Skip to main content

Jagan :: സർക്കാർ ഖജനാവ് വല്യേട്ടന്റെ പാർട്ടി ഫണ്ടല്ല


Image Credit:: https://english.mathrubhumi.com/polopoly_fs/1.1076062.1463811261!/image/image.jpg_gen/derivatives/landscape_728_450/image.jpg

പ്രളയ ദുരന്തത്തിൽ പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അടിയന്തിര ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നു. 

  • ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് 10,000 രൂപ, 
  • മരണമടഞ്ഞവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ, 
  • വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ, 
  • വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക 10 ലക്ഷം രൂപ 

എന്ന നിരക്കിലാണ് സഹായധനം നൽകുന്നത്.
ദുരിതത്തിലായ ജനങ്ങൾക്ക് അടിയന്തിര പ്രാധാന്യത്തോടെ തന്നെ സഹായഹസ്തമാമായി എത്തിയ സർക്കാരിനെ അഭിനന്ദിക്കുന്നു.
മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നതു പോലെ, ''സർക്കാർ ഒപ്പമുണ്ട്" എന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാകട്ടെ........!

പക്ഷെ ...........!!

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ പണമില്ലാതെ വിഷമിക്കുന്നു എന്ന് പറയുന്ന സർക്കാർ, ഈ മന്ത്രിസഭാ യോഗത്തിൽ മറ്റൊരു കൊള്ളയ്ക്കുള്ള തീരുമാനവും എടുത്തു.
തോറ്റ എം.പി സമ്പത്തിനെ ദില്ലിയിൽ പുനരധിവസിപ്പിച്ചതിനു പിന്നാലെ,
മുഖ്യമന്ത്രിയുടെ ആഫീസിൽ ഒരു ലക്ഷം രൂപ ശമ്പളവും  മറ്റ് ആഡംബരങ്ങളുമായി പുതിയ തസ്തിക രൂപീകരണം കൂടി ആയപോൾ, 
സർക്കാരിന്റെ ധൂർത്തും അനാവശ്യ ചെലവുകളും നിയന്ത്രിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്ന അവസരത്തിലാണ് ഈ പെരുംകൊള്ളയ്ക്കുള്ള തീരുമാനം...........!

306.75 കോടി രൂപയുടെ കിട്ടാക്കടം സർക്കാർ ഏറ്റെടുക്കുന്നു.........!!

വായ്പ തിരിച്ചടയ്ക്കാനാകാതെ ആത്മഹത്യ ചെയ്ത കർഷകരുടേയോ, ജീവിതാഭിലാഷമായ ഒരു കൂരയ്ക്കു വേണ്ടി ഭവനവായ്പ എടുത്ത് കടക്കെണിയിലായ സാധുക്കളുടെയോ നിഷ്ക്രിയ ആസ്തി ആയ വായ്പ അല്ല സർക്കാർ ഏറ്റെടുത്തത്.
വല്യേട്ടൻ പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആയ റബ് കോയുടെ 238 കോടി, മാർക്കറ്റ് ഫെഡിന്റെ 27 കോടി, റബർമാർക്കിന്റെ 41 കോടി...........!          ഇങ്ങനെ പോകുന്നു കണക്ക്.
ഇവർക്ക് വായ്പ നൽകിയ ജില്ലാ സഹകരണ ബാങ്കുകൾക്ക് സർക്കാർ ഖജനാവിൽ നിന്നും പണം നൽകി ലോൺ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാണ് തീരുമാനം.

റിസർവ് ബാങ്കിൽ നിന്നും കേരള ബാങ്കിനുള്ള അനുമതി ലഭിക്കാനുള്ള പാത ഒരുക്കുന്നതിനായാണ് ഈ കൊള്ളയ്ക്കുള്ള തീരുമാനമെടുത്തത്.
ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിന് അനുമതി ലഭിക്കണമെങ്കിൽ അതിന് കിട്ടാക്കടം ഉണ്ടായിരിക്കാൻ പാടില്ല. അതിനാലാണ് ജില്ലാ സഹകരണ ബാങ്കുകൾ മേൽപറഞ്ഞ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പകൾ കിട്ടാക്കടമായത് സർക്കാർ ഏറ്റെടുത്തു കൊണ്ട് , ജില്ലാ സഹകരണ ബാങ്കുകൾ ക്ക് പണം നൽകുന്നത്.

ഇതിൽ ബമ്പർ അടിച്ചിരിക്കുന്നത് റബ്കോ തന്നെയാണ്. 238 കോടി രൂപ ........!
വല്യേട്ടൻ പാർട്ടിയുടെ സ്വന്തം കമ്പനി..........!!
അപ്പോൾ ഈ കൊള്ളയുടെ ലക്ഷ്യവും ആഴവും പരപ്പും മനസ്സിലായല്ലോ.........?

സർക്കാരിന്റെ ധൂർത്തിനെക്കുറിച്ച് മാധ്യമങ്ങളോട് വളരെ വാചാലമായി വിമർശിച്ച് സംസാരിക്കന്ന പ്രതിപക്ഷത്തിന് ഈ കൊള്ളയെ കുറിച്ച് മിണ്ടാട്ടമില്ല..........!
അതിന്റെ കാരണവും അതീവ രഹസ്യം..........!!
27 കോടി കിട്ടാക്കടം വരുത്തിയ മാർക്കറ്റ് ഫെഡും, 
41 കോടി കിട്ടാക്കടംവരുത്തിയ റബർ മാർക്കും ഭരിക്കുന്നത് യു.ഡി.എഫ്...........!!!
ചുരുക്കത്തിൽ റബ്കോയുടെ മറവിൽ 238 കോടി വല്യേട്ടൻ അടിച്ചുമാറ്റുമ്പോൾ, 68 കോടി പ്രതിപക്ഷത്തിനും കിട്ടുന്നു..........!


ഒരു തരം പരസ്പര ധാരണ,
കൂട്ടുകൃഷി എന്നും പറയാം..........!!

ഇത് വോട്ട് നൽകി അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളി അല്ലെങ്കിൽ പിന്നെ എന്താണ്?

'തോറ്റ എം.പി' എ.സമ്പത്തിന് ദില്ലിയിൽ തരപ്പെടുത്തിയ 'പുനരധിവാസ പദ്ധതി'ക്ക് പിന്നാലെ ഒരു ലക്ഷത്തിലധികം രൂപ ശമ്പളവും, മറ്റ് ആഡംബരങ്ങളുമായി സെക്രട്ടറിയേറ്റിൽ  അനധികൃതമായി പുതിയ തസ്തിക സൃഷ്ടിച്ചതും വിവാദമായിരിക്കുന്ന ഈ വേളയിൽ ആണ് വീണ്ടും ഈ കൊള്ള എന്നോർക്കണം........!
കഴിഞ്ഞ വർഷത്തെ പ്രളയ ദുരന്തത്തിന്റെ കെടുതികളിൽ നിന്നും കരകയറുന്നതിനു മുൻപ് വീണ്ടും ഉണ്ടായ അടുത്ത പ്രളയം തീർത്ത ദുരിതക്കയത്തിലേക്ക് എറിയപ്പെട്ട കേരള ജനതയോടുള്ള ഈ വെല്ലുവിളി പ്രതിഷേധാർഹമാണ്.
അഞ്ചു വർഷം ഭരിക്കാനുള്ള ജനവിധി ദുരുപയോഗപ്പെടുത്തി, വല്യേട്ടന് ഇഷ്ടമുള്ളപ്പോൾ ഇഷ്ടപ്പെട്ടവർക്ക്
ഇഷ്ടമുള്ള തുകയും
ഇഷ്ടമുള്ള പദവികളും നൽകി  ധൂർത്തടിക്കാൻ
സർക്കാർ ഖജനാവ്
വല്യേട്ടന്റെ പാർട്ടി ഫണ്ടല്ല എന്നും,
ഇപ്പോൾ തന്നെ പ്രതിശീർഷ സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചിരിക്കുന്ന കേരള ജനത ഇതിനൊക്കെ തക്ക സമയത്ത് പ്രതികരിക്കുമെന്നും ഓർക്കുന്നത് നന്ന്.........!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...