Views:
Image Credit :: Sayanthana
ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോ ഴും
ഞാൻ തത്വചിന്തകനാകുന്നു
ജീവിതത്തിന്റെ പൊരുൾ, പ്രണയം, മരണം
എല്ലാത്തിനും കാരണമന്വേഷിക്കുന്നു.
ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും
ഞാൻ വിരക്തനാകുന്നു
അഴുകിയ ഉടൽ , ദുർഗന്ധം,
അമർത്താനാകാതെ പോകുന്ന നിലവിളികൾ
എല്ലാം എന്നെ ജീവിതത്തിൽ നിന്നും
ദൂരേക്കു വലിച്ചു കൊണ്ടു പോകുന്നു.
ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും ഞാൻ
ഏകാകിയാകുന്നു
ജീവിതത്തിന്റെ മഹാപർവതത്തെ നോക്കി
നിസ്സഹായനാകുന്ന കുട്ടിയാകുന്നു
ഒറ്റക്കു മാത്രം നീന്തേണ്ടിവരുന്ന സമുദ്രത്തെ
കണ്മുന്നിൽ കാണുന്നു.
ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും
സുഗന്ധങ്ങൾ എന്നെ ഉപേക്ഷിച്ചു പോകുന്നു
വസന്തം, റോസുകൾ, മുല്ലപൂ, കൈത മണo
എല്ലാം പടിയിറങ്ങിപോകുന്നു
ഒരൊറ്റ ഗന്ധത്തിൽ നാസിക ഉടക്കിപോകുന്നു
അടുത്തിരിക്കുന്നവർ പോലും അന്യരായിപോകുന്നു
പരിക്ഷീണമൗനത്തെ പഴിച്ചു പോകുന്നു.
ഓരോ തവണ ആശുപത്രിയിൽ എത്തുമ്പോഴും
ഞാൻ കവിയായ്പോകുന്നു വാക്കിന്റെ
കടലു തപ്പുന്നു
ജന്മത്തിന്നിരുണ്ട വഴികളിൽ
വെളിച്ചം തപ്പുന്നു...
No comments:
Post a Comment