Mehboob Khan (Mehfil) :: തുറിച്ചു നോട്ടങ്ങളുടെ രാഷ്ട്രീയം

Views:


ഒരു പെണ്ണ്
ഒറ്റക്കൊരു ലോകമാകുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ..?

അവൾക്കു ചുറ്റും
തുമ്പിയും ശലഭവും
പ്രാണൻ നിലനിർത്താൻ
പാറിപ്പറക്കുന്നത് കണ്ടിട്ടുണ്ടോ..?

പുഴയും മഴയും വറ്റിവരണ്ട ജീവതടങ്ങളും
നിലവിളിയൊച്ചകളായി
ശവഘോഷയാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ..?

ജീവൻ നിലനിർത്താൻ
മരണവായു  ശ്വസിക്കേണ്ടി വരുന്ന
കോടാനുകോടി ജീവജാലങ്ങളുടെ
ആത്മവിലാപം കേട്ടിട്ടുണ്ടോ..?

അക്രമങ്ങളനീതിയായ് ഫണം വിടർത്തി
ചുറ്റുമുലകിനെ വരിഞ്ഞിടുമ്പോൾ
ഒന്നും മിണ്ടാതെ
നാവുരിഞ്ഞു പോയവർക്കിടയിൽ
കോർത്തു പിടിക്കാതെ
കൈതളർന്നു പോയവർക്കിടയിൽ
ഒന്നായ് നടക്കാൻ മടിച്ച്
കാലുറഞ്ഞു പോയവർക്കിടയിൽ
വിപ്ലവത്തിന്‍റെ തുപ്പലിൽ
വിഷം തളിച്ച് പോയവർക്കിടയിൽ
നിന്നൊറ്റക്കെഴുന്നേറ്റു
നിൽക്കുന്നതൊരു പെണ്ണാണ്...

അവളുടെ തുറിച്ചുനോട്ടങ്ങളിൽ നിറയുന്നത്
നാം ചവിട്ടി നിൽക്കുന്ന മണ്ണാണ്..

അവളുടെ വാക്കുകളിൽ വിടരുന്നത്
വരും തലമുറക്ക് സ്വപ്നം
കാണാനുള്ള വിണ്ണാണ്..

ചെറു ചിരികൊണ്ടവൾ തണലൊരുക്കുകയും
കൂർത്ത നോട്ടം കൊണ്ട്
ചിലരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു.

നമ്മളറിയണം....
അങ്ങനെയാണൊരു പെണ്ണ്
ഒറ്റക്കൊരു ലോകമാവുന്നതെന്ന്...


ഗ്രേറ്റ എർമാൻ തൻബർഗ് 
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന 16 വയസ്സുമാത്രമുള്ള ഒരു സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ്. 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറ് കെട്ടിടത്തിന് പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്കൂൾ പണിമുടക്ക് ആരംഭിച്ചു. 



No comments: