Views:
പ്രതിദിനചിന്തകൾ
നിങ്ങളുടെ കുട്ടികളെ നിങ്ങൾ ഈ പണിക്കൊന്നും വിട്ടില്ല
ഇന്നലെ പത്രങ്ങളിൽ വന്ന ഒരു ഫോട്ടോയും, അതിനെ കുറിച്ചുള്ള വാർത്തയും കണ്ട് ഈയുള്ളവൻ ഞെട്ടിപ്പോയി. മക്കൾ ഉള്ള ആരും ഞെട്ടിപ്പോകും. നമ്മുടെ ബഹുമാന്യരായ മുൻ മുഖ്യമന്ത്രിയും, മുൻ ആഭ്യന്തര മന്ത്രിയും (ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്) അഭിമാനപൂർവ്വം ചിരിച്ച് ഉല്ലസിച്ച് ഒരു പെൺകുട്ടിയെ അഭിനന്ദിക്കുന്നതാണ് ഫോട്ടോ. കേരളത്തിലെ ഏറ്റവും മതിപ്പുള്ള സെലിബ്രിറ്റികളായ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിൽ പെടുന്ന ഈ രണ്ടു പേരോടൊപ്പം ഒരു ജേതാവിന്റെ ഭാവഹാവാദികളാടെ പെൺകുട്ടിയും .........!
ചന്ദ്രയാൻ ദൗത്യത്തിനു പോയി, വിജയിച്ചു വന്ന ശാസ്ത്രജ്ഞ അല്ല ഈ കുട്ടി. പെൺകുട്ടിയെ നാം അറിയും, അഥവാ അറിയണം. കഴിഞ്ഞ ദിവസം കെ.എസ്.യു. അനന്തപുരിയിൽ, സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ സമരത്തിന്റെ ഭാഗമായി ......
- സെക്രട്ടറിയേറ്റിന്റെ മതിലും ലോഹവേലിയും പുല്ലു പോലെ ചാടിക്കടന്ന് ഒറ്റ ദിവസം കൊണ്ട് - ഏതാനും മിനിട്ടുകൾ കൊണ്ട് - വീരാംഗന പരിവേഷം കിട്ടിയ 'ഉണ്ണിയാർച്ച '.............!
- മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയിൽ പെട്ട ബ്ലോക്കിൽ പോലീസിനെ വെട്ടിച്ചു കടന്നു ചെന്ന്, മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം വരെ എത്തിയ 'ഝാൻസി റാണി'..........!!
- വനിതാ പോലീസ് എത്തി നീക്കം ചെയ്യാൻ ശ്രമിച്ചിട്ടും അവരോട് മല്ലിട്ടു നിൽക്കാൻ ശ്രമിച്ച 'ഫുലൻ ദേവി'........!!!
- കഴിഞ്ഞില്ല ഈ പെൺക്രിമിനലിനെ കുറിച്ച് 'പത്രപ്പാണൻമാർ' പാടി പ്പുകഴ്ത്തുന്ന അപദാനങ്ങൾ .....!
- ഇപ്പോൾ ചെയ്ത ക്രിമിനൽ കുറ്റത്തേക്കാൾ എത്രയോ ഗൗരവമുള്ള വധശ്രമക്കേസ് ഉൾപ്പെടെ മറ്റ് 19 കേസുകളിൽ കൂടി പ്രതിയാണത്രേ ഈ വീരാംഗന .........!
- ജന്മനാട്ടിൽ ഗ്രാമ പഞ്ചായത്ത് മെംബർകൂടിയായ ഈ ക്രിമിനൽ പുള്ളി കെ.എസ്.യുവിന്റെ സംസ്ഥാന ഭാരവാഹി കൂടിയാണത്രേ...........!!
രാഷ്ട്രീയത്തിൽ വളരാനും, വലിയ നേതാക്കളാകാനും, ഉന്നത നേതാക്കളോടൊപ്പം നിൽക്കാനും ക്രിമിനൽ കേസുകളിൽ പ്രതി ആകേണ്ടത് അനിവാര്യം ആണെന്നല്ലേ ഇതിലൂടെ നമ്മുടെ നേതാക്കൾ വളർന്നു വരുന്ന കുട്ടികൾക്ക് നൽകുന്ന സദ്ദേശം? കഴിഞ്ഞ രാത്രിയിൽ ചില ചാനൽ ചർച്ചകളിലും ഈ വീരാംഗനയെ കണ്ടിരുന്നു....!
ഇതിൽ നിന്നൊക്കെ ആവേശം കൊണ്ട് അല്ലേ മഹാരാജാസ് കോളേജിലും, യൂണിവേഴ്സിറ്റി കോളേജിലും ഉണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുന്നത്?
കലാലയങ്ങളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പ്രവർത്തരായ കൗമാരപ്രായക്കാരിൽ കുറേ പേർക്കെങ്കിലും രാഷ്ട്രീയം തൊഴിലാക്കാനും, ഭാവിയിൽ MLA, MP, മന്ത്രി ഒക്കെ ആകാനും ആയിരിക്കും മോഹം.
കൗമാരപ്രായത്തിൽ പെട്ടെന്ന് പ്രശസ്തരാകാനും, നായകൻമാരും നായികമാരും ആകാനും വെമ്പൽ കൊണ്ടു നടക്കുന്ന നാളുകളിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർ പത്രത്താളുകളിൽ ഇടം പിടിക്കുകയും, അവർക്ക് വമ്പിച്ച സ്വീകാര്യത ലഭിക്കുകയും, അത്തരക്കാരെ മേൽ വിവരിച്ച പോലുള്ള ഉന്നതരായ രാഷ്ട്രീയ നേതാക്കൾ അഭിനന്ദിക്കുകയും, ഒപ്പം നിന്നു ഫോട്ടോ എടുക്കുകയും, അത് പത്രത്തിൽ വരികയും, ഇത്തരക്കാരെ ചാനലുകൾ അന്തിച്ചർച്ചകൾക്ക് ക്ഷണിച്ചിരുത്തുകയും ചെയ്യുമ്പോൾ, നാളെയുടെ വാഗ്ദാനങ്ങൾ ആയ നമ്മുടെ കുട്ടികൾ കൗമാരപ്രായത്തിൽ തന്നെ കൊടും ക്രിമിനലുകൾ ആകാൻ ശ്രമിക്കും. അവരിൽ ആ വാസന വളർന്നില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
അതിനാൽ, ബഹുമാന്യരായ മുൻ മുഖ്യമന്ത്രിയും, മുൻ ആഭ്യന്തര മന്ത്രിയും അടക്കമുള്ള നേതാക്കൾ ഇത്തരം അഭിനന്ദനങ്ങൾ നടത്തുമ്പോഴും, ഫോട്ടോ സെഷന് പോസ് ചെയ്യുമ്പോഴും അല്പം കൂടി വീണ്ടുവിചാരത്തോടു കൂടി പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
ഇതൊക്കെ നമ്മുടെ കുട്ടികൾക്ക് നൽകുന്ന സന്ദേശം എത്ര അപകടകരമാണെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകണം. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്ന് നിങ്ങളൊക്കെ ആണ് യുവാക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങൾ ഈ നാടിന്റെ നേതാക്കളാണ്. അതുകൊണ്ടുതന്നെ ഈ കുട്ടികൾ എല്ലാം തന്നെ നിങ്ങളുടെ കുട്ടികൾ തന്നെയാണ്. ആ ബോധമുണ്ടാകണം.
നിങ്ങളുടെ ഒക്കെ കുട്ടികളെ നിങ്ങൾ ഈ പണിക്കൊന്നും വിട്ടില്ല എന്നോർക്കണം. അവർ ഡോക്ടർമാരും, IAS ഓഫീസർമാരും, കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നതരും ഒക്കെ ആണല്ലോ?
അത്രത്തോളം വന്നില്ലെങ്കിലും, നാട്ടിലെ സാധാരണക്കാരന്റെ കുട്ടികളും, മിനിമം ക്രിമിനലുകൾ എങ്കിലും ആകാതെ വളർന്ന്,പഠിച്ച്, അവന്റെ കുടുംബം പോറ്റാൻ ഒരു തൊഴിൽ കണ്ടെത്താനുള്ള വിദ്യാഭ്യാസ യോഗ്യത നേടാൻ പ്രാപ്തരാകട്ടെ. ദയവായി അവരെ അതിന് അനുവദിക്കുക.
നമ്മുടെ കുട്ടികളെ ഓർത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർക്ക് നല്ല ബുദ്ധി ഉണ്ടാകേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
No comments:
Post a Comment