Views:
അവൻ,
അവളറിയാതെ ,
അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു.
അവളെ കാണിച്ചു.
''നന്നായിട്ടുണ്ട്.''
അവന് സന്തോഷമായി.
പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് , കാണിച്ചു.
"നല്ല ഭംഗിയുള്ള കണ്ണുകൾ - "
അവളുടെ അഭിപ്രായം അവനെ വളരെയധികം സന്തോഷിപ്പിച്ചു.
പിറ്റേ ദിവസം, പുരികങ്ങളും കൺപീലികളും വരച്ച് , അവളെ കാണിച്ചു.
" ജീവനുള്ള , യഥാർത്ഥ കണ്ണുകൾ പോലെ തന്നെ '' !
അവളുടെ മറുപടി അവനെ ഒത്തിരി ആഹ്ളാദിപ്പിച്ചു.
ഒരു ദിവസം ആ ചിത്രത്തിൽ അവൻ ചന്തമുള്ള ഒരു മൂക്ക് വരച്ചു , ഒരു മൂക്കുത്തിയും .
കാതും കമ്മലും ,
കഴുത്തിൽ മുത്തുമാലയും .
അങ്ങനെ ഓരോരോ ദിവസങ്ങളിലായി ആ ചിത്രത്തിന് ചേലുള്ള നെറ്റിയും, അഴകുറ്റ കാർകൂന്തലും അവൻ വരച്ചു ചേർത്തു.
അവളെ കാണിച്ചു.
"നല്ല ചുരുണ്ട , ഭംഗിയുള്ള മുടി, നല്ല നെറ്റി ".
അവളുടെ മന്ദസ്മിതത്തോടുകൂടിയുള്ള മറുപടി , ആ ചിത്രം പൂർത്തിയാക്കാൻ അവന് പ്രചോദനമായി.
അവളുടെ ചന്തമുള്ള , തേൻ മധുര പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ അവൻ ആ ചിത്രത്തിൽ വരച്ചു.
കവിളുകളിൽ നുണക്കുഴികൾ കുടി വരച്ചപ്പോൾ അവളുടെ മുഖത്ത്, 'ശൃംഗാരം' തുളുമ്പി..
--- അവൻ ആ മുഖം അവളെ കാണിച്ചില്ല..--
ഓഫീസിൽ , അവളറിയാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
അവന്റെ മനസ്സിൽ അവളുടെ സുന്ദരമായ, ആരേയും ആകർഷിക്കുന്ന മുഖം , അവൻ വരച്ചു ചേർക്കുകയായിരുന്നു.
ഒരു ദിവസം അവളുടെ നെറ്റിയിൽ കണ്ട അഴകള്ള ചന്ദനക്കുറി അവൻ ചിത്രത്തിൽ വരച്ചു ചേർത്തു , ഒപ്പം അവളുടെ മുടിയിൽ തിരുകിയ തുളസിപ്പൂവും.
അവന്റെ ഹൃദയത്തിലെ ക്യാൻവാസിൽ അവളുടെ ' തുടിക്കുന്ന ചിത്രം ' അവൻ പ്രതിഷ്ഠിച്ചു..
വൈകുന്നേരങ്ങളിൽ അവളുടെ ചിത്രത്തിൽ ഏറെ നേരം അവൻ നോക്കിയിരിക്കും.
അപ്പോൾ അവന്റെ മനസ്സിൽ 'കുളിർചന്ദന ' കാറ്റു വീശും.!
ഒരു ദിവസം ആ' സമ്പൂർണ്ണ ചിത്രം' അവൻ അവളെ കാണിച്ചു.
അവൾ അത്ഭുതപ്പെട്ടുപോയി. !
മുഖക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾ പോലും കാണാത്ത അവളുടെ ഭംഗി -,
അവളുടെ 'പ്രതിബിംബം ' കണ്ടവൾ അതിശയിച്ചു!
അവളുടെ മുഖത്തു മിന്നിയ 'ശോഭ ' അവൻ ശ്രദ്ധിച്ചു..
അവന്റെ ഹൃദയം കൊണ്ടാണ് ആ ചിത്രം അവൻ പൂർത്തിയാക്കിയത്.
"ഈ ചിത്രം ഞാനെടുത്തോട്ടെ. ''?
അവൾ ചോദിച്ചു.
ആവേശത്തോടെ ആ ചിത്രം അവൻ അവൾക്ക് സമ്മാനിച്ചു..
ആ ചിത്രങ്ങൾ അവൻ അവൾക്കെഴുതിയ പ്രേമലേഖനങ്ങളാണ്. !"മോളേ , നിന്റെ ഒരു ഫോട്ടോ ഇങ്ങെടുത്തേ --ബ്രോക്കർക്ക് കൊടുക്കാനാ"-- അവളുടെ അച്ഛൻ ചോദിച്ചു.
'ഉരിയാടാൻ ' കഴിയാത്ത ,അവന്റെ പ്രണയലേഖനങ്ങളെ അവൾ തിരിച്ചറിഞ്ഞില്ലേ ?
അവന്റെ മനസ്സിൽ ഒരായിരം ആശാദീപങ്ങൾ തെളിഞ്ഞതും , അവൾ അറിഞ്ഞില്ലേ?
അവൻ വരച്ചു സമ്മാനിച്ച ചിത്രം അവൾ അച്ഛന്റെ കൈയിൽ കൊടുത്തു.
"കൊള്ളാല്ലോ , ആരാ വരച്ചത്. "?
എന്റെ ഓഫീസിലെ , കൂടെ ജോലി ചെയ്യുന്ന ആളാ.
" ഊമയാ " .
അവൻ പിന്നെയും അവളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു ,മനോഹര ചിത്രങ്ങൾ .കുറച്ചു നാളുകൾ കഴിഞ്ഞു.
ഒരു ദിവസം രാവിലെ അവൾ അവന്റെ അടുത്തെത്തി.
ഒരു ക്ഷണക്കത്ത് അവന് കൊടുത്തു.
" എന്റെ കല്യാണമാണ്. , വരണം " .
അവനറിയാതെ , അവന്റെ കണ്ണുകൾ നിറഞ്ഞു.
അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി -,
അവന്റെ കണ്ണുനീർ ഓഫീസിലെ മറ്റുള്ളവർ കാണാതിരിക്കാൻ...
അവൻ കൈലേസു കൊണ്ട് കണ്ണുനീർ തുടച്ചു.
' സംസാരിക്കാൻ കഴിയാത്ത , എന്നെ, അവൾ എന്തിന് സ്നേഹിക്കണം.' ?
അവൻ തല കുനിച്ച് നടന്നു.
അവന്റെ കണ്ണുനീർ തുള്ളികൾ മണ്ണിൽ വീണ് അപ്രത്യക്ഷമായി..
... പാവം --- അവൻ...
No comments:
Post a Comment