Views:
Image Credit :: https://www.facebook.com/mydearamma/photos/a.2180991312188981/2219525771668868/?type=3&theater
ഇളം വെയിലിൽ ഉണക്കാനിട്ടിരിക്കും മാതിരി കഴിഞ്ഞ രാത്രി പെയ്ത മഴയിൽ ഒഴുകിയെത്തിയ മണ്ണും കരിയിലകളും ടൈൽ വിരിച്ച മുറ്റത്ത് അലസമായി കിടക്കുന്നു. കാർപോർച്ചിനോട് ചേർന്ന് ടെറസിന്റെ മുകളിലേക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്ന നെല്ലിമരത്തിന്റെ ഇലപ്പടർപ്പിനിടയിലൂടെ സൂര്യവെളിച്ചം അരിച്ചിറങ്ങുന്നു.
'ഇന്നെങ്കിലുമൊന്ന് മഴ മാറി നിന്നാൽ മതിയായിരുന്നു '
റോഡിൽ നിന്ന് ഗേറ്റ് കടന്നു വരുന്ന വഴിയിലെ പുല്ലുകൾ കൈകൊണ്ട് പിഴുതുമാറ്റുന്നതിനിടയിൽ മോഹിച്ചു.
ടൈലുകൾക്കിടയിലെ വിടവുകളിലൂടെയാണ് പുല്ല് കിളിർത്ത് മുറ്റമാകെ കച്ചടയാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇടക്കിടക്ക് തെന്നിയും തെറിച്ചും മഴയായിരുന്നല്ലോ. മുറ്റവും തൊടിയുമൊക്കെ പുല്ലും പടർപ്പും കൊണ്ട് ചെറിയ കുറ്റിക്കാടായി മാറിയിട്ടുണ്ട്. വീടിന്റെ മുറ്റമെങ്കിലും ഒന്നു വെടിപ്പാക്കിയില്ലെങ്കിൽ വരുന്നവർ എന്ത് വിചാരിക്കും! സാധാരണ ഉത്രാടത്തിന് മുമ്പ് തന്നെ പണിക്കാരൻ കുഞ്ഞിരാമേട്ടൻ വന്ന് തൊടിയൊകെ വൃത്തിയാക്കുന്ന പതിവുള്ളതാണ്. ഇടതടവില്ലാതെ പെയ്ത മഴ കാരണം ഇത്തവണ ആ പണി നടന്നില്ല.
തിരുവോണ നാളിൽ സദ്യക്ക് ഓഫീസിലെ സഹപ്രവർത്തകരെ വീട്ടിലേക്ക് വിളിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. സൂപ്രണ്ട് രാജീവനേയും കുടുംബത്തേയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ സുഗന്ധിയാകട്ടെ അവളുടെ സ്കൂളിലെ അധ്യാപിക ശാരിയേയും കുടുംബത്തേയും കൂടി ക്ഷണിച്ചിരിക്കുകയാണ്.
എല്ലാവർക്കുമുള്ള സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സുഗന്ധിയും മൂത്ത മകൾ സോനയും. പാലായിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന സോനയെ ഇന്നലെ തന്നെ കൂട്ടി കൊണ്ട് വന്നത് നന്നായി. അവളാണ് ഭാര്യക്കൊരു സഹായി.
രണ്ടാമത്തെ മകൾ സനയും ഇളയവൻ ശ്രാവണും ഇതൊന്നും തങ്ങളുടെ പരിധിയിലല്ലേ എന്ന മട്ടിലാണ് നടത്തവും ഭാവവും . അല്ലേലും കംപ്യൂട്ടറും മൊബൈലും വിട്ടിട്ടുള്ള കളി അവർക്കില്ലല്ലോ.
അടുക്കളയിൽ വേണ്ട സാമാനങ്ങളൊക്കെ ഇന്നലെ വൈകുന്നേരം തന്നെ പാലായിൽ നിന്ന് വരുന്ന വഴിയിൽ ചാല മാർക്കറ്റിൽ കയറി വാങ്ങിയിരുന്നു.
ഉത്രാടത്തലേന്നുള്ള വ്യാഴാഴ്ചയായിരുന്നു ഓഫീസിലെ ഓണപ്പരിപാടികൾ . അതുകൊണ്ട് ഓണക്കോടിയെടുക്കലൊക്കെ നേരത്തെകഴിഞ്ഞു. പരിപാടിക്ക് പുരുഷന്മാർ നീലക്കരമുള്ള വെള്ളമുണ്ടും നീല ഷർട്ടും സ്ത്രീകൾ നീല ബോർഡർ സെറ്റ് സാരിയും ബ്ലൗസും ധരിക്കണമെന്നായിരുന്നു ധാരണ.
പരിപാടിക്ക് മുന്നാലെയുള്ള ഒരു വൈകുന്നേരം സുഗന്ധിയേയും മക്കളേയും കൂട്ടി നഗരത്തിലെ പേര് കേട്ട ജൗളിക്കടയിൽ കയറി മനസ്സിനിണങ്ങിയ തുണിത്തരങ്ങളൊക്കെ വാങ്ങി കൂട്ടി. മക്കൾ മൂന്ന് പേർക്കുള്ള ചുരിദാറും ലാച്ചയും ജീൻസ്പാന്റും ഷർട്ടും സുഗന്ധിക്കുള്ള സെറ്റ് സാരിയും അവളുടെ അമ്മക്കും അച്ഛനുമുള്ള സെറ്റ് മുണ്ടും എല്ലാം ഒറ്റ ഷോപ്പിംഗിൽ നടന്നു.
ഓണസദ്യ കഴിഞ്ഞ് വിരുന്നുകാരെയൊക്കെ യാത്രയാക്കി സ്വല്പം നടുനിവർത്താമെന്ന് കരുതി കിടക്കയിലേക്ക് ഒന്നു ചാഞ്ഞതാണ്. കിടക്കയുടെ പകുതിയും കൈയടക്കി മൊബൈലിലെടുത്ത ഫോട്ടോസെല്ലാം ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു സുഗന്ധി. പെട്ടെന്ന് എവിടെന്നോ വെളിപാട് കിട്ടിയത് പോലെയാണ് അവൾ ചെവിയിൽ മൊഴിഞ്ഞത്
"പിന്നെ... ഇങ്ങനെ കിടന്നാൽ മതിയോ.. നിങ്ങടെ പുന്നാരയമ്മച്ചിയെ കാണാൻ പോകുന്നില്ലേ.. "
"സിറ്റിയിൽ പോണേങ്കില് ബീച്ചിലും കൂടി പോകാം..പപ്പാ." ശ്രാവണിന്റെ നിർബന്ധത്തിന് സനയും സോനയും ഒപ്പം കൂടി .
സത്യത്തിൽ അമ്മേടെ കാര്യം ഓർത്തത് പോലുമില്ല. തിരുവോണമായിട്ട്.... വല്ലാത്ത കുറ്റബോധവും ജാള്യതയും മനസ്സിൽ തികട്ടാൻ തുടങ്ങി.
കഴിഞ്ഞ മൂന്നാല് കൊല്ലമായി അമ്മ നഗരത്തിലെ വൃദ്ധസദനത്തിലാണ് താമസം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അഛന്റെ മരണം. പിന്നെ അമ്മയായിരുന്നല്ലോ തന്നെ ഈ നിലയിലെത്തിച്ചത്. വിവാഹ ശേഷം അമ്മയും സുഗന്ധിയും തമ്മിൽ ചേരത്തില്ല. തന്റെ സ്നേഹം നഷ്ടപ്പെടുമോയെന്നുള്ള വേവലാതിയായിരുന്നു അമ്മക്കെപ്പോഴും .എന്തിനും ഏതിനും കുറ്റപ്പെടുത്തലും വഴക്കുമായപ്പോൾ അവളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അമ്മയെ സദനത്തിലേക്ക് മാറ്റുകയായിരുന്നു.
കടൽ തീരത്ത് നിന്ന് ശ്രാവണിനേയും സനയേയും തിരികെ കാറിൽ കയറ്റാൻ ഒത്തിരി പണിപ്പെടേണ്ടിവന്നു. പതഞ്ഞ് പൊന്തി വരുന്ന കടൽതിരയോടൊപ്പം എത്ര നേരം വേണമെങ്കിലും അവർ കളിച്ചു കൊള്ളും, തിരയ്ക്ക് തീരത്തിനെ മടുക്കാത്തത് പോലെ.പോപ്പ്കോണും ചോക്കോബാറും നുണഞ്ഞ് തിരികെ കാറിൽ കയറുമ്പോൾ അർക്കൻ കടലിനെ പ്രണയിക്കാൻ തുടങ്ങിയിരുന്നു.
തലയിൽ മങ്കി ക്യാപ് ധരിച്ച ഗേറ്റ് വാച്ചർ തുറന്ന് തന്ന ഇരുമ്പ് ഗേറ്റ് കടന്ന് കാർ മുന്നോട്ട് ഓടിച്ചു വലത് ഭാഗത്തെ പാർക്കിംഗ് ഷെഡിൽ തിരിച്ചിട്ടു. ബൊഗൈൻവില്ലയും ചെമ്പരത്തിയും നിറം ചാർത്തുന്ന ചെറിയൊരു ഉദ്യാനം വൃദ്ധസദനത്തിലെ ഇരുനില കെട്ടിടത്തിന്റെ മുറ്റത്തെ അലങ്കരിക്കുന്നു. ഉദ്യാനനടുവിലെ പച്ചച്ചായം തേച്ച ഇരുമ്പ് തൂണിന്റെ മുകളിലെ വെളുത്ത സ്ഫടികഗോളം നിലാവ് പോലെ തൂവെള്ളവെട്ടം പരിസരമാകെ പരത്തുന്നു.
പടവുകൾ കയറിയാൽ വിശാലമായ ഹാളിനകത്തേക്കാണ് പ്രവേശിക്കുന്നത്. ഹാളിന് നടുവിൽ വൃത്താകൃതിയിൽ ഒത്തിരി വലിപ്പമുള്ള അത്തപ്പൂക്കളം ഒരുക്കിയിരിക്കുന്നു. പൂക്കളത്തിന് സമീപത്തായി
ഒരാൾപൊക്കത്തിലുള്ള നിലവിളക്കിലെ തിരിനാളം ഇളം കാറ്റിനോട് കിന്നാരം ചൊല്ലി രസിക്കുന്നു.
ഹാളിന്റെ നാല് വശങ്ങളിലായി ഗ്രാനൈറ്റിൽ പണിത സോപാനത്തിലൊന്നിൽ അമ്മ ഞങ്ങളേയും കാത്തിരിക്കുന്നു.
നെറ്റിയിൽ ചന്ദനക്കുറിയും സെറ്റ് സാരിയുമുടുത്ത് അണിഞ്ഞൊരുങ്ങിയിരിക്കുന്ന അമ്മയുടെ കൈയിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവർ മുറുകെ പിടിച്ചിരിപ്പുണ്ടായിരുന്നു.
"അമ്മ..രാവിലെ മുതലേ കാത്തിരിക്കുകയാ... ഇവിടെത്തെ സദ്യക്കൊന്നും കൂടിയില്ല. മോൻ വന്ന് കൂട്ടികൊണ്ട് പോകുമെന്നും പറഞ്ഞ് വാശി പിടിച്ച് ഒറ്റയിരിപ്പായിരുന്നു .... "
മേട്രന്റെ വാക്കുകൾ വെടിയുണ്ട കണക്കെ തന്റെ നെഞ്ചിൻകൂട് തകർത്ത് തുളച്ച് കയറുന്നത് പോലെ. മൂടുപടം തീർത്ത കണ്ണുനീർ തുള്ളി ചാലിട്ടൊഴുകും മുമ്പ് കർച്ചീഫ് എടുത്ത് ഒപ്പി.
"സാരമില്ല .. മോനേ... നിന്റെ തിരക്കൊക്കെ എനിക്ക് മനസ്സിലാകും. എന്തായാലും നീ വന്നല്ലോ. ഇനി വൈകണ്ട ...മക്കളേയും കൂട്ടി പൊയ്ക്കോ.. കൂടുതൽ ഇരുട്ടിയാൽ വണ്ടിയോടിക്കാൻ നിനക്ക് പ്രയാസമാവില്ലേ... "
അമ്മയുടെ കൈയിൽ മുറുക്കിപ്പിടിച്ചിരുന്ന കവർ തന്റെ കൈയിലേക്ക് നീട്ടി അവർ ശ്രാവണിന്റെയും സനയുടേയും നേർക്ക് വാത്സല്യത്തിന്റെ കണ്ണയച്ചു. കുറച്ച് ചോക്കളേറ്റുകളായിരുന്നു കവറിനകത്ത് .അത് മുഴുവനും അലിഞ്ഞ് മിഠായികവറിനോട് ഒട്ടിചേർന്ന് കുഴകുഴായായിരിക്കുന്നു.
വിറകൈയാൽ അമ്മയെ മാറോട് ചേർത്ത് നിർത്തുമ്പോഴേക്കും ശ്രാവൺ ട്യൂബ് വെട്ടത്തിൽ തിളങ്ങുന്ന അത്തപ്പൂക്കളവും ചേർത്ത് സെൽഫിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
4 comments:
ഹൃദ്യവും മനോഹരവുമാണ്
ഓണനിലാവത്തെ സെൽഫി എന്ന അമീർകണ്ടലിൻറെ കഥ.
ആശംസകളോടെ
സന്തോഷം നാസർസർ...
ഹൃദയസ്പർശിയായ കഥ സാർ... സുഹൃത്തുക്കളേയും, സഹപ്രവർത്തകരേയുമൊക്കെ ഓണമൂ ട്ടാൻ മത്സരിക്കുന്നതിനിടയിൽ ജന്മം നൽകിയ മാതാപിതാക്കളെ മറന്നു പോകുന്ന മക്കൾക്കുള്ള ഓർമപ്പെടുത്തലായി 'ഓണനിലാവത്തെ സെൽഫി'. അഭിനന്ദനങ്ങൾ!!
പ്രചോദനം...
- അമീർകണ്ടൽ
Post a Comment