Anu P Nair :: സ്വപ്നം ചിലർക്ക് ചിലകാലം...

Views:

Photo by Martin Widenka on Unsplash

സ്വപ്നം കാണാറുണ്ടോ ?

അബ്ദുൽ കലാമും മോട്ടിവേഷണൽ ക്ലാസ്സെടുക്കുന്നവരും പറയുന്ന സ്വപ്നം അല്ല. നമ്മൾ സാധാരണക്കാർ ഉറക്കത്തിൽ കാണുന്ന സ്വപ്നം.

കാണാറുണ്ടോ ?

തത്വ ചിന്തകർ പറയുന്ന ഉപാപബോധ മനസ്സിന്റെ സഞ്ചാരങ്ങൾ .പലപ്പോഴും ഉണർന്ന ശേഷം ഓർമയിൽ നിൽക്കാത്തവ .

ഈ സ്വപ്നങ്ങൾ "ചിലർക്ക് ചില കാലം സത്യമായി വരാം".
അങ്ങനെ എന്തെങ്കിലും അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?

എനിക്ക് രണ്ടെണ്ണം പറയാനുണ്ട് .

ഒന്നാമത്തേത് കണ്ടത് അമ്മയാണ്, തല്ലു കൊണ്ടത് എനിക്കും .

സംഭവം നടന്നത് ഞാൻ നാലാം ക്ലാസ്സിൽ ആദ്യ വർഷം പഠിക്കുമ്പോഴാണ് .
ഒരുച്ചയ്ക്ക് ഞാനും എന്റെ സുഹൃത്തായ മനോജ് (പേര് ശരിയാകണം എന്നില്ല , കാലം കുറെ ആയില്ലേ) ഉം കൂടി ക്ലാസ് കട്ട് ചെയ്തു . ഞങ്ങൾ പോയത് അടുത്തുള്ള ഒരു ക്ഷേത്ര പറമ്പിലേക്കാണ് . അവിടെ കളിച്ചു തിമിർത്തു സ്കൂൾ വിടുന്ന സമയത്തു വീട്ടിലേക്കു പോയി . പിറ്റേന്ന് തുടുപ്പാണ് എന്നെ വിളിച്ചുണർത്തിയത് . അമ്മ അടിക്കുകയാണ് . മുതുകിലും ചന്തിയിലും നിർത്താതെ അടി .

"എന്തിനാടാ നെ ഇന്നലെ ഉച്ചക്ക് ക്ഷേത്ര പറമ്പിൽ പോയത് ".

സാധരണ ഒരു കള്ളം രണ്ടു പ്രാവശ്യം പറയുമ്പോൾ വിശ്വസിക്കുന്ന അമ്മയാണ് . ഇതെത്ര പ്രാവശ്യം പോയില്ല പോയില്ല എന്ന് പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല .

സംഗതി ഇതാണ് ഞങ്ങൾ പോയി കളിച്ച കാര്യം തലേ ദിവസ്സം 'അമ്മ സ്വപ്നത്തിലൂടെ അറിഞ്ഞത്രെ . അമ്മയുടെ മരിച്ചുപോയ ചിറ്റപ്പൻ സ്വപ്നത്തിൽ വന്നു ചോദിച്ചു

"നീ എന്തിനാടീ കൊച്ചിനെ ഇങ്ങനെ അമ്പലം നിരങ്ങാൻ വിട്ടത് " എന്ന് .

അന്ന് ആ കഥ പുളു ആയെ തോന്നിയുള്ളൂ . അത് പറഞ്ഞു അമ്മയെ കളിയാക്കുകയും ചെയ്തിട്ടുണ്ട് പല തവണ . പക്ഷെ ഇപ്പോഴും 'അമ്മ പറയുന്നത് സ്വപ്നത്തിൽ കണ്ടു എന്ന് തന്നെയാണ്.

ഇനി എൻറെ അനുഭവം .

അച്ഛൻ മരിച്ചത് 2016 സെപ്റ്റംബർ 15 നാണ് . (അതിനും ഒരാഴ്ച മുൻപ് ഞാനൊരു സ്വപ്നം കണ്ടു .
കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലിരുന്നു അമ്മ കരയുന്നു .
ആരെയോ വെള്ള പുതപ്പിച്ചു കിടത്തിയിട്ടുണ്ട് .........

ഇപ്പൊ പിന്നേം സ്വപ്നം കാണുവാ..

എന്റെ വിവാഹിതനായ ഒരു കൂട്ടുകാരൻ ഐശ്വര്യറായിയെ പോലെ  സുന്ദരിയായ ഒരു പെൺകുട്ടിയുടെ തോളിൽ കൈയിട്ടു നിൽക്കുവാ ....

ദൈവമേ ..അതങ്ങു നടത്തി കൊടുത്തേക്കണേ ..........

--- നെല്ലിമരച്ചോട്ടില്‍



No comments: