Anu P Nair :: മായാമാളവ ഗൗളി !!

Views:

Image Credit :: https://images.all-free-download.com/images/graphiclarge/music_note_and_people_vector_550935.jpg

ഒരു വള്ളി കാരണം മലയാളത്തിന് നഷ്ടപ്പെട്ടത് മറ്റൊരു ഗാനഗന്ധർവ്വനെയാണ്. 

എളിമ കാരണം ആളാരാണെന്ന് ഞാൻ പറയുന്നില്ല . ങ്ഹും എന്താ വിശ്വാസം വരുന്നില്ലേ ?
ഞാൻ പാടും. അസലായി പാടും . സംശയമുണ്ടെങ്കിൽ Vl  F ലെ കുട്ടികളോട് ചോദിക്കൂ . എത്ര മനോഹരമായാണ്  ഞാൻ പാടിയത് .
''പ്രാണ സഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോക വീഥികളിൽ വേണുവൂതുമാട്ടിടയൻ''

(സദാചാരക്കാരാ നെറ്റി ചുളിക്കണ്ട . ഞാൻ പിള്ളേരെ വഴി തെറ്റിക്കാൻ പാടിയതല്ല. ആറാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റിലുണ്ട് . ഇനി ഒരിരുപത് കൊല്ലം കൂടി കഴിയുമ്പോ എന്റമ്മേടെ ജിമിക്കി കമ്മലും വരും. അന്ന് ഞാൻ അതും പാടും)
ഞാനങ്ങ് ഇഴുകി ചേർന്ന് പാടി . ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയിരുന്ന കുട്ടി വരെ എഴുന്നേറ്റ് കയ്യടിച്ചു .
ഇനീ മുതിർന്നവരുടെ വാക്കേ വിശ്വസിക്കു എങ്കിൽ എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന കൂട്ടുകാരോട് ചോദിക്ക് . സംഘ ഗാന മത്സരത്തിന് ഫസ്റ്റ് നേടിയ ടീമിന്റെ ക്യാപ്റ്റൻ ഞാനല്ലായിരുന്നോ എന്ന് . അന്ന് ടീമിൽ ആളു തികയാതെ വന്നപ്പോ ടീച്ചറുടെ നിർബന്ധം കൊണ്ട് നിന്നതാ . പിന്നെ എന്നെ ബഹുമാനം ഉള്ളോണ്ട് അവമ്മാരെന്നെ ടീം ക്യാപ്റ്റനാക്കി . എന്തായിരുന്നു എന്റെ പെർഫോർമൻസ്. ജഡ്ജസ് പറഞ്ഞു 'ആ ലീഡറ് പയ്യൻ നന്നായി ഇഴുകി ചേർന്ന് പാടി എന്ന് ' എന്റെ ശബ്ദം കേട്ടില്ല എന്ന് പറഞ്ഞു നടന്ന ടീം മേറ്റ് എന്റെ സ്ഥിരം ശത്രുവാന്ന് നിങ്ങൾ ഓർക്കണം . അവന് അസൂയയാന്നേ !

പക്ഷേ ശാസ്ത്രീയമായി പഠിച്ചില്ല . പഠിച്ചിരുന്നേൽ ഒരു പ്രൊഫഷണൽ സിംഗറായി ഞാനും ഇന്ന് ഏതേലും ടി വി ചാനലിൽ മാർക്ക് ഇടാൻ ഇരുന്നേനെ .

എല്ലാം തകർത്തത് ആ വള്ളിയാണ് . ങ്ഹും വിധി അല്ലാതെന്തു പറയാൻ . മലയാളത്തിന് മറ്റൊരു ഗന്ധർവ്വനെ നഷ്ടപ്പെട്ടു . എനിക്കെന്ത് നഷ്ടം ? നമ്മള് പിള്ളേരെ പഠിപ്പിച്ചിട്ടാണേലും  പിഴച്ചു പോകും . ബ്ലഡി മലയാളീസ് . നിനക്കൊന്നും യോഗമില്ല . അല്ലേൽ ഈ വള്ളീം പുള്ളീമൊക്കെ  നിന്റെയൊക്കെ കാരണവൻമാർ കണ്ടു പിടിക്കുമോ ?! അതിന്റെയൊക്കെ കാവൽക്കാരായി ചില സാറന്മാരെ പടച്ചു വിടുവോ.

പറഞ്ഞു വരുന്നത് എന്റെ മ്യൂസിക് ടീച്ചറെ കുറിച്ചാ . അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം . വെക്കേഷൻ വന്നു . അന്ന് ഇന്നത്തെപ്പോലെ അഞ്ചാം ക്ലാസ്സുകാരെ ഐ എ എസ് കോച്ചിങ്ങിന് വിടുന്ന ഏർപ്പാടില്ല . സംഗീതം നൃത്തം അങ്ങനെ എന്തിനേലും വിടും . ജനിച്ചപ്പോ തൊട്ട് സ്വരമാധുരി ഏറിയതിനാൽ ആ വെക്കേഷൻ തൊട്ട് മ്യൂസിക് പഠിക്കാൻ ഞാനങ്ങ് തീരുമാനിച്ചു . ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ.
സ.... രി.... ഗ... മ....
സിംഹം പാടി . ഞങ്ങൾ ഏറ്റു പാടി . ഇതിനിടക്ക് സിംഹം എന്തോ പേര് പറഞ്ഞു . സരിഗമയിൽ ലയിച്ചിരുന്നതിനാൽ ഞാനത് കേട്ടില്ല . ഞാൻ കേട്ടില്ല എന്ന് സിംഹത്തിന് ബോധ്യം വന്നു .

-'' എന്താ ഞാനിപ്പോ പറഞ്ഞത് ?'' എന്നെ ചൂണ്ടി ചോദിച്ചു . അടുത്തിരുന്ന കൂട്ടുകാരൻ ചെവിയിൽ പറഞ്ഞു തന്നു . സിംഹത്തെ തോൽപ്പിച്ച ഭാവത്തിൽ ഞാൻ തട്ടി വിട്ടു .
-'' മായ മാളവ ഗൗളി ''

സിംഹം മുരണ്ടു . '' കടക്ക് പുറത്ത് ''
അങ്ങനെ ഞാൻ ക്ലാസ്സിന് പുറത്ത് . ചതിച്ചതാ എന്നെ . ആ വള്ളി .

പിറ്റേന്ന് മുതൽ ഞാൻ ക്ലാസ്സിൽ പോയില്ല . ചെന്നാൽ എന്നെ ഗൗളി എന്ന് വിളിച്ച് കളിയാക്കാൻ നിക്കുവായിരുന്നു കൂട്ടുകാർ
--- നെല്ലിമരച്ചോട്ടില്‍



No comments: