Views:
കുട്ടപ്പന്‍ തമ്പി സാറിനോടൊപ്പം |
അങ്ങനെയൊന്ന് ഓർത്തെടുക്കാൻ കഴിയുമെങ്കിൽ ഏന്താവും നിങ്ങൾ തിരഞ്ഞെടുക്കുക ? അറിയില്ല. പക്ഷേ ഒന്നുണ്ട്. അതിന് രുചി കൂട്ടിയ ചേരുവ സ്നേഹം തന്നെയാവും . ഞാൻ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ഓർത്തെടുക്കാനുള്ള ശ്രമമാണ് ഇവിടെ...
വർഷം 2017. പി എസ് സി യിൽ നിന്ന് ഒരു മെസേജ് വരുന്നു ഡിസംബർ 11 ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവണം എന്ന്.
അന്നൊക്കെ എനിക്കൊരു വട്ടുണ്ടായിരുന്നു. ഡയറിയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചിടുക . എന്നിട്ട് അതിനനുസരിച്ച് പ്ലാൻ ചെയ്യുക . പക്ഷേ ഇവിടെ ഒരു അബദ്ധം പറ്റി . പതിനൊന്നാം തീയതിയ്ക്ക് പകരം ഞാൻ പന്ത്രണ്ടാം തീയതിയിലാണ് പി എസ് സി വെരിഫിക്കേഷൻ എന്ന് കുറിച്ച് വച്ചത് . പതിനൊന്നാം തീയതി ഒരു തിങ്കളാഴ്ച്ചയായിരുന്നു . ഞാൻ പതിവുപോലെ രാവിലെ ജോലിയ്ക്ക് പുറപ്പെട്ടു .
പാതി വഴിയെത്തുമ്പോൾ ഒരു ഫോൺ വന്നു . സഖാവ് കുട്ടപ്പൻ തമ്പിയാണ് . എന്‍റെ അടുത്ത സുഹൃത്താണ് . അദ്ദേഹം ഇപ്പോൾ ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗമാണ് . MA യ്ക്ക് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു . കുട്ടപ്പ ൻ തമ്പി സാറിനും പി എസ് സി വെരിഫിക്കേഷനുണ്ട് .
''ഡേയ് ഇന്ന് വെരിഫിക്കേഷൻ ഇല്ലേ ''
ഇന്നല്ല എന്ന് ഞാൻ കുറേ തർക്കിച്ചു .കാരണം ഞാൻ എഴുതി വച്ചിരിക്കുന്നത് നാളത്തെ ഡേറ്റിലാണ് . മെസേജ് ഒന്നും കൂടെ നോക്കാൻ കുട്ടപ്പൻ തമ്പി സാര്‍ . ഞാൻ മെസേജ് പിന്നേം നോക്കി .
II-12-20l8 എന്ന് കണ്ടു .
എന്‍റെ നല്ല പ്രാണനങ്ങു പോയി .
സമയം 8 30 .
10 മണിക്ക് തിരുവനന്തപുരത്ത് എങ്ങനെയെത്തും .
''ടെൻഷനടിക്കണ്ട . നീയങ്ങ് വാ''
എന്ന് കുട്ടപ്പൻ തമ്പി സാര്‍
അന്നാണ് ജീവിതത്തിൽ ഏറ്റവും വേഗത്തിൽ ഞാൻ വണ്ടി ഓടിച്ചത് . കല്ലമ്പലത്ത് മാമന്‍റെ വീട്ടിൽ വണ്ടി കൊണ്ട് ഇട്ടിട്ട് ബസിനായി ഓടുകയായിരുന്നു . എങ്ങനെയൊക്കെയോ പത്തരയ്ക്ക് പി എസ്സ് സി ഓഫീസിൽ എത്തി . കുട്ടപ്പൻ അവിടെ ഉണ്ടായിരുന്നു . ഞങ്ങൾ വെരിഫിക്കേഷനിൽ പങ്കെടുത്തു . ഒന്നര മണിക്ക് പുറത്തിറങ്ങി .
''ഡേയ് വല്ലതും കഴിക്കണ്ടേ'' ഞാൻ ചോദിച്ചു
''വേണം . ഞാൻ ചോറ് കൊണ്ട് വന്നിട്ടുണ്ട്''
കുട്ടപ്പൻ പറഞ്ഞു .
ഷെയർ ചെയ്യാമെന്ന് പറഞ്ഞ് അയാൾ പൊതിയെടുത്തു . സാധാരണ ഒരാൾക്ക് തിന്നാൻ ഉള്ളതിൽ കൂടുതലുണ്ട് . ചോറും കറികളും .
''ഇതെന്തിനാ ഇത്രേം കൊണ്ടു വന്നത്'' ഞാൻ തിരക്കി .
''നീ ഇന്ന് ചോറ് എടുക്കാതേരിക്കും വരുന്നത് എന്ന് അറിയാം . നിനക്കൂടെ ഒള്ളത് ഇടാൻ അവളോട് പറഞ്ഞു''
സത്യത്തിൽ എന്‍റെ കണ്ണു നിറഞ്ഞു . ഞങ്ങൾ ഭക്ഷണം കഴിച്ചു .
വല്ലാത്ത രുചിയായിരുന്നു ആ ചോറിനും കിഴങ്ങിനും ചമ്മന്തിയ്ക്കും . ഞാൻ ജീവിതത്തിലിന്നേവരെ അറിഞ്ഞിട്ടില്ലാത്ത സ്വാദ് .
--- നെല്ലിമരച്ചോട്ടില്‍
1 comment:
കുട്ടപ്പൻ തമ്പി സാർ അങ്ങനെയാണ്. ഞങ്ങൾ കവലയൂർ GHSS ൽ ഒരുമിച്ചുണ്ടായിരുന്നു.
സ്നേഹ വിശ്വാസങ്ങളുടെ നിറകുടം
Post a Comment