Views:
പ്രതിദിനചിന്തകൾ
മെഡിക്കൽ സ്റ്റോറുകളിൽ 'ഡിസ്കൗണ്ട് സെയിൽസ്'... !
Photo by freestocks.org on Unsplash
മെഡിക്കൽ സ്റ്റോറുകളിൽ കുറച്ചു കാലമായി, ഷോപ്പിംഗ് മാളുകളേയും, സ്വർണ്ണാഭരണശാലകളേയും, വസ്ത്രവ്യാപാരശാലകളയും അനുകരിച്ചു കൊണ്ട്, രോഗികളെ കബളിപ്പിച്ചു നടത്തിവന്നിരുന്ന 'ഡിസ്കൗണ്ട് സെയിൽസ്' നിർത്തലാക്കിക്കൊണ്ട് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നടപടി സ്വീകരിച്ചത് ആശ്വാസകരമായി.
തുണിക്കടകളുടേയും, സ്വർണ്ണക്കടകളുടേയും, ഗൃഹോപകരണ ഷോറൂമുകളുടേയും ഒക്കെ മുൻപിൽ 'ആടി വിലക്കിഴിവ്, 'വമ്പിച്ച ആദായവില്പന' '5 % മുതൽ 80 % വരെ വിലക്കുറവ് ' 'വിറ്റഴിക്കൽ കടകാലിയാക്കൽ' തുടങ്ങിയ ബോർഡുകളും ബാനറുകളും കണ്ട് ഈ യുള്ളവനോ നിങ്ങളോ അതിശയിച്ചിട്ടില്ല. എന്നാൽ അടുത്ത കാലത്തായി ചെറുതും വലുതുമായ - മാരകമായതും അല്ലാത്തതുമായ - രോഗങ്ങൾ ഉള്ള സാധുക്കളായ രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ പോലും വിലകുറഞ്ഞ കച്ചവടതന്ത്രങ്ങൾ പയറ്റുന്നതിനായി '5 % മുതൽ 80 % വരെ വിലക്കുറവ് '', 'വമ്പിച്ച വിലക്കുറവ് ' തുടങ്ങിയ ബോർഡുകൾ പ്രദർശിപ്പിച്ച് രോഗികളെ കബളിപ്പിക്കുമ്പോൾ നാം ഞെട്ടിപ്പോകും.
5 % മുതൽ 80 % വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാണെന്ന് പരസ്യം
ചെയ്തിട്ടുള്ള കടകളിൽ പോലും യാതൊരു വിലക്കിഴിവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഇത്തരത്തിൽ വില കുറച്ച് വിൽക്കാൻ കഴിയില്ല. അവർക്ക് നിശ്ചിത വിലയ്ക്ക് അല്ലാതെ വിലക്കുറവിൽ മരുന്ന ലഭിക്കില്ല.
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ, കാരുണ്യ ഫാർമസി, ജൻ ഔഷധി കേന്ദ്രങ്ങൾ, കൺസ്യൂമർ ഫെഡിന്റേയും സഹകരണ സംഘങ്ങളുടേയും ഉടമസ്ഥതയിൽ ഉളള മെഡിക്കൽ സ്റ്റോറുകൾ, ജനതാ ഫാർമസി എന്നിവയിൽ 10% മുതൽ 60% വരെ ഡിസ്കൗണ്ട് നൽകുന്നു എന്ന പരസ്യ ബോർഡുകൾ കാണാം. ഉടമകൾ വ്യക്തികൾ അല്ലാത്തതിനാലും, മൊത്തമായി മരുന്ന വാങ്ങുന്നതിന്റെ പ്രത്യേകത കൊണ്ടും ഇത് ഒരു പരിധി വരെ വിശ്വസിക്കാം.
കൂടാതെ, ബ്യുറോ ഓഫ് ഫാർമ പി.എസ്.യു ഓഫ് ഇൻഡ്യ വഴി മരുന്ന് മൊത്തമായി വാങ്ങുന്ന ഔഷധി മരുന്നുകടകൾക്കും അല്പം വിലക്കുറവിൽ മരുന്നു വിൽപ്പന നടത്താൻ കഴിയും. സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ പരസ്യം നൽകുന്നതു പോലെ വില ക്കുറവിൽ മരുന്നുവിൽക്കാൻ കഴിയില്ലെന്ന് ചുരുക്കം.
ആതുര സേവന രംഗത്ത് സത്യസന്ധമായി പ്രവർത്തിക്കേണ്ട ഔഷധശാലകളിൽ ഒരു വിഭാഗത്തിന്റെ മുഖം മൂടി നീക്കം ചെയ്യാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സ്വീകരിച്ച ശ്ലാഘനീയമായ നടപടിയെ നമുക്ക് സ്വാഗതം ചെയ്യാം.
No comments:
Post a Comment