Views:
Image Credit : https://www.livemint.com/politics/news/there-could-be-some-announcement-by-donald-trump-at-howdy-modi-event-1568886413917.html
അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്ത പരിപാടിയിൽ അമേരിക്കൻ ജനാധിപത്യ ഭരണകൂട സംവിധാനത്തിന്‍റെ വിവിധ തലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനനേതാക്കളായ കോൺഗ്രസ്സ് അംഗങ്ങൾ, സെനറ്റംഗങ്ങൾ, ന്യായാധിപന്മാർ, വ്യവസായ പ്രമുഖർ, തുടങ്ങിയവരുടെ വലിയ ഒരു സാന്നിദ്ധ്യം ഉണ്ടാകുമെന്നതിനും വാർത്താ സൂചനകൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിൽ രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളിൽനിന്ന് ജനാധിപത്യപോരാട്ടം നടത്തുമ്പോഴും ഭാരതത്തോട് ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടാകൂന്നത് അമേരിക്കയുടെ ആഗോളതാത്പര്യങ്ങൾക്ക് അനിവാര്യമാണെന്നത് അവർക്ക് പൊതുവെ ബോദ്ധ്യപ്പെട്ടുവെന്നതാണ് അതിൽ നിന്ന് വായിച്ചെടുക്കേണ്ടത്. ഏഷ്യാ പസിഫിക് മേഖലയിൽ രണ്ടു നിർണ്ണായക ജനാധിപത്യ ശക്തികളെന്ന നിലയിൽ ഭാരതവും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ഒന്നിച്ചു നിൽക്കുന്നതാകണം ഗുണകരമെന്ന കാര്യത്തിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള റിപ്പബ്ളിക്കൻ-ഡെമോക്രാറ്റിക് പൊതുധാരണ (ബൈപാർട്ടിസൻ കോൺസെൻസസ്) ആണ് അവിടെ വെളിപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാഷ്ട്രമായ അമേരിക്കയും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജനാധിപത്യ രാഷ്ട്രമായ ഭാരതവും ഒന്നിച്ചു നിൽക്കുന്നത് ലോകത്തിനാകെ ഗുണം ചെയ്യുമെന്നതിൽ സംശയത്തിനു കാര്യവുമില്ല.
- കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുവാനും
- ആണവയുദ്ധങ്ങൾക്കുള്ള സാദ്ധ്യതകൾക്കറുതി വരുത്തുവാനും
- ആണവ ആയുധക്കോപ്പുകളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് ലോകസമാധാനത്തിന് വഴി ഒരുക്കുവാനും
- ആഗോള വളർച്ച, സാമ്പത്തിക വികസന സാദ്ധ്യത, ശാസ്ത്ര സാങ്കേതിക മേഖലകളുടെ വളർച്ച, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുവാനും
- ഭീകരവാദത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാനും
ഇനി ഒരു പക്ഷെ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോകഹിതത്തിലല്ല, അമേരിക്കൻ താത്പര്ത്തിലാണവരുടെ കണ്ണ് എന്ന വാദത്തിന്‍റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ പോലും സ്വന്തം കക്ഷിതാത്പര്യങ്ങൾ മാറ്റിവെച്ച് അവരുടെ രാഷ്ട്രത്തിന്‍റെ ഹിതം ഭാരതത്തോട് ഊഷ്മള ബന്ധം ഉണ്ടാകുന്നതിലാണെന്ന് തിരിച്ചറിഞ്ഞ്, ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവിടെയെത്തുമ്പോൾ അവർ ഒന്നിച്ച് സ്വീകരിക്കാൻ അണി നിരക്കുന്നത് ഉദാത്തമായ ജനാധിപത്യ രീതിയെയല്ലേ പ്രകടമാക്കുന്നത്.
പക്വതയെത്തിയ ആ ജനാധിപത്യ സമീപനം സ്വന്തമാക്കുന്നതിന് ഇനി എത്ര കാലം കാത്തിരിക്കണമെന്നതാണ് ഭാരതീയ ജനാധിപത്യം നേരിടുന്ന പ്രശ്നം.രാഷ്ട്രത്തിന്‍റെ പൊതുലക്ഷ്യങ്ങളോടും പൊതു താത്പര്യങ്ങളോടും പ്രതിബദ്ധതയുള്ളരാണ് വിവിധ പാർട്ടികളെ നയിക്കുന്നവരെങ്കിൽ അങ്ങനെയുള്ള സകാരാത്മക സമീപനം പ്രതീക്ഷിക്കാം. അതല്ലാ, ഭാരതവും അമേരിക്കയും സഹകരണം വർദ്ധിച്ചാൽ പാക്കിസ്ഥാനേയും ചൈനയെയും അതെങ്ങനെ ബാധിക്കുമെന്നതിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഏതെങ്കിലും പാർട്ടിയെ നയിക്കുന്നവരെങ്കിൽ അവരിൽ നിന്ന് സകാരാത്മക സമീപനം ഉണ്ടാകില്ലെന്നതുറപ്പാണ്.
പ്രധാനമന്ത്രിയെന്ന നിലയിൽ ഇക്കാര്യത്തിൽ നരേന്ദ്രമോദിയെന്ന രാഷ്ട്രീയ നേതാവിന് ലഭിക്കാനിടയുള്ള രാഷ്ട്രത്തിനുള്ളിലെ സ്വീകാര്യതയിലെ വർദ്ധനവിനെ ഭയക്കുന്നവരിൽ നിന്നും ഉണ്ടാകുന്ന സമീപനവും പക്വതയുള്ളതാകാനിടയില്ല.
അവിടെയാണ് ഗാന്ധി-വധേര കോൺഗ്രസ്സിന്‍റെ തലപ്പത്തിരിക്കുന്ന രാഹുലും പ്രിയങ്കയും ഈ സന്ദർഭത്തിൽ വില കുറഞ്ഞ പരാമർശങ്ങളുമായി പൊതുസമൂഹത്തിനു മുമ്പിൽ പരിഹാസ്യരാകും വിധം ഒരുങ്ങിയിറങ്ങിയത്. ഇക്കാര്യത്തിലേതായാലും ഡോ ശശി തരൂർ നടത്തിയ പ്രതികരണം അവരെ നേർവഴി കാട്ടിയാൽ മതിയായിരുന്നു. 'ഇൻഡ്യയുടെ പ്രധാനമന്ത്രിയായിട്ടാണ് നരേന്ദ്ര മോദി പോകുന്നതെന്നും 'എന്‍റെ' രാജ്യത്തിന്‍റെ പതാകയേന്തിയാണ് മോദി പോകുന്നതെന്നും 'എന്‍റെ' രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് അർഹിക്കുന്ന അംഗീകാരവും സ്വീകരണവും ലഭിക്കണമെന്നും തരൂർ പറഞ്ഞപ്പോൾ ഇതിലും കക്ഷിരാഷ്ട്രീയ താത്പര്യം നോക്കി അഭിപ്രായം പറയുന്നവരെ തിരുത്തുവാനായിരിക്കും ശ്രമിച്ചതെന്നത് പ്രതീക്ഷയ്ക്ക് വഴി നൽകുന്നു.
തൊട്ടു പിന്നാലെ തന്നെ ബാലക്കോട്ട് സൈനികനടപടിയുടെ കാര്യത്തിൽ തെളിവു ചോദിച്ചുകൊണ്ട് തരൂർ തന്നെ ഇംമ്രാൻ ഖാനെ ഐക്യരാഷ്ട്ര പൊതു സഭയിൽ പ്രസംഗിക്കുവാൻ പോകുമ്പോൾ സഹായിക്കാനിറങ്ങുന്നതു കാണുവാനുള്ള ഗതികേട് ഭാരതത്തിന്‍റെ ദൗർഭാഗ്യമായി നിലനിൽക്കുന്നൂ എന്നത് മറ്റൊരു കാര്യം! ഏതായാലും രാഹുലിനെയും പ്രിയങ്കയിലും തിരുത്താൻ തരൂർ നടത്തിയ ശ്രമം അവഗണിക്കുവാനാകില്ല.
ലോകത്തിനു മുമ്പിൽ ഭാരതം അർഹിക്കുന്ന അംഗീകാരം നേടുന്ന കാര്യത്തിൽ വളരെയേറെ മുന്നോട്ടു പോകുന്ന ഒരുഘട്ടത്തിലൂടെയാണ് വർത്തമാന കാലഘട്ടം കടന്നു പോകുന്നത്. രാജ്യത്തിനുള്ളിലുള്ള തർക്കങ്ങൾക്ക് തടയിടണമെന്നാരും പറയില്ല. പക്ഷേ അതിർത്തിക്കപ്പുറം നാം ഒരു രാജ്യമായി ഒരു ജനതയായി വേണം പ്രത്യക്ഷപ്പെടുന്നത്. അന്തരാഷ്ട്ര വേദികളിൽ പ്രധാനമന്ത്രിയോ ഭാരതത്തെ പ്രതിനിധീകരിച്ച് ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരോ എത്തുമ്പോൾ രാജ്യത്തിനുള്ളിൽ നിന്ന് വിമതശബ്ദം ഉയർത്തി കളം തകർക്കരുത്.
ഈ യാത്രയിൽ തന്നെ ഇരുപത്തിയൊന്നാം തീയതി പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭ സസംഘടിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കർമ്മ പദ്ധതി സംബന്ധിച്ചുള്ള ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കും. ഐക്യരാഷ്ട്ര സഭാ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗട്ട്റസ്സ് ആതിഥേയത്വം വഹിക്കുന്ന ആ സമ്മേളനത്തിന്‍റെ ലക്ഷ്യം പാരീസ് അജണ്ടയുടെ നിർവ്വഹണത്തിന്‍റെ ഗതിവേഗം കൂട്ടുകയാണ്. അക്കാര്യത്തിൽ ഡൊണാൾഡ് ട്രംപിൽ നിന്ന് വ്യത്യസ്ഥമായ നിലപാടെടുത്ത് ശ്രദ്ധേയനായ നരേന്ദ്രമോദിയുടെ സ്വീകാര്യത ലോകത്തു വർദ്ധിക്കുന്നതിൽ ഭാരതം അഭിമാനിക്കണം.
തൊട്ടടുത്ത ദിവസം ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് എക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്‍റെ ചേംബറിൽ മഹാത്മജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷമാണ്. ആധുനിക ലോകത്ത് ഗാന്ധിജിയുടെ പ്രസക്തിയാണവിടെ ചർച്ച ചെയ്യപ്പെടുക. അതിലൂടെ പുതിയലോക ക്രമത്തിന് രൂപം നൽകുമ്പോൾ ഭാരതീയ വീക്ഷണത്തിന്‍റെ ദർശന തലത്തിലേക്ക് മാനവസമൂഹത്തെയാകെ ഉയർത്തുവാനുള്ള ഉദ്യമത്തിനാണ് മോദി ഭരണകൂടം ഭാരതത്തിന്‍റെ ആഗോള സ്വാധീനത്തെ ഉപയോഗിക്കുന്നത്. അക്കാര്യത്തിലെ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് പുറത്തിറങ്ങി പ്രധാനമന്ത്രിയുഉടെ കരങ്ങൾക്ക് ശക്തി നൽകുകയല്ലേ ഓരോ ഭാരതീയത്തിന്‍റെയും ചുമതല?
അതിനടുത്ത ദിവസം ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രധാനമന്ത്രിക്ക് 2019 ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാര്‍ഡ് നൽകുകയാണ്.
പാരിസ്ഥിതികവും ശുചിത്വസംബന്ധവുമായുള്ള പ്രശ്നങ്ങളെ നേരിടുന്നതിന് ലോകത്തിന് വഴികാട്ടിയാകുന്ന തലത്തിലേക്ക് ഇൻഡ്യൻ പ്രധാനമന്ത്രി ഉയരുന്നത് ഭാരതം ഒന്നായി നിന്ന് അഭിമാനിക്കുവാനുള്ള അവസരമല്ലേ?പ്രധാനമന്ത്രി ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭയിലാണെങ്കിൽ രണ്ടു ദൗത്യമാണ് നിർവ്വഹിക്കുവാൻ പോകുന്നത്.
- പുതുലോകസൃഷ്ടിയിൽ ഭാരതത്തിന്‍റെ വീക്ഷണം സ്പഷ്ടമാക്കണം.
- ഭാരതവിരുദ്ധ ശ്രമങ്ങളുമായി നിരന്തരം അവിടെയെത്തുന്ന പാക്കിസ്ഥാനെ നിലയ്ക്കു നിർത്തണം.
വലിയ ദൗത്യങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്ന് പ്രധാനമന്ത്രി ചന്ദ്രയാൻ ദൗത്യ സന്ദർഭത്തിൽ സംവദിച്ച വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.
- വലിയ ദൗത്യത്തെ ചെറിയ ചെറിയ ഘടകങ്ങളായി തിരിച്ച് ഓരോരുത്തർക്കും കഴിവനുസരിച്ച് ഏൽപ്പിക്കണം.
- ഓരോരുത്തരും അവരവരെ ഏൽപ്പിച്ച ജോലി ചെയ്തു തീർക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ കൂട്ടിയോജിപ്പിച്ചു പോകണം.
- കോട്ടങ്ങളെ അവഗണിച്ചു കൊള്ളുക.
- ചെറിയ നേട്ടങ്ങൾ കൂട്ടിയോജിപ്പിക്കുമ്പോൾ വലിയ നേട്ടങ്ങൾ വഴിയെ പ്രകടമാകും.
- ദേശീയതലത്തിലും അന്തർദേശീയതലത്തിലും പുതിയ ഉയരങ്ങളിലേക്ക് ഓടിക്കയറുവാനുള്ള ഭാരതത്തിന്‍റെ ലക്ഷ്യവും ഇതേ വഴിയിലൂടെ തന്നെ സാദ്ധ്യമാകും.
ഒന്നിച്ചു വന്നാൽ അവരെയും കൂട്ടി. വേറിട്ടു പോയാൽ അവരില്ലാതെയും. ലക്ഷ്യം നേടും, തർക്കം വേണ്ട.
No comments:
Post a Comment