Ameer Kandal :: പെരിസ്‌ട്രോയിക്ക

Views:


റഷീദ് മാസ്റ്റര്‍ വെയിറ്റിംഗ് ഷെഡില്‍ നിന്ന് തന്റെ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക്
വളച്ച് സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരമാണ് പ്രീതടീച്ചര്‍ സ്റ്റാഫ് റൂമില്‍ നിന്ന് എന്തോ പറയാനെന്നവണ്ണം ധൃതിപ്പെട്ട് ഓടി വരുന്നത് കണ്ടത്

“മാഷേ... നാളെ വരുമ്പോള്‍ രണ്ട് കിലോ... ആ സാധനം... എനിക്ക് കൂടി മേടിച്ചോണ്ട് വരുമോ...”

“എന്തുവാ ടീച്ചറേ....”
ഒരു എത്തുംപിടിയും കിട്ടാത്തത് പോലെ റഷീദ് മാസ്റ്റര്‍ കിക്കറില്‍ നിന്ന് കാലെടുത്ത് തറയില്‍ കുത്തി ആകാംക്ഷയോടെ നോക്കി.

“ഇന്നുച്ചക്ക് ഊണിനോടൊപ്പം സാര്‍ കൊണ്ടുവന്നില്ലേ... ഒരു തോരന്‍... എന്തോ
ഒരു സാധനം.... പെഡഗോഗിയെന്നോ.... സര്‍ എന്തോ ഒരു പേര് പറഞ്ഞല്ലോ.... ങാ... നല്ല ടേസ്റ്റായിരുന്നു.”

പ്രീത ടീച്ചര്‍ പേര് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട് കൈയില്‍ കരുതിയിരുന്ന ഇരുന്നൂറിന്റെ നോട്ട് മാസ്റ്റര്‍ക്ക് നേരെ നീട്ടി.

“ങാ... പെരിസ്‌ട്രോയിക്ക” റഷീദ് മാസ്റ്റര്‍ ഓര്‍ത്തെടുത്തു.

ഇന്നത്തെ പൊതിച്ചോറിനോടൊപ്പം സഹധര്‍മ്മിണി കൊടുത്തുവിട്ട വാഴക്കൂമ്പിന്റെ തോരന്‍ റഷീദ് മാസ്റ്റര്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വീതം വെക്കുന്നതിനിടയില്‍ മറിയാമ്മ ടീച്ചറാണ് സംശയം ഉന്നയിച്ചത്.

“ഇത് എന്നാ തോരനാ....”

“ഇതോ... ഇതാണ് പെരിസ്‌ട്രോയിക്ക... റഷ്യന്‍ വെജിറ്റബിളാ.... നമ്മുടെ ഉച്ചക്കട ചന്തയില്‍ കിട്ടും.... പക്ഷേ ഇച്ചിരി വില കൂടുതലാ....”
ഒരു തമാശക്കു വേണ്ടി അന്നേരം റഷീദ് മാസ്റ്റര്‍ തട്ടിവിട്ടു.

ഭക്ഷണമേശക്കു ചുറ്റുമുണ്ടായിരുന്ന മനോജിനും ലതക്കും ഷമീനക്കും അപ്പോള്‍ തന്നെ കാര്യം മനസ്സിലായെങ്കിലും പ്രീത റഷീദ് മാസ്റ്ററിന്റെ തള്ള് അപ്പടി വിശ്വസിക്കുകയായിരുന്നു.

“ടീച്ചറേ.... അങ്ങനെയൊരു കായൊന്നുമില്ല... പെരിസ്‌ട്രോയിക്ക റഷ്യയില്‍ നടപ്പിലാക്കിയ ഒരു ഭരണപരിഷ്‌കാരത്തിന്റെ പേരാ...”
റഷീദ് മാസ്റ്റര്‍ സ്വല്പം ഗൗരവം മുഖത്ത് വരുത്തിമൊഴിഞ്ഞു.

പ്രീത ടീച്ചര്‍ക്കൊന്നും തിരിഞ്ഞ മട്ടില്ല. പ്രീതയുടെ മുഖത്ത് വീണ്ടുമൊരു അന്ധാളിപ്പ് സമ്മാനിച്ച് റഷീദ് മാസ്റ്റര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.