യത്തിലെ ഏറ്റവും മനോഹരമായ പദങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഈ രചന നല്ല ഒരു കവിത ആക്കാമായിരുന്നു. ഇത് കണ്ടപ്പോൾ, അന്ന് യു. ഡി. എഫ്. ഭരണ കാലത്ത് മാണിസാറിന്റെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താൻ ഈ ആത്മരോദന കർത്താവും കൂട്ടരും നടത്തിയ അക്രമം വെറുതേ ഓർത്തു പോയി. ചില ചാനലുകൾ ആ കലാപരിപാടി പുന:സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി.
കോളേജ് അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് ധൈര്യം വരുന്നില്ല. രണ്ടു പ്രധാന പ്രതികൾ പോലീസ് സേനയിലേക്കുള്ള പി.എസ്.സി യുടെ റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്ക് നേടിയവർ. അതിൽ ഒരാൾ മാസങ്ങൾക്കു മുൻപ് നടന്ന അക്രമത്തിൽ പോലീസിനെത്തന്നെ ആക്രമിച്ച പ്രതി. എല്ലാ അക്രമക്കേസുകളിലും പ്രതികൾക്ക് പാർട്ടിയുടെ സംരക്ഷണം.
കുറച്ചു നാൾ മുൻപ് പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതി പാർട്ടി ഓഫീസിൽ ഉണ്ടെന്ന അറിവ് കിട്ടിയതിനെ തുടർന്ന് പാർട്ടി ഓഫീസ് പരിശോധിച്ച ഒരു ഉന്നത പോലീസ് ഓഫീസറെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. അരി ആഹാരം കഴിക്കുന്ന ആർക്കും ഇതിൽ നിന്നൊക്കെ പലതും മനസ്സിലാക്കാം. ഏതു മുന്നണി ഭരിച്ചാലും ഇതൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്. കുപ്പി മാറുമെന്ന മാത്രം, വീഞ്ഞ് പഴയത് തന്നെ.
അതുകൊണ്ട്, ബഹുമാനപ്പെട്ട സ്പീക്കറുടെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ഒന്നു രണ്ട് ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ച്, നടപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ദയവുണ്ടാകണം.
- കുറ്റാന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും പോലീസ് സേനയെ സ്വതന്ത്രമായി വിടണം.
- പോലീസ് കേസുകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുത്. നിഷ്പക്ഷമായി കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന തരത്തിൽ അവരെ വേട്ടയാടരുത്.
- പോലീസ് സേനയെ ക്രിമിനൽവൽക്കരിക്കരുത്. ( കോളേജ് അക്രമക്കേസിലെ പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നും, ഇരുപത്തിയെട്ടും സ്ഥാനങ്ങളിൽ വന്നത് യാദൃശ്ചികമല്ലല്ലോ ?)
- കേവല രാഷ്ട്രീയ നേട്ടങ്ങൾക്കായി നമ്മുടെ രാഷ്ട്രത്തിന്റെ ഭാഗധേയങ്ങൾ നിർണ്ണയിക്കേണ്ട യുവാക്കളെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ ക്രിമിനലുകളാക്കി അവരുടെ ഭാവി നശിപ്പിക്കാതിരിക്കുക.

Comments
Post a Comment