Jagan :: എലിമട ഓപ്പറേഷൻ

Views:

Image Credit :: https://www.theweek.in/news/india/2019/09/26/kerala-govt-138-day-action-plan-maradu-flat-demolition.html

മരച്ചീനി എന്നും, കപ്പ എന്നും ഒക്കെ അറിയപ്പെടുന്ന കാർഷികവിള നശിപ്പിക്കാൻ എത്തുന്ന എലികളെ ഉൻമൂലനം ചെയ്യാൻ, എലിവിഷം വ്യാപകമാകുന്നതിന് മുൻപ് അവയെ കൊല്ലുന്ന ഒരുരീതി പണ്ട് നിലനിന്നിരുന്നു.

എലിമടയുടെ ഉള്ളിലേക്ക് പുക ഊതിക്കയറ്റി, ശ്വാസം മുട്ടിച്ച് കൊല്ലുകയോ, ശ്വാസം മുട്ടിച്ച് പുറത്തുചാടിച്ച്, അവയെ തല്ലിക്കൊല്ലുകയോ ചെയ്യുന്ന  പ്രാകൃതമായ രീതി........!

പല ദിശകളിലേക്ക് തുറന്നിരിക്കുന്ന എലിമടയുടെ എല്ലാ വാതിലുകളും കണ്ടു പിടിച്ച്, എല്ലാ വാതിലുകളിലും ചപ്പുചവറുകൾ കൂട്ടിയിട്ട്, തീ പിടിപ്പിച്ചാണ് എലിമടയിലേക്ക് പുക കയറ്റുന്നത്.........!!

മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഉടമകളെ ഒഴിപ്പിക്കാൻ വൈദ്യുതി ബന്ധം, ജലവിതരണ സംവിധാനം, പാചക വാതക കണക്ഷൻ മുതലായവ വിച്ഛേദിച്ച് അവരെ സമ്മർദ്ദത്തിലാക്കാനുള്ള അധികൃതരുടെ തീരുമാനം വായിച്ചപ്പോൾ ഈയുള്ളവന്‍റെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തിയത് ചെറുപ്പകാലത്ത് കണ്ടു ശീലിച്ച മേൽ പറഞ്ഞ "എലിമട ഓപ്പറേഷൻ" ആണ്.

എലിയെ ശ്വാസം മുട്ടിച്ചതു പോലെ, ഫ്ലാറ്റുടമകളെ സമ്മർദ്ദത്തിലാക്കി, പുറത്തുചാടിച്ചിട്ട്, ഫ്ലാറ്റ് തകർക്കുക. എലി മാളത്തിനുള്ളിൽ ചാകുന്നതു പോലെ, പല ഫ്ലാറ്റുടമകളും ഫ്ലാറ്റിനുള്ളിൽ ആത്മഹത്യ ചെയ്തു കൊള്ളും.
എന്തു പ്രാകൃതമായ രീതി...........?

ഈ വിഷയത്തിന്‍റെ വിശദാംശങ്ങൾ നാം ഈ പംക്തിയിലും, മറ്റ് പത്ര ദൃശ്യമാധ്യമങ്ങളിലും ചർച്ച ചെയ്തും, വായിച്ചും കേട്ടും, തഴക്കം വന്നതിനാൽ വീണ്ടും ഒരു വിശദീകരണത്തിനോ, ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും കക്ഷികളെ വിമർശിക്കുവാനോ, ന്യായീകരിക്കുവാനോ ഈയുള്ളവൻ മുതിരുന്നില്ല.

2006 മുതൽ തീരദേശ സംരക്ഷണ നിയമം അനുസരിച്ചുള്ള കേസ് നിലവിലുണ്ടായിരുന്നു എന്നും, ഫ്ളാറ്റ് ഉടമകൾ ആ വിവരം അറിഞ്ഞു കൊണ്ട് തന്നെ അല്ലേ ഈ ഫ്ലാറ്റുകൾ വാങ്ങി പുലിവാൽ പിടിച്ചത് എന്നും, അതു കൊണ്ട് അവർ യാതൊരു ദയവും, അനുകമ്പയും അർഹിക്കുന്നില്ലെന്നും, ഫ്ലാറ്റുകൾ ഇടിച്ച് പൊളിച്ചു കളയുക തന്നെ വേണം എന്നുള്ള വാദവും അംഗീകരിക്കുന്നു.
പക്ഷെ,
മറ്റു ചില സംശയങ്ങൾക്ക് ആര് തൃപ്തികരമായ മറുപടി തരും............?
  • 2006 ൽ അധികൃതർ നിർമ്മാണത്തിന് stop memo നൽകിയപ്പോൾ,
  • ബഹു. കേരള ഹൈക്കോടതി നൽകിയ നിയമാനുസൃതമായുള്ള ഉത്തരവനുസരിച്ചല്ലേ പ്രസ്തുത ഫ്ലാറ്റുകൾ നിർമ്മിച്ചത്........?
  • ഹൈക്കോടതിയുടെ ഉത്തരവുകൾ അനുസരിക്കാൻ പാടില്ലാത്തതാണോ........?
  • സംസ്ഥാനത്തെ എല്ലാ കോടതികളിലേയും നടപടികൾ പൂർത്തിയാക്കി, സുപ്രീംകോടതിയിലും കേസ് നടത്തി വിജയിച്ചതിന് ശേഷം മാത്രം ഒരു ഫ്ലാറ്റ് വാങ്ങുക എന്നത് നമ്മുടെ രാജ്യത്തെ ഇന്നത്തെ "കാലാവസ്ഥ"യ്ക്ക് ചേരുന്ന കാര്യമാണോ?  ഒരു പുരുഷായുസ്സു കൊണ്ട് തീരുന്ന യജ്ഞമാണോ അത്.......?
  • സുപ്രീം കോടതി, ഹൈക്കോടതി മുതലായ ഭരണഘടനാ സ്ഥാപനങ്ങൾ ഒഴികെ, സാധാരണ പൗരന്, ബന്ധപ്പെട്ട് അന്വേഷിക്കാനാവുന്ന ഓഫീസുകളിൽ അന്വേഷിച്ച്, നിയമ വിധേയമാണെന്നുറപ്പാക്കിയതിന് ശേഷം, ബന്ധപ്പെട്ട ഫീസുകളും, നികുതികളും അടച്ച്, രജിസ്റ്റർ ചെയ്ത് ഫ്ലാറ്റുകൾ സ്വന്തമാക്കി, ഇപ്പോഴും ബന്ധപ്പെട്ട നികുതികൾ നൽകിക്കൊണ്ടിരിക്കുന്ന ഫ്ളാറ്റുടമകളുടെ നേർക്ക് മേൽ പറഞ്ഞ "എലിമട ഓപ്പറേഷൻ" പ്രഖ്യാപിക്കുന്നത് ശരിയാണോ?
  • നിയമപരമായുള്ള പരിരക്ഷയ്ക്ക് അവർക്ക് അവകാശമില്ലേ...?
  • ഫ്ലാറ്റുടമകൾ ബിനാമികൾ ആണെന്നും, ഇവരിൽ പലർക്കും താമസിക്കുവാൻ മറ്റ് പല വീടുകളും ഉണ്ട് എന്നും, അതിനാൽ ഫ്ലാറ്റുകൾ ഇടിച്ചു നിരത്തുക തന്നെ വേണമെന്നും ഉളള ചിലരുടെ വാദം ശുദ്ധമായ അസൂയ തന്നെയല്ലേ.......?
  • 2006 ൽ മരട് പഞ്ചായത്തിലെ പ്രസ്തുത പ്രദേശത്തെ നിർമ്മാണം നിയമവിരുദ്ധമായിരുന്നെങ്കിൽ, 2019 ൽ മരട് മുനിസിപ്പാലിറ്റിയിൽ ഇതേ പ്രദേശത്തെ നിർമ്മാണം നിയമവിധേയമാണ് എന്നുള്ള വസ്തുത നാം മറക്കാമോ?
  • 2006 ലെ നിർമ്മിതികൾ നിയമ വിധേയമാക്കാൻ അവ 2019 ൽ പൊളിച്ചിട്ട്, നിർമ്മാണത്തിനുള്ള പുതിയ അപേക്ഷ വാങ്ങി,  'നിയമാനുസരണം' അനുവാദം നൽകി,  അതേ സ്ഥലത്ത് തത്തുല്യമോ, അതിലും വലിപ്പമുള്ളതോ ആയ ഫ്ലാറ്റ് നിർമ്മിച്ചാൽ, അത് തീരദേശ സംരക്ഷണ നിയമം അനുസരിച്ച് "നിയമവിധേയം " ആകുന്നത് എങ്ങിനെ എന്ന് ഈയുള്ളവന്‍റെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. അമിത ബുദ്ധിമാൻമാർ ഒന്ന് വിശദീകരിക്കാമോ...........?
(ഇതു തന്നെയല്ലേ പണ്ട് നാറാണത്തു ഭ്രാന്തൻ ചെയ്തിരുന്നതും?)
അതായത്, ആത്യന്തികമായി നമ്മുടെ ലക്ഷ്യം തീരദേശ സംരക്ഷണം ആണെങ്കിൽ,
  • '2006 മോഡൽ' ഫ്ലാറ്റ് പൊളിച്ചിട്ട് അതേ സ്ഥലത്ത് '2019 മോഡൽ'
  • ഫ്ലാറ്റ് പണി തീർത്താൽ അത് ''തീരദേശ സംരക്ഷണം" ആകുന്നതെങ്ങനെ......?
  • ഈ കെട്ടിട സമുച്ചയങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന ദേശീയ നഷ്ടം നികത്താനുള്ള ഉത്തരവാദിത്തം ആർക്കാണ്........?
  • തീരദേശ സംരക്ഷണത്തിനായി ഇവ പൊളിക്കുമ്പോൾ, അത് ഗുരുതരമായ പാരിസ്ഥിതികാഘാതം സൃഷ്ടിക്കില്ലേ..........?
  • അത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്‍റെ ലംഘനം ആകില്ലേ........?
  • ഇതു പോലുള്ള അവസരങ്ങളിലല്ലേ നീതിപീഠങ്ങൾ കണ്ണു തുറന്ന് പ്രവർത്തിക്കേണ്ടത്?
  • നിയമ പുസ്തകങ്ങളുടെ താളുകളിൽ അച്ചടിച്ചുവച്ചിട്ടുള്ള വരികൾ  വായിച്ച്,  "നിയമം" മാത്രം നടപ്പാക്കി എന്ന് വരുത്തിത്തീർക്കാതെ, ആ വരികൾക്കിടയിൽ   'ഒളിഞ്ഞു കിടക്കുന്ന  നിയമം' കൂടി മനക്കണ്ണിൽ വായിച്ച്, അവയെ ജനോപകാരപ്രദമായി വ്യാഖ്യാനിച്ച്, നിയമം നടപ്പാക്കുന്നതിനോടൊപ്പം, ജനങ്ങൾക്ക് "നീതി'' കൂടി ലഭ്യമാക്കാനുള്ള ആർജ്ജവം നീതി പീഠങ്ങൾക്ക് ഉണ്ടാകേണ്ടതല്ലേ.......?
  • ഇല്ലെങ്കിൽ പിന്നെ ആരിൽ നിന്നാണ് സാധാരണ ജനങ്ങൾ ആ നീതി പ്രതീക്ഷിക്കേണ്ടത്.......?
സ്റ്റോപ്പ് പ്രസ്സ്:

കേരളത്തിലുടനീളം ഇത്തരത്തിൽ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പണികഴിപ്പിച്ചിട്ടുള്ള 65 കെട്ടിട സമുച്ചയങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങളിൽ കണ്ടു. (യഥാർത്ഥ കണക്ക് അതിലും എത്രയോ വലുതാണ്.........?!) 
  • അതിൽ അധികവും, മാറി മാറി വരുന്ന സർക്കാരുകളെ താങ്ങി നിർത്തുന്ന വമ്പൻമാരുടേതും..........! 
  • അവയും നമുക്ക് പൊളിച്ച് മാറ്റേണ്ടതല്ലേ......?
  • അതിന്, ആരെങ്കിലും പരാതിയുമായി കോടതിയിൽ വരേണ്ടതുണ്ടോ?
  • കോടതിയ്ക്ക് സ്വമേധയാ കേസ് എടുത്ത് ഉത്തരവിടാൻ ഒരു വകുപ്പുണ്ടല്ലോ?
  • അതെടുത്തങ്ങ് പെരുമാറാവുന്നതല്ലേ ഉള്ളൂ..........?



No comments: