Views:
Image Credit:: http://www.rakeshdesaianalyst.com/loans-secured.htm
സ്വർണ്ണപ്പണയത്തിൻമേൽ 4% പലിശയ്ക്ക് ദേശസാൽകൃത ബാങ്കുകളിലൂടെ കർഷകർക്ക് നൽകി വന്നിരുന്ന കാർഷിക വായ്പാ പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. വരുന്ന ഒക്ടോബർ മാസം മുതൽ കർഷകർക്ക് ഈ വായ്പ ലഭിക്കില്ലെന്നാണ് അറിവ്.
യഥാർത്ഥത്തിൽ സ്വർണ്ണപ്പണയ വായ്പയ്ക്ക ഈടാക്കുന്ന 9% പലിശയിൽ നിന്ന് കേന്ദ്ര സർക്കാർ നൽകുന്ന 5 % സബ്സിഡി കിഴിച്ച് ആണ് 4% പലിശയ്ക്ക്, കർഷകർക്ക് വളരെ ആശ്വാസകരമായിരുന്ന ഈ പദ്ധതി വർഷങ്ങളായി വിജയകരമായി നടപ്പാക്കി വന്നിരുന്നത്.അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ അപേക്ഷകന് ഈ വായ്പ ലഭ്യമായിരുന്നു എന്നതും ഈ പദ്ധതിയെ ആകർഷകമാക്കിയിരുന്നു.
ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കർഷകൻ ആണെന്നുള്ള സത്യവാങ്മൂലം മാത്രം അപേക്ഷകൻ ബാങ്കിന് നൽകിയാൽ മതിയായിരുന്നു. അതിനു മുകളിലുള്ള തുകയ്ക്ക് ഭൂ നികുതി ഒടുക്കിയ രസീത് ഹാജരാക്കണമായിരുന്നു.
ഈ പദ്ധതി ദുരുപയോഗപ്പെടുത്തി, യഥാർത്ഥ കർഷകർ അല്ലാത്ത ജനങ്ങൾ കൂടി ഈ വായ്പ തരപ്പെടുത്തുന്നതിനാൽ പദ്ധതി പരാജയമാണെന്ന സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ പരാതി കൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നിർത്തലാക്കുന്നതിന് വേഗത വർദ്ധിപ്പിച്ചത് എന്നറിയുന്നു.
- സാമ്പത്തിക ബാദ്ധ്യത മൂലം കർഷക ആത്മഹത്യ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് കർഷകർക്ക് വളരെ ആശ്വാസകരമായ ഈ പദ്ധതി നിർത്തലാക്കുന്നതിന് മുൻപ് ഒരു പുനർവിചിന്തനം ആവശ്യമല്ലേ?
- കാർഷിക വായ്പ എന്ന പേരിൽ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളും, ബാങ്കുകളും ഉണ്ട് എന്നുള്ളതിൽ തർക്കമില്ല. തിരിച്ചടവ് ഉറപ്പായതിനാലും, നിഷ്ക്രിയ ആസ്തി ആകാനുള്ള സാദ്ധ്യത തുലോം കുറവായതിനാലും ബാങ്കുകൾ സ്വർണ്ണപ്പണയത്തിൻമേലുള്ള കാർഷിക വായ്പ നൽകാൻ കുടുതൽ താല്പര്യം കാണിക്കുന്നു എന്നത് വസ്തുത തന്നെയാണ്.
- 4% പലിശയ്ക്ക് ഒരു ഭൂനികുതി രസീത് ഹാജരാക്കിയാൽ സ്വർണ്ണപ്പണയ വായ്പ ലഭിക്കുന്നതിനാൽ കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെയും ജനങ്ങൾ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതും സത്യം.
- അത്തരം അപാകതകളും, ദുരുപയോഗ സാദ്ധ്യതകളും ഒഴിവാക്കാനുള്ള ക്രിയാത്മകമായ മാർഗ്ഗങ്ങൾ സ്വീകരിക്കാനായിരുന്നു കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മുൻഗണന നൽകേണ്ടിയിരുന്നത്.
- യഥാർത്ഥ കർഷകരുടെ ബുദ്ധിമുട്ടും, വികാരവും കൂടി സർക്കാർ പരിഗണിക്കേണ്ടതല്ലേ....?
ഇനിയും വൈകിയിട്ടില്ല. ദേശസാൽകൃത ബാങ്ക് മേധാവികളുടെ അഭിപ്രായം കൂടി ആരാഞ്ഞ്, കൂട്ടായ ചർച്ചയിലൂടെ, ദുരുപയോഗ സാദ്ധ്യതകൾ ഒഴിവാക്കിക്കൊണ്ട്, വളരെ ജനപ്രിയവും ഉപകാരപ്രദവും ആയ ഈ പദ്ധതി തുടരേണ്ടതാണ്.
ദുരുപയോഗപ്പെടുത്തലിന്റെ പേര് പറഞ്ഞ് ഈ പദ്ധതി നിർത്തലാക്കുന്നത്
"എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ'' ആണ്, ഉറപ്പ്.
---Jagan, പ്രതിദിനചിന്തകൾ
03 - 08 - 2019
03 - 08 - 2019
No comments:
Post a Comment