Raju.Kanhirangad :: കവിത :: വാക്ക്

Views:

പറഞ്ഞാലും പറഞ്ഞാലും
തീരില്ലായിരുന്നല്ലോ
പിന്നെയെന്നാണ് എല്ലാം പറഞ്ഞു
തീർന്നെന്ന്
മൗനം ഇടയിൽ കയറി നിന്നത്

ചിഹ്നങ്ങളെ ചേർത്തു നിർത്താറേ -
ഉണ്ടായിരുന്നില്ല നാം
എന്നാലിപ്പോൾ കുത്തും, കോമയും -
ആശ്ചര്യവും, ചോദ്യവും നിവർന്നു
നിന്ന് ഭയപ്പെടുത്തുന്നു
പൂരിപ്പിക്കാതെപോയ രണ്ടു വാക്കു -
കളോടെന്നപോൽ

എനിക്കും നിനക്കുമിടയിൽ മനസ്സി-
ലേക്കെത്താതെ ഏതു വാക്കായിരിക്കും
തികട്ടിക്കൊണ്ടിരിക്കുന്നത്
എഴുതിയും, മായ്ച്ചും, പിന്നെയും -
പിന്നെയും ശരിയാകാതെ
പാതിയിൽനിലച്ചുപോയ ആ വാക്ക്

മുറിഞ്ഞുപോയി ഹൃദയം
അറിഞ്ഞ് ചെയ്തില്ല ഒന്നും
പറിഞ്ഞു തൂങ്ങുന്നു ദുഃഖം
പറഞ്ഞ വാക്കെന്ത് ചൊല്ലുമോ?

ചോദ്യമിന്നൊരു മരണക്കുരുക്കായ്
നീണ്ടുനീണ്ടു വരുന്നു
പ്രിയമുള്ളപ്പോൾ പറഞ്ഞതെല്ലാം
പാൽപായസമെന്നുര ചെയ്യുന്നു
ഇഷ്ടമില്ലായ്മ കടന്നു വന്നെന്നാൽ
കഷ്ടമെല്ലാം വിഷമയം
ഒടുവിൽ നമ്മളോ എങ്ങുമെത്താതെ
തീർന്നു പോയൊരിടവഴി




No comments: