Views:
പ്രതിദിനചിന്തകൾ
ഈ ലോകം ഒന്നാകെ പ്രാർത്ഥിക്കും...
പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നിർത്തലാക്കണമെന്ന അന്താരാഷ്ട്ര കോടതിയുടെ ഇന്നലത്തെ വിധി ഭാരതത്തിന് വളരെ ആശ്വാസമാകുന്നു.
നീതിപൂർവ്വകവും, നിഷ്പക്ഷവും, സുതാര്യവുമായ വിചാരണയ്ക്ക് കുൽഭൂഷണെ വിധേയനാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പതിനാറംഗ ജൂറിയിൽ 15 - 1 ഭൂരിപക്ഷത്തിലാണ് നിർണ്ണായകമായ ഈ വിധി എന്നത് വളരെ ശ്രദ്ധേയമാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു താൽക്കാലിക പ്രതിനിധി മാത്രം എതിർത്തപ്പോൾ, വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ബാക്കി പതിനഞ്ച് പ്രതിനിധികളും ഇൻഡ്യയെ പിന്തുണച്ചു എന്നത് ചെറിയ കാര്യമല്ല.
ഇൻഡ്യയക്ക് എതിരെയുള്ള പാക്കിസ്ഥാനെറ് സൈനിക നടപടികളിലും, പാക്കിസ്ഥാന്റെ സഹായത്തോടെ ഇൻഡ്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെ പ്രതിനിധി പോലും ഇൻഡ്യയുടെ വാദമുഖങ്ങളെ അനുകൂലിച്ചത് ശ്രദ്ധേയമായി.
ഇറാനിൽ വ്യാപാരി ആയിരുന്ന മുൻ ഇൻഡ്യൻ നാവികസേനാ ഓഫീസർ കുൽഭൂഷൺ ജാദവിനെ, ഇൻഡ്യൻ ചാരൻ എന്ന് മുദ്രകുത്തിയാണ് പാക്ക് സൈന്യം തടങ്കലിൽ ആക്കിയതും ഏകപക്ഷീയമായ കുറ്റവിചാരണയിലൂടെ വധശിക്ഷയ്ക്ക് വിധിച്ചതും.
വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ വിധി അന്താരാഷ്ട്ര നയതന്ത്രജ്ഞതയിൽ ഇൻഡ്യയുടെ വിജയം തന്നെയാണ്. കൂടാതെ, ഭീകരവാദത്തോട് പാക്കിസ്ഥാൻ പുലർത്തുന്ന മൃദുസമീപനം, ഇൻഡ്യയ്ക്ക് എതിരേ പാക്കിസ്ഥാൻ നടത്തുന്ന സൈനിക നടപടികൾ മുതലായവയിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള എതിർപ്പ് കൂടി ഈ വിധിയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. രാജ്യാന്തര സമൂഹത്തിൽ ഇൻഡ്യയുടെ സ്ഥാനം ഒരു പടി കൂടി മുകളിൽ ആക്കാനും ഈ വിധി സഹായകമായി.
ഇനി കുൽഭൂഷൺ ജാദവിന് നീതിപൂർവ്വകവും, നിഷ്പക്ഷവും, സുതാര്യവുമായ കുറ്റവിചാരണയാണ് ആവശ്യം. അത് തീർച്ചയായും ഉണ്ടാകും എന്നു തന്നെ നമുക്ക് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ ജീവനുവേണ്ടി ഭാരതം ഒന്നാകെ മാത്രമല്ല, ഈ ലോകം ഒന്നാകെ തന്നെ പ്രാർത്ഥിക്കും, ഉറപ്പ്.
ജയ് ഹിന്ദ്............!
No comments:
Post a Comment