Mehboob Khan (Mehfil) :: കാത്തിരിപ്പ്....

Views:


ഇന്ന് തിരുവോണമല്ലേ
എന്നത്തേയും പോലെ ഇങ്ങനെ കിടന്നാൽ ശരിയാവില്ല.
ഉണ്ണി വരുന്ന ദിവസാ..
നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളൂ.
എന്നാലും
ഇപ്പോൾ തന്നെ ഒന്നൊന്നായ്
ചെയ്തു തുടങ്ങിയാലേ
അവനിങ്ങെത്തുമ്പോഴേക്കും
ഒക്കെയും ഉണ്ടാക്കി കഴിയുള്ളു.

കുറച്ച് സമയം
കിടക്കയിൽ എഴുന്നേറ്റ് കണ്ണടച്ചിരുന്നു.
കൈകൂപ്പി നന്നായി പ്രാർത്ഥിച്ചു.
എല്ലാം ഭഗവാനെ ഏല്പിച്ചു.
പിന്നെ
മുടിയും വലിച്ചു വാരിച്ചുറ്റി
മുറ്റത്തേക്കിറങ്ങി.

ദിവസങ്ങളായി മുറ്റം അടിച്ചുവാരിയിട്ട്.
നശിച്ച തണ്ടല് വേദന കാരണം ഒരു പണിയും  നേരാംവണ്ണം ചെയ്യാൻ പറ്റുന്നില്ലല്ലോ ഭഗവാനെ.
വീണ്ടും അവനോട് തന്നെ പായാരം പറയാൻ തുടങ്ങി.

സാരമില്ല.
കുറച്ചീസം കൂടിയല്ലേ
ഉണ്ണീടെ കല്യാണമൊന്ന് കഴിഞ്ഞാൽ
ഒരു കൈസഹായത്തിന്  ആളാവുമല്ലോ.

എത്രയും വേഗം ഒരു കല്യാണം കഴിക്കണമെന്നു ഇത്തവണ വരുമ്പോൾ അവനോടു പറയണം.
കല്യാണം കഴിപ്പിച്ചിട്ടേ വിടൂന്നങ്ങട്
ഞാൻ തീരുമാനിച്ചാൽ പോരെ.
അവൻ സമ്മതിക്കും.
അല്ല പിന്നെ...

ഏറെ ദൂരെയൊന്നും ജോലിക്ക് പോവണ്ടാന്ന് എത്ര നാളായി പറയുന്നതാ,
അവൻ കേൾക്കണ്ടേ ..?
നല്ല ശമ്പളമുള്ള ജോലിയാണത്രെ.
അതുകൊണ്ടാണ് അത് കളഞ്ഞു വരാൻ ഉണ്ണി മടിക്കുന്നത്.

അമ്മ തനിച്ചാണല്ലോ എന്നോർത്തു അവനും സങ്കടപ്പെടുന്നുണ്ടാവും.
ഓർമ്മവച്ച നാൾ മുതൽ അവന് ഞാൻ  മാത്രല്ലേ ഉണ്ടായുള്ളൂ.
പാവം ന്‍റ് കുട്ടിക്ക് അച്ഛനെ കാണാനുള്ള ഭാഗ്യമുണ്ടായില്ല്യാലോ.
അവന്‍റെ മുഖമൊന്നു കാണുന്നതിനുമുൻപേ
അദ്ദേഹത്തെ അങ്ങ് തിരിച്ചുവിളിച്ചില്ലേ.
അന്നുതൊട്ടിന്നുവരെ അമ്മയ്ക്കുണ്ണിയും ഉണ്ണിക്ക് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മുറ്റം നിറയെ ചെറുപുല്ലുകൾ
വളർന്നു തിങ്ങിയിരുന്നു.
എങ്കിലും അടിച്ചു വൃത്തിയാക്കിയപ്പോൾ മുറ്റം കാണാനൊരു ചന്തമുള്ളതായി തോന്നി.

ഇനി ഒരു പൂക്കളം ഇടണം.
അവനത് നിർബന്ധാണ്.
വരുമ്പോൾ തന്നെ പൂക്കളം കണ്ടില്ലാച്ചാൽ  അതുമതി അന്നേദിവസം മുഴുവനും
എന്റെ കുട്ടിക്ക് പിണങ്ങാൻ.

ഒരു ചേമ്പില പൊട്ടിച്ച് തൊടിയിലേക്കിറങ്ങി.
ഒരു പൂവുപോലും ഇല്ല്യാലോ ന്‍ ദേവ്യേ..
കുറച്ച് നടന്നുപോയി
അവിടിവിടെയായി നിന്ന ഒന്നോ രണ്ടോ തുമ്പപ്പൂവ്,
കുറച്ചു വാടാർ മുല്ലയും മല്ലിപ്പൂവും പിന്നെ കൈയിൽ കിട്ടിയ ഇലകളും പറിച്ചെടുത്തു.

അറിയോ..നിങ്ങൾക്ക് ?
പണ്ട്
കറികൾക്ക് അവൻ എണ്ണം പറഞ്ഞിരുന്നതേ പൂക്കളത്തിന്‍റെ വട്ടത്തിന് അനുസരിച്ചായിരുന്നു .
ഓരോ പൂവട്ടത്തിനും ഓരോ കറി.

പൂക്കളമൊരുക്കുമ്പോളെ ഞാൻ വിളിച്ചു പറയും.
എന്‍റെ ഉണ്ണിയേ ഒരുപാട് വട്ടങ്ങൾ വേണ്ടാട്ടോ
ഇതൊക്കെയും  തനിച്ചുണ്ടാക്കിയെടുക്കാൻ അമ്മയ്ക്കിത്തിരി പാടാണ്ന്ന്.

വർഷത്തിൽ ഒരിക്കലല്ലേ ഉള്ളു അമ്മേ ഇതൊക്കെ.
ഇന്നുകഴിഞ്ഞാൽ പിന്നെ
ഉണ്ണിക്കെന്നും തൈരും ചോറും മാത്രല്ലേന്ന് എന്‍റെ കുട്ടിയും പറയും.
ആ പറച്ചിൽ കേൾക്കുമ്പോൾ ന്‍റെ ചങ്കിനകത്തൊരു പൊകച്ചിലാ.
പറയുമ്പോൾ അവന്‍റെ ശബ്ദവും ഇടറിപ്പോകും. 
പിന്നെങ്ങനെയാ ഉണ്ടാക്കി കൊടുക്കാതിരിക്കുക ന്‍റെ കുട്ടിക്ക്
നിങ്ങള് തന്നെ പറയ്.

പൂക്കളമൊരുക്കാൻ
ഒരു കുട്ടീനെ പോലും കിട്ടീല.
പൂ പറിക്കാൻ ഇത്തിരി നടന്നതിന്‍റേം മുറ്റവും വീടുമൊക്കെ അടിച്ചു വാരിയതിന്‍റെയുമാവും
തണ്ടല് ശെരിക്കും വേദനിക്കാൻ തുടങ്ങി.
എന്നിട്ടും അതൊന്നും കാര്യമാക്കിയില്ല.

ഉണ്ണി ഉണ്ടാക്കും പോലെ ഒത്തിരി വട്ടങ്ങളൊന്നും വച്ചില്ല.
പൂക്കളും കുറവായിരുന്നല്ലോ.
ഇലകളും കൂടി വെച്ചപ്പോൾ അഞ്ചു വട്ടമുള്ള അത്തക്കളമായി.
അപ്പോൾ
സദ്യക്കിനി അഞ്ചു കറികൾ ഉണ്ടാക്കണം ല്ലേ...
അമ്മയിപ്പോഴും ഇതൊക്കെ ഓർത്തിരിക്കുന്നോ എന്ന് ഉണ്ണി അത്ഭുതം കൊള്ളുന്നത് നിങ്ങള് കണ്ടോളു.

ശഠപടെന്ന് സദ്യ ഒരുക്കണം.
അഞ്ചു കൂട്ടം കറികളും പായസവും പപ്പടവും ഉച്ചയാവുമ്പോളേക്കും  തയ്യാറാക്കണം.
അതിന് എന്ത് ചെയ്യുമെന്നാണ് ഇപ്പോഴെന്‍റെ ആധി.
അടുക്കളയിൽ ഒന്നും ഇല്ലാതായിട്ട് ദിവസങ്ങൾ കഴിഞ്ഞു .
അല്ലെങ്കിലും ആർക്ക് വേണ്ടിയാ വേവിക്കുന്നത്.
നാഴിയരിയിട്ടു കഞ്ഞി വച്ചാൽ കുടിച്ചാലായി താൻ.
എന്തെങ്കിലും കഴിക്കാനും തോന്നണ്ടേ.
പലതുമോർത്തുകൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നു.

തനിച്ചെന്നോ പടർന്നു തുടങ്ങിയ പയറുവള്ളിയിൽ നിന്നു
അഞ്ചോ ആറോ അച്ചിങ്ങ പറിച്ചെടുത്തു .
കാട്ടുപള്ളകൾക്കിടയിൽ കുരുങ്ങി നിൽപ്പുണ്ടായിരുന്ന കുറച്ചു ചീരത്തലപ്പുകളും പറിച്ചു.
പച്ചടിക്കുവേണ്ടി ഒരു മാങ്ങാ അപ്പുറത്തെ ശാരദേടെ അടുത്തൂന്നു വാങ്ങിച്ചു.
അടുക്കളയിൽ കുറച്ചു തൈരുള്ളത് കൊണ്ട് ഒരു പുളിശ്ശേരിയും ആവാം.
വടക്കുവശത്തെവിടെയോ കുറച്ച് ഇഞ്ചിവിത്തുകളെന്നോ കുഴിച്ചിട്ടിട്ടുണ്ടായിരുന്നു.
മണ്ണുമാന്തി നോക്കിയാൽ ഇഞ്ചിക്കറിക്കുള്ളത് അതീന്ന് കിട്ടും.
തൊടിയിൽ വീണു കിടന്നിരുന്ന കൊട്ടത്തേങ്ങയെടുത്ത്
ഒരുപിടി പയറുമിട്ട്
വറുത്തൊരു പായസവും വെക്കാം .
അമ്മേടെ ഉണ്ണിമോന് സന്തോഷമാവട്ടെ.

കാലുകൾക്ക് ചിറകുമുളച്ചതുപോലെയായിരുന്നു പിന്നീടങ്ങോട്ട്.
ഒരുപാട് നാളുകൾക്കു ശേഷമാണ് അടുക്കളയിൽ നേരാംവണ്ണം ഒന്നുകയറുന്നതു തന്നെ.
ഉച്ചയായപ്പോൾ ഒരു വിധത്തിൽ
ചോറും കറികളും പായസവും തയ്യാറായി.
ഇതാണ് ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറയുന്നത്.ല്ലേ....

എങ്കിലും സന്തോഷം തോന്നി.
ഇനിയൊന്നു കുളിച്ചു വരണം.
ഈറൻമാറി
പിഞ്ഞിത്തുടങ്ങിയതെങ്കിലും
പണ്ടെങ്ങോ ഉണ്ണി തന്നെ വാങ്ങി തന്ന
നീല കരയുള്ള മുണ്ടും നേര്യതും എടുത്തുടുത്തു.

അവനിപ്പൊഴിങ്ങെത്തും.
പൊടി പിടിച്ച നിലവിളക്ക് തുടച്ചു വൃത്തിയാക്കി.
എണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ചുവെച്ചു ..
തൊടിയിൽ ആകെയുണ്ടായിരുന്ന  പാളയന്തോടൻ വാഴയിൽ നിന്നും നീളൻ നാക്കില വെട്ടിയെടുത്ത്
നല്ലവണ്ണം തുടച്ചെടുത്തു.
കിഴക്കോട്ടു ഇലയിട്ട് ഉപ്പു വെച്ചു.
കറികൾ ഓരോന്നും വിളമ്പി വച്ചു.
അവസാനം തുമ്പപ്പൂ പോലുള്ള ചോറും നിരത്തിയിട്ടു.
ആവി പറക്കുന്ന ചോറിലേക്ക് പരിപ്പും നെയ്യും ചേർത്തൊഴിച്ചു.
മുറിയാകെ ഓർമ്മകളുടെ ഗന്ധം തങ്ങി നിന്നു.

എന്‍റെ ഉണ്ണി വിശന്നു വരുന്നുണ്ടാവും.
ഇറയത്തേക്കിറങ്ങുന്ന വാതിലിനരികെ പടിപ്പുരയിലേക്ക് നോക്കി കട്ടിളപ്പടിയിൽ ചേർന്നിരുന്നു.

കാഴ്ച വേച്ചുപോയ വൃദ്ധ നയനങ്ങളിൽ നനവ് തട്ടി നിന്നു.
ഒരിളം കാറ്റുവന്ന്
മുറ്റത്തെ പൂക്കളത്തെ ചെറുതായൊന്നുമ്മവച്ചു.
പിന്നാലെ ആഞ്ഞുവീശിയൊരു കാറ്റും മഴയുമായി പടികടന്നെത്തി.
എരിഞ്ഞു നിന്ന നിലവിളക്കിനു മുകളിൽ  ഭിത്തിയിലെ ചില്ലുകൂട്ടിനുള്ളിരുന്ന്
അമ്മയുടെ ഉണ്ണിമോന്‍റെ കണ്ണിൽ നോവിന്‍റെ കണ്ണുനീരത്തം നിറഞ്ഞു.....




3 comments:

Raji Chandrasekhar said...

സുന്ദരമായ കഥ
മിഴി ഈറനണിയിച്ച ആഖ്യാനം

Ruksana said...

നന്നായിട്ടുണ്ട്

Ruksana said...

നന്നായിട്ടുണ്ട്