Jagan :: ഒരു ലക്ഷ്മണരേഖ നിർണ്ണയിക്കേണ്ടത്അ നിവാര്യം ആയിരിക്കുന്നു.

Views:

പ്രതിദിനചിന്തകൾ
ഒരു ലക്ഷ്മണരേഖ നിർണ്ണയിക്കേണ്ടത്അ നിവാര്യം ആയിരിക്കുന്നു.

തിരുവനന്തപുരത്ത് ഒരു കോളേജിൽ വിദ്യാർത്ഥി സംഘടനാപ്രവർത്തകർ നടത്തിയ കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതിയുടെ വീട് ഇന്നലെ പോലീസ് റെയ്ഡ് ചെയ്തപ്പോൾ കേരള സർവ്വകലാശാലയുടെ (പരീക്ഷാ ഹാളിൽ മാത്രം വിതരണം ചെയ്യാനുള്ള), ഉത്തരക്കടലാസിന്റെ അനേകം ബണ്ടിലുകള്‍......!

കഴിഞ്ഞില്ല.
കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ സിവിൽ പോലീസ് ഓഫീസർമാർക്കായി നടത്തിയ മത്സര പരീക്ഷയിൽ മേൽവിവരിച്ച ഒന്നാം പ്രതി ഒന്നാം റാങ്ക് ജേതാവ്..........!!

ഞെട്ടാൻ വരട്ടെ, കഴിഞ്ഞില്ല.
പ്രതിയുടെ പ്രിയ സുഹൃത്തായ കൂട്ടുപ്രതിക്ക് ഇരുപത്തിയെട്ടാം റാങ്ക്...........!!!
ഇരുവരും അക്കാദമിക് കാര്യങ്ങളിലോ, പഠനത്തിലോ, യാതൊരു നിലവാരവും ഇല്ലാത്തവർ എന്ന് സഹപാഠികളുടെ സാക്ഷ്യം...............!!!!

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, അന്യസംസ്ഥാനങ്ങളും, വിദേശ രാജ്യങ്ങളും ഒക്കെ ഉയർന്ന മൂല്യം കൽപിച്ചിരുന്ന കേരള സർവ്വകലാശാല എന്നിവയുടെ നിലവാരവും, സുതാര്യതയും, വിശ്വാസ്യതയും തകർന്നു വീണ ദയനീയവും അതേ സമയം ഭയാനകവുമായ കാഴ്ച.

മാത്രമല്ല, കേരളത്തിലെ ലക്ഷക്കണക്കിനുള്ള തൊഴിൽ രഹിതരായ യുവാക്കൾ കണ്ണടച്ച് വിശ്വസിച്ച്, ജീവിക്കാൻ ഒരു തൊഴിലിനു വേണ്ടി ആശ്രയിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സും, സത്യസന്ധതയും, സുതാര്യതയും, വിശ്വാസ്യതയും തിരികെ കിട്ടാനാവത്ത വിധം നഷ്ടപ്പെട്ട ദുരന്തം.

ഒരു നാലാംകിട ഗുണ്ടയുടെയും, കുട്ടാളികളുടേയും കയ്യിലെ കളിക്കോപ്പായി ഇത്തരം ഉന്നത സ്ഥാപനങ്ങൾ മാറുമ്പോൾ, വളരെ ദൂരവ്യാപകവും, അപകടകരവും ആയ ഭവിഷ്യത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.

ഏത് രാഷ്ട്രീയ കക്ഷിയുടെ വിദ്യാർത്ഥി സംഘടന ആയാലും ശരി, അവരുടെ പ്രവർത്തനത്തിന് ഒരു ലക്ഷ്മണരേഖ നിർണ്ണയിക്കേണ്ടത് അനിവാര്യം ആയിരിക്കുന്നു.
കലാലയത്തിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുക, ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കാനും പഠന നിലവാരം വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഇടപെടൽ ഉറപ്പാക്കുക, കലാസാമൂഹ്യ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുക മുതലായ കാര്യങ്ങളാവണം വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന ലക്ഷ്യം.
ഇപ്പോൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടായ ഈ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ ഗോഡ്ഫാദർമാർ ആയ എല്ലാ രാഷ്‌ട്രീയ പാർട്ടി നേതാക്കളും പുനർവിചിന്തനം നടത്തണമെന്നും, കലാലയങ്ങൾ സമാധാനപരമായി അദ്ധ്യയനം നടത്തുന്ന സരസ്വതിക്ഷേത്രങ്ങൾ ആയി നിലനിർത്തുക തന്നെ വേണം എന്ന് ദുഢപ്രതിജ്ഞ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

കൂട്ടത്തിൽ സർവ്വകലാശാല പരീക്ഷകളേയും, പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന മത്സര പരീക്ഷകളേയും എങ്കിലും വെറുതേ വിടാനുള്ള വിവേകം  കൂടി ഉണ്ടായാൽ നന്ന്.........!!




No comments: