Views:
ആരാമത്തിലൊരു സുമം വിടർന്നു നിന്നൂ
ആ വർണ്ണം നിരുപമ കാന്തിയേകി നിന്നൂ
ഗന്ധം ബന്ധുര രുചിരം, ഹിതാനുസാരം
അർച്ചിക്കാനതി സുകരം സുഗന്ധപുഷ്പം
ഭാഗ്യം നവ്യമലരിതാ ശുഭം സകാരം
പൂജാപുഷ്പമഹിതഭാവമാർന്നിടുന്നൂ
ഹാ ഹാ പുഷ്പ പരിമളം പ്രഭാത ഭാഗ്യം
നിത്യം വാഴ്വിലൊരു സുഖം തരുന്ന സത്യം
മല്ലീ ജാതികളുണരും സുഹാസമേകും
ഉല്ലാസം ത്രിഭുവനമെങ്ങുമെത്തിടും ഹാ
പാരിൽ പ്രേരണ ഗുണമേകിയെത്തിടുമ്പോൾ
പാരാകേയൊരു കരുണാ വിലാസമെന്നും
മാരിക്കാർ പൊഴിയുമിതാ സുവർഷപാതം
ആരോമൽക്കവിതയുണർന്നു, പുഷ്പരാഗം
നീരാടും പ്രണയ ഹിതം, വിമോഹഭോഗം
ഓരോ പൂവിലുമനുരാഗ ഭാവമെത്തും
പ്രീതിഭ്രാന്തിതസുമമെത്ര ഭാവമാല്യം
ലോകാനുഗ്രഹഹിത സംഗ്രഹം തരുന്നേൻ
ലോകർ സാരമറിയുവാൻ സുമന്ദഹാസം
നിതാന്തം തരുമനുവേല ഭാഗ്യമെന്നും
കാലം പോകുമനുതരം പുനർ ഭവിക്കാൻ
ലീലാ കേളികളുണർന്നു, നീരജങ്ങൾ
മോഹാകാര മണിമയമായ് സുമം പ്രതീകം
പത്മാകാര സുഭഗമീ പ്രിയാങ്കുരങ്ങൾ
ആരും നോക്കിയനുഭവിക്കുമീ സുമേനി -
ക്കെന്തേയാത്മവിലയനം, പ്രപഞ്ച സത്യം
ഹാ മന്ത്രാക്ഷരശുഭ നാദമായ് വരേണം
സീമാതീത സകളഭക്തിഭാവമെന്നും
ക്ഷേത്രജ്ഞാ, സ്വയമറിയൂ നിജാത്മഭാവം
പാത്രീഭൂതനൊരു വിഭാത സുകൃതത്തേൻ
ദേവീവാങ്മയകവിതാ പ്രവാഹമെന്നും
ഭാവാർത്ഥം പകരണമെപ്പൊഴും കൃതാർത്ഥം
പൂർണ്ണാൽ പൂർണ്ണതയിതൊരുത്തമ പ്രതീകം
സാഫല്യം വിടരുകയാണു പൂർണ്ണതേ നീ
തത്വശാസ്ത്രമിളമയിൽ പ്രകീർത്തനത്തിൻ
ഉത്തുംഗപ്രഥയറിയുന്നു വീണ പൂവിൽ
ആശാനാർത്തകണികയെത്രയേകി, ദുഃഖം
ദേഹാന്തേ, മലരൊരുവേള വാടിവീഴ്കേ
വീഴുമ്പോൾ,വിമലതയൊക്കെവാർന്നു പോയോ
കായാമ്പൂ കരിയുകയോ വിഭാത താരേ
സാകേതങ്ങളിനിയുമാരു സല്ലപിക്കാൻ
പൂവേ, പൂർണ്ണിമ വിടരും വിഭേ സുസന്ധ്യേ
എന്തേയീയലസമലർവനീ ഹൃദന്തം
മല്ലീ സ്മാരകസുകഥാനുഗായികങ്ങൾ
ഖേദം, വീണുടയുകയാണു തത്വ ശാസ്ത്രം
വാടിപ്പൂവിതളുകളെന്ന പോലെ വീഴ്കേ
വാഴ്വിൻസത്യമരുണകാന്തിപോലെനിത്യം
കാവ്യത്തിൻകരവിരുതായ് ഭവിക്കുന്നു കാലേ
വേദാന്തം നിറപറ വയ്ക്കുമീ പ്രപഞ്ചം
വേദാർത്ഥം തിരിയുമൊരാവില പ്രമേയം
വീഴുന്നപ്രതിഹതഭാഗധേയപാത്രം
വാഴ്വിൻ മായ, സഗുണ ലീലയായിടുമ്പോൾ
കാലം കാവ്യ കനികളായ് വളർത്തിടുമ്പോൾ
ആ പൂവാത്മസുഖ സുമേരുവിൽ വിളങ്ങും
No comments:
Post a Comment