Views:
Image Credit :: https://hindi.indiatvnews.com/india/national-kashmir-integral-to-india-violence-because-of-pak-sponsored-terrorism-rahul-gandhi-657257
''Congress is a funny party. It is the largest politcal organisation in the world but does not have a single rule. We create new rules every two minutes and then dump them. Nobody knows the rule."
- Rahul Gandhi
രാഹുൽ ഗാന്ധിയുടെ വാക്കുകൾ...........!
''കോൺഗ്രസ്സ് ഒരു പരിഹാസ്യമായ പാർട്ടിയാണ്. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടന ആണെങ്കിലും യാതൊരു നിയമവും ഈ സംഘടനയ്ക്കുള്ളിൽ ഇല്ല. ഓരോ രണ്ടു മിനിട്ടിലും നാം പുതിയ പുതിയ നിയമങ്ങൾ നിർമ്മിക്കുന്നു. എന്നിട്ട്, നാം തന്നെ അവയെ ചവറ്റുകൊട്ടയിൽ തള്ളുന്നു. ആർക്കും ഒരു നിയമവും അറിയില്ല."
എത്ര അർത്ഥവത്തായ വാക്കുകൾ...........!?
നെഹ്രു കുടുംബത്തിലെ അരുമസന്തതിയും, കോൺഗ്രസ്സിന്റെ മുൻ ദേശീയ അദ്ധ്യക്ഷനും ആയ രാഹുലിന്റെ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന, വികാരനിർഭരമായ വാക്കുകൾ........!
അദ്ദേഹം തന്നെയാണ് ഇന്നത്തെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ കാലിക പ്രാധാന്യവും പ്രസക്തിയുമേറിയ ഈ നിർവ്വചനം നടത്താൻ ഏറ്റവും യോഗ്യനും അർഹനും എന്നുള്ള കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അഭിനവഗ്രൂപ്പ് നേതാക്കൻമാരുടെ കണ്ണുതുറപ്പിക്കുമോ എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ.
- "പപ്പു" എന്ന് വിളിച്ച് വിമർശകർ കളിയാക്കുമായിരുന്നെങ്കിലും, ആദർശങ്ങളുടെ പേരിൽ ദേശീയ അദ്ധ്യക്ഷപദവിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജിയും,
- നെഹ്രു കുടുംബത്തിന് പുറത്തു നിന്നും കോൺഗ്രസ്സിന് ദേശീയ അദ്ധ്യക്ഷൻ ഉണ്ടായാൽ മാത്രമേ പാർട്ടി നന്നാവുകയുള്ളൂ എന്ന ഉറച്ച നിലപാടു-
ഭാവിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എപ്രകാരം ആയിരിക്കണമെന്ന് അദ്ദേഹത്തിന്റെ ഉള്ളിൽ വ്യക്തമായ ഒരു ചിത്രം ഉണ്ടായിരുന്നു എന്ന് വിമർശകർക്ക് പോലും വ്യക്തമായി.
അതിനു പിന്നാലെ ഇപ്പോൾ ഈ അഭിപ്രായപ്രകടനം കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി.............!
നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകരും, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും, കോൺഗ്രസ്സ് ശക്തമായ ദേശീയ പാർട്ടി ആയി നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരായ ജനങ്ങളും വളരെ നാളായി പറയുന്ന വസ്തുതകളാണ് അദ്ദേഹം ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി കോൺഗ്രസ്സിനു നൽകിയിരിക്കുന്ന നിർവചനം അക്ഷരാർത്ഥത്തിൽ തന്നെ എത്രയോ ശരി......!
പാർട്ടിയ്ക്കുള്ളിൽ യാതൊരു നിയമവും ഇന്ന് നിലവിലില്ല. ഇവിടെ വാൾ എടുത്തവരെല്ലാം വെളിച്ചപ്പാട് ആണ്.
ഏറ്റവും ഒടുവിലെ ഉദാഹരണം തന്നെ നോക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദേശീയ കാഴ്ചപ്പാടും, ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന തരത്തിലുള്ള കശ്മീർ നയവും കാരണം വടക്കേ ഇന്ത്യയിൽ കോൺഗ്രസ് രണ്ടു ചേരിയായി.
മോദിയുടെ എല്ലാ നയങ്ങളേയും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണടച്ച് എതിർക്കാനും വിമർശിക്കാനും പാടില്ലെന്നും അത് കോൺഗ്രസ്സിന് ദോഷം ചെയ്യുമെന്നും പരസ്യനിലപാട് സ്വീകരിച്ച് നല്ലൊരു വിഭാഗം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവന്നു.മോദി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പിന്തുണ നൽകണമെന്ന് വാദിച്ച അവർ പാർട്ടിയുടെ കണ്ണിലെ കരടായി.ഇതിന്റെ പേരിൽ ചിലർക്ക് കോൺഗ്രസ്സ് വിട്ട് ബി.ജെ.പി യിൽ ചേക്കേറേണ്ടിയും വന്നു.
ഇപ്പോൾ കേരളത്തിലെ സ്ഥിതി എന്താ...............?
ബി.ജെ.പി യേയും നരേന്ദ്ര മോദിയേയും പാർലമെന്റിനത്തും പുറത്തും നിശിതമായി വിമർശിച്ചിട്ടുള്ള തിരുവനന്തപുരം എം.പി. ശശി തരൂർ മോദിയുടെ കശ്മീർ നയത്തെയും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളേയും അനുകൂലിച്ച് അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടി വിരുദ്ധനായി ചിത്രീകരിച്ച്, മറ്റൊരു എം.പി ആയ കെ.മുരളീധരൻ രംഗത്ത് വന്നിരിക്കുന്നു.
പിന്നാലെ വിശദീകരണം ചോദിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നു.
ശശി തരൂരിനെ വിമർശിക്കാൻ തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് മുരളീധരൻ തന്നെ ചിന്തിക്കണം.
എന്തൊക്കെ ആയാലും, ചില "ബലഹീനതകളും'' '' ചുറ്റിക്കളികളും''
ഒക്കെ ഉണ്ടെങ്കിലും, ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെ ഇതുവരെ തരൂർ തള്ളിപ്പറഞ്ഞിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടുമില്ല. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി വിമർശിക്കേണ്ട വിഷയങ്ങളിൽ പാർലമെന്റിനകത്തും, പുറത്തും, അദ്ദേഹത്തിന്റെ ലേഖനങ്ങളിലും, പ്രസംഗങ്ങളിലും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ള നേതാവാണ് തരൂർ.
മോദിയെ കുറിച്ച് ശശി തരൂർ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള "പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ"
എന്ന പുസ്തകത്തിൽ പല പേജുകളിലും മോദിയെ ശക്തമായ ഭാഷയിൽ തരൂർ വിമർശിച്ചിരിക്കുന്നത് നമുക്ക് കാണാം.
എന്നാൽ മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ നാം കാണാതിരുന്നു കൂടെന്നും, പിന്തുണയ്ക്കേണ്ടതിനെ പിന്തുണയ്ക്കണമെന്നും അന്ധമായി എല്ലാറ്റിനേയും വിമർശിക്കുന്നത് ശരിയല്ലെന്നും ഉള്ള നിലപാട് മാത്രമാണ് തരൂർ സ്വീകരിച്ചിട്ടുള്ളത്.അത്തരത്തിൽ അന്ധമായിട്ടുള്ള വിമർശനങ്ങൾ വസ്തു നിഷ്ടമായ വിമർശനങ്ങളുടെ വിശ്വാസ്യത കൂടി നഷ്ടപ്പെടുത്തുമെന്ന പക്ഷക്കാരനാണ് തരൂർ.
അത് ശരിയാണുതാനും.
മുൻപ് രാജ് മോഹൻ ഉണ്ണിത്താന് എതിരേയും നിശിതവിമർശനവുമായി കെ. മുരളീധരൻ രംഗത്തു വന്നിട്ടുണ്ടായിരുന്നു.
ഉണ്ണിത്താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇന്നുവരെ സ്ഥാനമാന മോഹങ്ങൾക്കതീതമായി കോൺഗ്രസ്സിൽ തന്നെ അടിയുറച്ച് വിശ്വസിച്ച്, ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് ആർക്കാണറിയാത്തത്?
എന്നാൽ മുരളിധരന്റെ ചരിത്രം അതാണോ?
നിർണ്ണായക ഘട്ടങ്ങളിൽ, കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ്,കുറച്ചു നാൾ അലഞ്ഞു തിരിഞ്ഞു നടന്ന് തിരികെ വന്നിട്ട് ,
- സോണിയയെ ''മദാമ്മ" എന്നും
- അഹമ്മദ് പട്ടേലിനെ ''അലുമിനിയം പട്ടേൽ" എന്നും വിളിച്ച് ആക്ഷേപിച്ച് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോയ നേതാവല്ലേ..........?
പാർട്ടിയിൽ വീണ്ടും കയറിപ്പറ്റാൻ മുരളീധരനും, അച്ഛൻ ലീഡറും അനുഭവിച്ച യാതനയും ബുദ്ധിമുട്ടും കേരളീയർ മറന്നിട്ടില്ല. അതിനാൽ, രാജാവിനേക്കാൾ രാജഭക്തി മുരളീധരൻ കാണിക്കേണ്ടതില്ല, അരോചകമാകും........!
മേൽ വിവരിച്ചത് കോൺഗ്രസ്സിലെ ഇന്നത്തെ സ്ഥിതിക്ക് ചില ഉദാഹരണങ്ങൾ മാത്രം. രാഹുൽ ഗാന്ധിയുടെ വാക്കുകളിലേക്ക് നമുക്ക് മടങ്ങി വരാം.
ഇവിടെ, കോൺഗ്രസ്സിൽ വാളെടുത്തവർ എല്ലാം വെളിച്ചപ്പാട് ആണ്. ആർക്കും ആരേയും എന്തും പറയാം. ആരും ആരേയും ബഹുമാനിക്കില്ല, ആരേയും അംഗീകരിക്കില്ല, ആരേയും അനുസരിക്കുകയുമില്ല.
അനുസരിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പാർട്ടിയിൽ പുതിയ ഒരു ഗ്രൂപ്പ് കൂടി ഉണ്ടാകും എന്നല്ലാതെ ഒന്നും സംഭവിക്കില്ല.
ഇവിടെ കോൺഗ്രസ്സിന് നേതാക്കൻമാർ ഇല്ല.........!ആന്റണിയും,സുധീരനും, ഉമ്മൻ ചാണ്ടിയും, രമേശും, മുല്ലപ്പള്ളിയും, സുധാകരനും, വേണുഗോപാലും, ഹസ്സനും, പ്രതാപനും, സതീശനും, അടക്കം എല്ലാവരും ഓരോരോ ഗ്രുപ്പിന്റെ നേതാക്കൻമാർ, കോൺഗ്രസ്സിന്റെ നേതാക്കൻമാരല്ല. ഇവർ ഓരോരുത്തരും രാഹുൽ പറഞ്ഞതു പോലെ ഓരോ രണ്ടു മിനിട്ടിലും യാതൊരു കൂടിയാലോചനയും ഇല്ലാതെ പൊതുവേദിയിൽ ഓരോ അഭിപ്രായങ്ങൾ പരസ്യമായി പുറപ്പെടുവിക്കും. (ഒന്നിനും ഒരു നിയമവും ഇല്ല. എല്ലാം കുത്തഴിഞ്ഞ പുസ്തകം പോലെ.) പിന്നെ അതിനെപ്പറ്റി ചർച്ചയായി, വിമർശനമായി, ചെളി വാരി എറിയലായി, അങ്ങനെ....... അങ്ങനെ.......!!
എല്ലാവരും ഗ്രൂപ്പ് നേതാക്കൻമാർ മാത്രം........!!
ആരും ആരേയും ചോദ്യം ചെയ്യില്ല. അഥവാ, ചോദ്യം ചെയ്യാൻ കഴിയില്ല.
LDF സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും, ജനവിരുദ്ധ നയങ്ങൾക്കും, ധൂർത്തിനും എതിരേ ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ പ്രവർത്തിക്കുക എന്ന പ്രാഥമിക കടമ പോലും നിർവ്വഹിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടവരാണ് തൊഴുത്തിൽ കുത്തും പരസ്പരം ചെളി വാരി എറിയലുമായി ഇപ്പോൾ നടക്കുന്നത് എന്നതാണ് ഏറെ ഖേദകരം..........!!
ഈ രീതിയൊക്കെ മാറണം.
അക്ഷരാർത്ഥത്തിൽ ''അലകും പിടിയും മാറണം'', എങ്കിൽ മാത്രമേ കോൺഗ്രസ് ഇനി ഗതി പിടിക്കുകയുള്ളൂ.........!എന്തായാലും ഒന്നോർക്കുക..........!
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കേരളത്തിൽ നേടിയ തകർപ്പൻ വിജയം കണ്ടിട്ട് നേതാക്കൾ അഹങ്കരിക്കരുത്. ആ വിജയം കോൺഗ്രസ്സിന്റെ മെച്ചം കൊണ്ടോ, നേതാക്കൻമാരുടെ ഗുണം കൊണ്ടോ നേടിയതല്ല. ശബരിമല വിഷയം വഷളാക്കിയത് ഉൾപ്പെടെയുള്ള ഇടതു പക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരേ ഉണ്ടായ ജനരോഷം മൂലം വീണു കിട്ടിയ വിജയം മാത്രമായി അതിനെ കണ്ടാൽ മതി.
ഒരു ചക്ക വീണ് ഒരു മുയൽ ചത്തെന്നുവെച്ച്, എല്ലാ ചക്ക വീഴുമ്പോഴും മുയൽ ചാകണമെന്നില്ല.അതിനാൽ, രാഹുൽ ഗാന്ധിയുടെ വാക്കുകൾ അർഹിക്കുന്ന വിധത്തിൽ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment