Views:
Image Credit :: https://www.keralakaumudi.com/en/news/news.php?id=161307&u=sc-asks-to-demolish-all-maradu-flats-within-138-days
മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി.
ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.
- ഓരോ ഫ്ളാറ്റുടമയ്ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം സർക്കാർ നൽകുക,
- ഫ്ളാറ്റുകൾ പൊളിക്കാനും, ഉടമകൾക്ക് അർഹമായ ബാക്കി നഷ്ടപരിഹാരത്തുക നിർണ്ണയിക്കുവാനും, അത് ആരിൽ നിന്നൊക്കെ ആണ് ഈടാക്കിയെടുക്കേണ്ടതെന്ന് നിശ്ചയിക്കുവാനും ഒക്കെ ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുക,
- ബിൽഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക,
- കണ്ടു കെട്ടുന്ന സ്വത്തുക്കളിൽ നിന്നും, സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്ന പ്രാഥമിക നഷ്ടപരിഹാരത്തുകയും, ഭാവിയിൽ നൽകേണ്ടി വരുന്ന നഷ്ട പരിഹാരത്തുകയും ഈടാക്കുക,
- കൂടിയൊഴിപ്പിക്കപ്പെടുന്ന ഫ്ലാറ്റുടമകൾക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തുക
നിയമം നടപ്പാക്കുന്നതോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കക്ഷികളിൽ, നീതി ലഭിക്കേണ്ടവർക്ക് നീതിയും, ശിക്ഷ ലഭിക്കേണ്ടവർക്ക് ശിക്ഷയും ലഭിച്ചെന്ന് സാമാന്യ ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു. അത് അനിവാര്യവുമായിരുന്നു.
ജനങ്ങളിൽ നിന്നും നഷ്ടപ്പെടുമായിരുന്ന നീതിപീഠത്തോടുള്ള വിശ്വാസവും, ബഹുമാനവും വീണ്ടെടുത്തെന്ന് നമുക്ക് ആശ്വസിക്കാം......!ബഹു. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ, ദിവസങ്ങൾക്ക് മുൻപ് പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എത്ര ഭംഗി ആയിരുന്നേനെ എന്ന് ആശിച്ചു പോകുന്നു.
- പൊളിക്കപ്പെടുന്ന ഫ്ലാറ്റുകളുടെ ഉടമകളുടെയും, അവിടെ താമസിക്കുന്ന വന്ദ്യവയോധികർ ഉൾപ്പെടെ ഉള്ള ബന്ധുമിത്രാദികളുടെയും, ആശങ്കയും, വിലാപവും, തേങ്ങലുകളും ഒഴിവാക്കാമായിരുന്നു.
- പത്ര ദൃശ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ, ചാനൽ ചർച്ചകൾ ഒക്കെ ഒഴിവാക്കാമായിരുന്നു.
ഫ്ലാറ്റ് / വില്ല നിർമ്മാണ 'വ്യവസായത്തിൽ 'നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു പരിധിവരെ ഈ നിർദ്ദേശങ്ങൾ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
തീരദേശ സംരക്ഷണ നിയമത്തിലെ രണ്ട് വൈരുദ്ധ്യങ്ങൾ കൂടി ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.
മുൻപ് നാം ഈ പംക്തിയിൽ ചർച്ച ചെയ്തിട്ടുള്ളതുപോലെ,
- 2006 ലെ നിയമം അനുസരിച്ചുള്ള കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയിട്ട്, ബിൽഡർമാർ അതേ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് അനുമതിക്കായി ഇതേ മരട് മുനിസിപ്പാലിറ്റിയിൽ നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ, 2019 ൽ നിലവിലുള്ള നിയമം അനുസരിച്ച് ഇതിലും വലിയ കെട്ടിട സമുച്ചയങ്ങൾക്ക് നിർമ്മാണാനുമതി ലഭിക്കും. ഈ വൈരുദ്ധ്യം തിരുത്തപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വരും.
- കേരളത്തിലുടനീളം സമാനമായ തരത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ഉത്തരവുണ്ടാകേണ്ടതാണ്. അതിന്, ഓരോ കെട്ടിടവുമായി ബന്ധപ്പെട്ട വ്യവഹാരവുമായി, ആരെങ്കിലും കോടതിയിൽ എത്താൻ കാത്തിരിക്കാതെ, കോടതിക്ക് സ്വമേധയാ കേസെടുത്ത് തീരുമാനം എടുക്കാവുന്നതല്ലേ ഉള്ളൂ.
പത്രങ്ങളും ചാനലുകളും ഫീച്ചറുകളിലൂടെയും, ചർച്ചകളിലൂടെയും ഉയർത്തുന്ന ആവശ്യങ്ങൾ, ഭാവിയിൽ അധികൃതർ അംഗീകരിച്ച് നടപ്പാക്കുമ്പോൾ "..........ഇഫക്ട്" എന്ന് പേരിട്ട് , അവർ ആവശ്യപ്പെട്ടതിനാൽ അധികൃതർ നടപ്പാക്കി എന്ന അവകാശവാദം ചില പത്രങ്ങളും ചാനലുകളും അഭിമാന പുർവ്വം ഉന്നയിക്കാറുണ്ട്.
ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിർദ്ദേശങ്ങൾ എല്ലാം തന്നെ ഈയുളളവൻ ഈ പംക്തിയിലൂടെ ആവർത്തിച്ച് ,ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പരമോന്നത കോടതിയെ പ്രശംസിക്കുകയല്ലാതെ, "പ്രതിദിന ചിന്തകൾ ഇഫക്ട്" എന്നോ, "മലയാള മാസിക ഇഫക്ട്" എന്നോ വിശേഷിപ്പിക്കാനുള്ള അഹങ്കാരമൊന്നും ഈയുള്ളവനോ മലയാളമാസികയ്ക്കോ ഇല്ല.
No comments:
Post a Comment